സുധാകരന്റെ കാവിക്കുപ്പായം

ഇടതുപക്ഷത്തോട് കടുത്ത എതിർപ്പു സൂക്ഷിക്കുമ്പോഴും വർഗീയതക്കെതിരെയാണ് യുദ്ധമെന്ന് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ നാഴികക്ക് നാൽപത് വട്ടം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ അതേ കോൺഗ്രസിന്റെ കേരളത്തിലെ അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ പാർട്ടി നിലപാടുകളെ തള്ളിക്കളയുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ആർ.എസ്.എസിനോടും ബി.ജെ.പിയോടും സുധാകരന് പ്രത്യേക മമതയുണ്ടെന്ന് പണ്ടു മുതൽ തന്നെ തെളിഞ്ഞതാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും ഇക്കാര്യമറിയാം. എന്നിട്ടും സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നുണ്ടെങ്കിൽ അത് സുധാകരന്റെ കഴിവും കേരളത്തിലെ കോൺഗ്രസ് നേതാക്കൻമാരുടെ കഴിവുകേടുമാണ്.

വലതുപക്ഷവും ഇടതുപക്ഷവുമെന്ന സൈദ്ധാന്തികമായ കാഴ്ചപ്പാട് രാഷ്ട്രീയത്തിൽ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് നിലപാടുകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളാണ് ഇടതുപക്ഷ ചേരിയായി നിലകൊള്ളുന്നത്. ഇന്ത്യയിൽ സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള കക്ഷികൾ ആവിർഭാവം മുതൽ തന്നെ ഇടതുപക്ഷ ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരാണ്. ജനകീയ ജനാധിപത്യ വിപ്ലവമാണ് അവരുടെ മുഖ്യ അജണ്ട. കോൺഗ്രസ് അടക്കമുള്ള  കക്ഷികൾ ജനാധിപത്യത്തെയും മതേതരത്വത്തെയുമെല്ലാം മുറുകെപ്പിടിക്കുമ്പോഴും അവർക്ക് മുതലാളിത്തത്തോട് ശത്രുതയില്ല,  വലതുപക്ഷ ആശയങ്ങൾ മുറുകെപ്പിടിക്കുന്നതിലാണ് അവരുടെ താൽപര്യം. മുതലാളിത്തത്തിന്റെ ചിന്തകൾക്ക് യോജിച്ച രീതിയിൽ തൊഴിലാളി വർഗത്തെ വാർത്തെടുക്കുകയും അതിലൂടെ രാജ്യം കെട്ടിപ്പടുക്കുകയും ചെയ്യുകയെന്നതാണ് അവരുടെ സിദ്ധാന്തം.
ഇന്ത്യയിൽ വലതുപക്ഷത്തിന് എതിരെയുള്ള ഏറ്റവും വലിയ ആരോപണമെന്നത് അവർ വർഗീയതയോടും ഫാസിസ്റ്റ് മനോഭാവത്തോടും സന്ധി ചെയ്യാൻ തയാറാകുന്നുവെന്നതാണ്. വർഗീയതയുമായി ഒരു കൂട്ടുകെട്ടും പാടില്ലെന്ന് വലതുപക്ഷ കക്ഷികൾ ഉറക്കെ പറയാറുണ്ടെങ്കിലും ഇത് പലപ്പോഴും പ്രാവർത്തികമാകുന്നില്ല. അതിന് കാരണം വലതുപക്ഷ നേതാക്കളിൽ ചിലരെങ്കിലും ഫാസിസ്റ്റ് ചിന്താഗതിയുമായോ വർഗീയ നിലപാടുകളുമായോ സന്ധി ചെയ്യാൻ തയാറാകുകയോ അല്ലെങ്കിൽ ഇത്തരം നിലപാടുകളോട് അനുഭാവപൂർവമായ നയങ്ങൾ മാനസികമായി പ്രകടിപ്പിക്കുകയോ ചെയ്യുന്നതുകൊണ്ടാണ്.
ഇന്ത്യയിൽ കോൺഗ്രസിന്റെ മുഖ്യ ശത്രു ബി.ജെ.പിയാണെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇടതുപക്ഷത്തോട് കടുത്ത എതിർപ്പു സൂക്ഷിക്കുമ്പോഴും വർഗീയതക്കെതിരെയാണ് യുദ്ധമെന്ന് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ നാഴികക്ക് നാൽപത് വട്ടം പറഞ്ഞുകൊണ്ടിരിക്കുകയാണ്. 
എന്നാൽ അതേ കോൺഗ്രസിന്റെ കേരളത്തിലെ അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ പാർട്ടി നിലപാടുകളെ തള്ളിക്കളയുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നത്. ആർ.എസ്.എസിനോടും ബി.ജെ.പിയോടും സുധാകരന് പ്രത്യേക മമതയുണ്ടെന്ന് പണ്ടു മുതൽ തന്നെ തെളിഞ്ഞതാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും ഇക്കാര്യമറിയാം. എന്നിട്ടും സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നുണ്ടെങ്കിൽ അത് സുധാകരന്റെ കഴിവും കേരളത്തിലെ കോൺഗ്രസ് നേതാക്കൻമാരുടെ കഴിവുകേടുമാണ്.
കണ്ണൂരിൽ ആർ.എസ്.എസ് ശാഖകൾ തുടങ്ങാൻ താൻ ആളുകളെ വിട്ടു നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം സുധാകരൻ വെളിപ്പെടുത്തിയപ്പോൾ അതിനെതിരെ ഒരു പരാതി പോലും ഉന്നയിക്കാൻ തലമുതിർന്നവരെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾ തയാറായില്ല. സുധാകരന്റെ ലൈൻ തന്നെയാണ് തങ്ങൾക്കും കേരളത്തിലെ കോൺഗ്രസിനും നല്ലതെന്ന് അവർക്കും തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. കാരണം പിണറായിയുടെ തുടർഭരണം അധികാരത്തോടുള്ള അവരുടെ മോഹത്തെ വലിയ തോതിൽ തന്നെ തല്ലിക്കെടുത്തിക്കളഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തിനപ്പുറത്ത് അധികാരത്തിന് പുറത്ത് നിൽക്കാനുള്ള ശേഷി കേരളത്തിലെ കോൺഗ്രസിനില്ല. 
തനിക്ക് ഇഷ്ടമുള്ളപ്പോൾ താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന സുധാകരന്റെ ആവർത്തിച്ചുള്ള പ്രസ്താവനയെ സ്വീകരിക്കാനുള്ള പരുവത്തിലേക്ക് അവരുടെ മനസ്സും പാകപ്പെട്ടു കഴിഞ്ഞു. അതല്ലായിരുന്നുവെങ്കിൽ സുധാകരനെതിരെ നടപടിയാവശ്യപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്തേക്ക് ഫാക്‌സ് സന്ദേശങ്ങളും ഇ-മെയിൽ സന്ദേശങ്ങളും ഒഴുകിയേനേ. അധികാരമാണ് മുഖ്യമെന്നും അതിന് പ്രാക്ടിക്കൽ ചിന്തയാണ് വേണ്ടതെന്നും ചുരുങ്ങിയ കാലം കൊണ്ട് സുധാകരൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പഠിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണാനാണ് സുധാകരന് താൽപര്യം. അതിന്റെ പേരിൽ വലതുപക്ഷ വർഗീയ വാദിയെന്ന് വിളിച്ചാൽ പോലും സുധാകരൻ അതങ്ങ് സഹിക്കും. കാരണം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാർഗമല്ല, ലക്ഷ്യമാണ് പ്രധാനം.
ആർ.എസ്.എസിന് ശാഖകൾ തുടങ്ങാൻ ആളുകളെ വിട്ട് സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെന്ന് പരസ്യമായിത്തന്നെ സുധാകരൻ വിളിച്ചു പറയുമ്പോൾ അതിന്റെ രാഷ്ട്രീയമായ ഉള്ളുകളികളെക്കുറിച്ച് തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ സുധാകരൻ ഒരു നല്ല ഫൈറ്ററാണെന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. 
സി.പി.എമ്മിന്റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് നന്നായി പട വെട്ടിത്തന്നെയാണ് കോൺഗ്രസിന്റെ അമരത്തേക്ക് സുധാകരൻ എത്തിയതെന്ന കാര്യത്തിലും തർക്കമില്ല. തന്റെ ഖദർ കുപ്പായത്തിനുള്ളിൽ ആർ.എസ്.എസിന്റെ വർഗീയതയെ താലോലിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുമ്പോൾ വലിയ ഞെട്ടലുളവാകേണ്ടതാണ്. എന്നാൽ സുധാകരന്റെ രാഷ്ട്രീയ ചരിത്രം ചികയുമ്പോൾ അത്തരത്തിലുള്ള ഞെട്ടലിന്റെ ആവശ്യമൊന്നുമില്ല. കാരണം കടുത്ത ശത്രുവായ സി.പി.എമ്മിനെ നേരിടാൻ ആർ.എസ്.എസിനും ബി.ജെ.പിക്കും കഴിയുമെങ്കിൽ അവരെ സഹായിക്കാനും സുധാകരൻ മടി കാണിക്കില്ല. കാരണം സുധാകരന് ആജൻമ ശത്രു ഒന്നേയുള്ളു. അത് സി.പി.എമ്മാണ്. അവരെ തറ പറ്റിക്കാൻ ആരുമായും കൂട്ടുകൂടാൻ സുധാകരൻ തയാറാണ്. അവിടെ വർഗീയതയും ഫാസിസവുമൊന്നും അദ്ദേഹത്തിന് വിഷയമല്ല.
സുധാകരൻ കാവിയുടുക്കുമോയെന്ന ചർച്ച സജീവമായി നടന്നത് 2018 തുടക്കത്തിലാണ്. തനിക്ക് ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും അമിത് ഷാ അടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം താൻ നിരസിക്കുകയായിരുന്നുവെന്നും സുധാകരൻ അന്ന് വെളിപ്പെടുത്തിയിരുന്നു. 
ബി.ജെ.പിയുമായി യോജിച്ചു പോകാൻ പറ്റിയാൽ താൻ പോകുമെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അന്നും സുധാകരൻ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ അന്ന് സി.പി.എം ആയുധമാക്കിയപ്പോൾ കോൺഗ്രസുകാരിലും ഉൾക്കിടിലവും എതിർപ്പുമുണ്ടായി. എന്നാൽ അതൊന്നും കെ.പി.സി.സി അധ്യക്ഷ പദത്തിലേക്കുള്ള സുധാകരന്റെ പ്രയാണത്തിന് യാതൊരു തടസ്സവുമുണ്ടാക്കിയില്ല. ആ ആത്മവിശ്വാസം തന്നെയാണ് ആർ.എസ്.എസിന് ശാഖ തുടങ്ങാൻ സഹായം നൽകിയിട്ടുണ്ടെന്ന് ഇപ്പോൾ പരസ്യമായി പറയാൻ സുധാകരന് ധൈര്യം പകർന്നത്.
കണ്ണൂരിലെ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കളിൽ പലരുമായി സുധാകരന് അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച കാലത്തൊക്കെ ആർ.എസ്.എസ് - ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇതിനു മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ആർ.എസ്.എസും ബി.ജെ.പിയും എല്ലാം ഉൾപ്പെട്ട പരസ്പര ധാരണയോടു കൂടിയുള്ള ഒരു പങ്കാളിത്ത ബിസിനസ് മാത്രമാണ് സുധാകരനെ സംബന്ധിച്ചിടത്തോളം പാർട്ടി പ്രവർത്തനം. ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്ന് അതെങ്ങനെ പൂർവാധികം ശക്തിപ്പെടുത്താമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ നോട്ടം. അതിന് കഴിഞ്ഞില്ലെങ്കിൽ കോൺഗ്രസ് വിട്ട് കാവിക്കുപ്പായം ധരിക്കാനും അദ്ദേഹം തയാറായെന്നു വരാം. ഒരു വാതിലും കൊട്ടിയടക്കരുതെന്ന രാഷ്ട്രീയത്തിലെ ബാലപാഠം സുധാകരൻ പണ്ടേ മനഃപാഠമാക്കി വെച്ചിട്ടുണ്ട്. 

Latest News