Sorry, you need to enable JavaScript to visit this website.

മിസ്ഫറിന് ഉറ്റവരെ നഷ്ടപ്പെടുത്തിയത് പോലീസിൽ നൽകിയ പരാതി

നജ്‌റാൻ - സ്ഥിരം പ്രശ്‌നക്കാരനായ മയക്കുമരുന്ന് അടിമക്കെതിരെ താൻ പോലീസിൽ പരാതി നൽകിയതാണ് തന്റെ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചതെന്ന് സൗദി പൗരൻ മിസ്ഫർ അൽമുനിസ് പറഞ്ഞു. റോട്ടാന ചാനൽ പരിപാടിയിൽ പങ്കെടുത്താണ് മിസ്ഫർ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പോലീസിന്റെയും സുരക്ഷാ വകുപ്പുകളുടെയും ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ് തന്റെ ഭാര്യയുടെയും മകന്റെയും കൊലപാതകത്തിന് ഇടയാക്കിയത്. ഫലപ്രദമായ രീതിയിൽ സുരക്ഷാ വകുപ്പുകൾ ഇടപെട്ടിരുന്നെങ്കിൽ ഭാര്യയെയും മകനെയും തനിക്ക് നഷ്ടപ്പെടുമായിരുന്നില്ലെന്നും സൗദി പൗരൻ പറഞ്ഞു.
ദിവസങ്ങൾക്കു മുമ്പാണ് മയക്കുമരുന്ന് അടിമയായ സൗദി യുവാവ് അയൽവാസികളായ സൗദി വനിതയെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിരുന്നു. തന്റെ കുടുംബവും പ്രതിയുടെ കുടുംബവും നജ്‌റാനിൽ ഒരേ ഡിസ്ട്രിക്ടിലാണ് താമസിക്കുന്നതെന്ന് മിസ്ഫർ പറഞ്ഞു. തങ്ങളുടെ വീടിന് പിൻവശത്താണ് പ്രതിയുടെ കുടുംബവീട്. യുവാവ് സ്ഥിരം പ്രശ്‌നക്കാരനാണ്. കേസുകളിൽ പെട്ട് ഒന്നിലധികം തവണ യുവാവ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് മറ്റൊരാളെ പ്രതി കുത്തിപ്പരിക്കേൽപിച്ചിരുന്നു. മയക്കുമരുന്ന് കേസ് പ്രതിയായ യുവാവിനെ ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയായിരുന്നു. ഒരു വർഷം മുമ്പ് മറ്റു ചിലർക്കു നേരെയും യുവാവ് നിറയൊഴിച്ചിരുന്നു. 
ഇയാൾക്കെതിരെ താൻ നജ്‌റാൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം തനിക്കെതിരെ ഞാൻ പരാതി നൽകിയതായി പ്രതി മറ്റുള്ളവരോട് പറഞ്ഞിരുന്നു. തനിക്കെതിരെ എന്തിനാണ് പരാതി നൽകിയതെന്ന് ആരാഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി തന്നെ ഭീഷണിപ്പെടുത്തുന്നതിന്റെ വോയ്‌സ് ക്ലിപ്പിംഗ് താൻ പോലീസിന് കൈമാറിയിരുന്നു. തന്നോടും മക്കളോടും പ്രതി പ്രതികാരം ചെയ്യുന്നതിന് സാധ്യതയുണ്ടെന്ന് താൻ പോലീസിൽ പരാതിപ്പെട്ടു. ഇതിനു ശേഷം പലതവണ യുവാവ് തന്നെ ഭീഷണിപ്പെടുത്തി. മൂന്നു തവണ യുവാവിനെതിരെ താൻ നജ്‌റാൻ പോലീസിൽ പരാതി നൽകി. ഇതിനു ശേഷവും യുവാവ് ഭീഷണിപ്പെടുത്തലും ശല്യം ചെയ്യലും തുടർന്നു. ശല്യം സഹിക്കവെയ്യാതായതോടെ താൻ കുടുംബത്തെ 250 കിലോമീറ്റർ ദൂരെയുള്ള ഖമീസ് മുശൈത്തിലേക്ക് മാറ്റി. എന്നാൽ സുരക്ഷാ വകുപ്പുകളുടെ നിർദേശം ലംഘിച്ച് യുവാവിനെ മറ്റു ചിലർ ഖമീസ് മുശൈത്തിൽ രഹസ്യമായി എത്തിച്ചു. ഖമീസ് മുശൈത്തിൽ വെച്ച് മക്കളെ പ്രതി രണ്ടു തവണ ആക്രമിച്ചു. പ്രതിയെ ഖമീസസ് മുശൈത്തിലേക്ക് കടത്തുന്നതിന് കൂട്ടുനിന്നവരുടെ പേരുവിവരങ്ങൾ താൻ നജ്‌റാൻ പോലീസിന് കൈമാറിയിരുന്നു. 
സായുധ സേനയിൽ ഉദ്യോഗസ്ഥനായ താൻ വീട്ടിൽ നിന്ന് പത്തു മുതൽ ഇരുപതു ദിവസം വരെ ജോലിയുടെ ഭാഗമായി വിട്ടുനിൽക്കുന്നതാണ് പതിവ്. താൻ സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് പ്രതി കുടുംബാംഗങ്ങളെ ആക്രമിച്ചിരുന്നത്. ഖമീസ് മുശൈത്തിൽ വെച്ചും പ്രതി തന്റെ മക്കളെ ആക്രമിക്കുന്നതിന് തുടങ്ങിയതോടെ കുടുംബത്തെ താൻ നജ്‌റാനിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. ഇതിനു ശേഷം പ്രതി തന്റെ മകനെ വെടിവെച്ചു പരിക്കേൽപിച്ചു. രണ്ടു തവണയാണ് മകന്റെ കാലിനു നേരെ പ്രതി നിറയൊഴിച്ചത്. ഇതിൽ ഒരു വെടിയുണ്ട കാലിൽ തുളച്ചുകയറി പുറത്തേക്ക് പോയി. മറ്റൊരു വെടിയുണ്ട കാലിൽ തുളച്ചുകയറി. ആഴ്ചകളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മകന്റെ പരിക്ക് ഭേദമായത്. മകനു നേരെ ആക്രമണം നടത്തി രക്ഷപ്പെട്ട പ്രതിയെ സുരക്ഷാ വകുപ്പുകൾക്ക് അറസ്റ്റ് ചെയ്യുന്നതിന് സാധിച്ചില്ല. ഇതേ തുടർന്ന് താൻ നജ്‌റാൻ ഗവർണർക്ക് പരാതി നൽകി. എന്നാൽ തന്റെ ഭാര്യയെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം മാത്രമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതെന്നും മിസ്ഫർ അൽമുനിസ് പറഞ്ഞു. പ്രതി തന്റെ ഭാര്യയെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തിയ സമയത്ത് താൻ ദക്ഷിണ അതിർത്തിയിൽ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുകയായിരുന്നു. വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് ഭാര്യക്കും മകനും നേരെ പ്രതി മരത്തിനു പിന്നിൽ മറഞ്ഞിരുന്ന് നിറയൊഴിച്ചത്. മകനു നേരെയാണ് പ്രതി ആദ്യം നിറയൊഴിച്ചത്. മകനെ സ്വന്തം ദേഹം ഉപയോഗിച്ച് രക്ഷിക്കുന്നതിന് ശ്രമിച്ച ഭാര്യയുടെ നേരെയും പ്രതി യന്ത്രത്തോക്ക് ഉപയോഗിച്ച് തുരുതുരാ നിറയൊഴിക്കുകയായിരുന്നു. കത്തിക്കുത്ത്, വെടിവെപ്പ് കേസുകളിൽ പലതവണ പ്രതിയായിട്ടും താൻ പലതവണ പരാതി നൽകിയിട്ടും തന്റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തുന്നതിനു മുമ്പ് എന്തുകൊണ്ട് സുരക്ഷാ വകുപ്പുകൾ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് മിസ്ഫർ അൽമുനിസ് ആരാഞ്ഞു. 

Latest News