ധനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സി.പി.എമ്മിന് തൃപ്തിപോര

തിരുവനന്തപുരം- ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രവര്‍ത്തനത്തില്‍ സി.പി.എമ്മില്‍ അതൃപ്തി. സംസ്ഥാനത്തെ ധനസ്ഥിതിയെ ഗവര്‍ണര്‍ അടക്കം വിമര്‍ശിച്ചിരുന്നു. മു്ന്‍ ധനമന്ത്രി തോമസ് ഐസക് അടക്കം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശം ഉയര്‍ത്തിയതായാണ് സൂചന.
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു നേരിട്ട തിരിച്ചടിക്കു പ്രധാന കാരണം ധനനയമെന്നു കാട്ടി തോമസ് ഐസക്കിനെ അനുകൂലിക്കുന്നവര്‍ രംഗത്തുവന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുനിര്‍ത്തിയ കിഫ്ബിക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിലും വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതിലും വിമര്‍ശനമുണ്ട്.
സാമ്പത്തിക പ്രതിസന്ധിക്കു പ്രധാനമായും കേന്ദ്രത്തെയാണ് സി.പി.എം പഴിചാരുന്നത്. കേന്ദ്രവിഹിതത്തിലെ കുറവും വായ്പ വെട്ടിക്കുറയ്ക്കലും സംസ്ഥാനത്തിന്റെ ധനസ്ഥിതി വഷളാക്കി. ഒപ്പം ഐസക്കിന്റെ നയങ്ങളില്‍നിന്നുള്ള വ്യതിചലനം സ്ഥിതി മോശമാക്കിയെന്ന വിലയിരുത്തലുമുണ്ട്.
രണ്ടു പ്രളയവും കോവിഡ് മഹാമാരിയും നേരിടേണ്ടിവന്നെങ്കിലും വന്‍തോതില്‍ പണമിറക്കാന്‍ ഒന്നാം പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. കിഫ്ബിയാണ് അതിനു സഹായകരമായത്. എന്നാല്‍ സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വായ്പകള്‍ക്ക് കേന്ദ്രം കര്‍ശന ഉപാധികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതോടെ നിലവില്‍ സ്ഥിതി ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണ്.

 

Latest News