ഖത്തറില്‍ ഗോള്‍ ആര്‍ട്ട് എക്‌സിബിഷന്‍ ആരംഭിച്ചു

ദോഹ- ഖത്തറീ കലാകാരന്‍ അഹമ്മദ് അല്‍ മആദീദിന്റെ  ഗോള്‍ ആര്‍ട്ട് എക്‌സിബിഷന്‍ പ്ലേസ് വെന്‍ഡോം മാളിലെ എഎം ഗാലറിയില്‍ സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുള്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം  ജനുവരി 15 വരെ തുടരും.
 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായി ആരംഭിച്ച  എക്‌സിബിഷന്റെ ഉദ്ഘാടനത്തില്‍ നിരവധി കലാകാരന്മാരും ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.

എക്‌സിബിഷനില്‍ ലോകകപ്പിനെക്കുറിച്ചുള്ള വ്യത്യസ്ത കലാസൃഷ്ടികള്‍ സാംസ്‌കാരികം,  കായികം എന്നിങ്ങനെ  രണ്ട് വിഭാഗങ്ങളായാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

സാംസ്‌കാരിക വിഭാഗത്തില്‍ ഖത്തറി പൈതൃകത്തില്‍ നിന്നുള്ള ചില പദാവലിയും ഖത്തരി പരമ്പരാഗത വസ്ത്രങ്ങളായ അല്‍ ബഖ്‌നഖ്, അല്‍ ഗത്ര, അല്‍ അഖാല്‍ എന്നിവയും ഖത്തരി പരിസ്ഥിതിയില്‍ നിന്നുള്ള ഒറിക്‌സ് പോലുള്ള ചില മൃഗങ്ങളും നിറഞ്ഞുനില്‍ക്കുന്നു.

സ്‌പോര്‍ട്‌സ് വിഭാഗം മറ്റ് അമൂര്‍ത്ത പെയിന്റിംഗുകള്‍ക്ക് പുറമേ കായികലോകത്തെ ശ്രദ്ധേയരായ ഫുട്‌ബോള്‍ കളിക്കാരെ എടുത്തുകാണിക്കുന്നു. കൂടാതെ, അല്‍ മദീദ് എക്‌സിബിഷന്‍ ഹാളിന്റെ മധ്യത്തില്‍ ഒരു ഫുട്‌ബോള്‍ പിച്ചിന്റെ മധ്യ വൃത്തവും വരച്ചിട്ടുണ്ട്.

ഫിഫ 2022 ലോകകപ്പ് ഖത്തറിലേക്കുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന ഖത്തറി കായിക, സംസ്‌കാരത്തെ അനുകരിക്കുന്ന 45 ലധികം കലാസൃഷ്ടികള്‍ ഉള്‍പ്പെടുന്ന ഈ  പ്രദര്‍ശനം ഫുട്‌ബോള്‍ ആരാധകരെ ആകര്‍ഷിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് അഹമ്മദ് അല്‍ മആദീദ് പറഞ്ഞു.

 

 

Latest News