കണ്ണൂരിലും മാഹിയിലും കനത്ത  സുരക്ഷ; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കേസ്

കണ്ണൂര്‍- മാഹിയില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും 
പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. സിപിഎമ്മും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ കണക്കിലെടുത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ത്താലില്‍ വാഹനങ്ങളെ ഒഴിവാക്കുമെന്ന് പറഞ്ഞെങ്കിലും മാഹിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇരു പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. മാഹിയില്‍ ഏറെക്കാലമായി സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. രണ്ടു കൊലപാതകങ്ങളും സമീപപ്രദേശങ്ങളില്‍ തന്നെയായതിനാല്‍ സംഘര്‍ഷം പടരാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 
ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവങ്ങളില്‍ രാഷ്ട്രീയ കൊലപാതകത്തിന് പോലീസ് കേസെടുത്തു. സിപിഎം നേതാവ് ബാബുവിനെ വെട്ടിയത് പത്തംഗ സംഘമാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലപാതകത്തിനു പിന്നില്‍ എട്ടംഗ സംഘമായിരുന്നുവെന്നും പോലീസ് പറഞ്ഞു. 
സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജിന്റ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്കു 12 മണിയോടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി വിലാപയാത്രയായി നാടുകളിലെത്തിക്കും. വിലാപയാത്രയ്ക്കിടെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 

Latest News