ഇടതടവില്ലാതെ ആഗോള സാംസ്‌കാരിക വൈവിധ്യങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഇളംതലമുറയുടെ വഴി വിട്ട ഉല്ലാസങ്ങളും ഉൽസാഹങ്ങളും സാഹസികതകളും വിവേകപൂർവം നിയന്ത്രിക്കാനും യാത്രകളും പിക്‌നിക്കുകളും ക്യാമ്പുകളും ആപത്തിനും ജീവഹാനിക്കും ഇടവരുത്താതിരിക്കാനും അധ്യാപകരും രക്ഷാകർത്താക്കളും അധികാരികളും കുട്ടികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകണം.
പകലിൽ ഇളംചൂടും രാത്രിയിൽ ഇളം കുളിരുമുള്ള മിതശീതോഷ്ണ കാലമാണ് പൊതുവെ കേരളത്തിലെ നവംബർ, ഡിസംബർ മാസക്കാലം. നേർത്ത മഞ്ഞും വല്ലപ്പോഴുമുള്ള മഴയും ഈ ദിനരാത്രങ്ങളെ കൂടുതൽ സുഖപ്രദമാക്കുന്നു. കലാലയങ്ങളിൽ കലോത്സവങ്ങളുടെയും കായികോത്സവങ്ങളുടെയും ആരവമുയരുന്ന കാലം കൂടിയാണിത്. കലാലയത്തിന്റെ നാല് ചുമരുകളും ചുറ്റുവട്ടവും വിട്ട് വിദ്യാർത്ഥികൾ പഠന, വിനോദ യാത്ര നടത്തുന്നതും ഈ മാസങ്ങളിലാണ്.
പന്ത്രണ്ട് മാസങ്ങളിലെ കാമാരക്കാലമായി വേണമെങ്കിൽ ഈ കാലത്തെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.
പ്രസന്നാത്മകമായ പ്രഭാതവും പ്രശോഭിത നീലിമയാർന്ന നീലാംബരവും നേർത്ത കുളിര് വീഴുന്ന പ്രദോഷ നേരവും ഈ കാലയളവിനെ പ്രകൃതി ആസ്വാദകർക്ക് കൂടുതൽ ആവേശം പകരുന്നതാക്കുന്നുണ്ട്.
നവംബറിന്റെ സവിശേഷ സൗന്ദര്യം പല കവികളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. ജോൺ ക്ലയർ, തോമസ് ഹുഡ്, തോമസ് ഹാർഡി, വാൾട്ടർ ഡിലാ മേർ തുടങ്ങിയ പ്രസിദ്ധരായവരുടെ കവിതകൾ ശ്രദ്ധേയമാണ്.
വിവിധ കാലാവസ്ഥയുടെ സവിശേഷതകൾ അടിസ്ഥാനപ്പെടുത്തി ഭാരതത്തിൽ ശിശിരം, വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറ് ഋതുക്കളാണുള്ളത്. ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്നതിന്റെ ചരിവും ക്രമവും അനുസരിച്ചാണ് വിവിധ ഋതുക്കളെ തരംതിരിച്ചിരിക്കുന്നത്.
ഒരു ഋതു രണ്ട് മാസങ്ങൾ ചേർന്നതാണ്. ഓരോ ഋതുവിലും പ്രകൃതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെ മനോഹരമായി വർണിക്കുന്ന കൃതിയാണ് കാളിദാസന്റെ ഋതുസംഹാരം. ഓരോ കാലയളവിലും പാലിക്കേണ്ട ആരോഗ്യ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഋതുചര്യ ആയുർവേദത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്.
യാത്രകൾക്കും ക്യാമ്പിംഗിനും മറ്റും ഏറ്റവും ഇണങ്ങിയ തരത്തിൽ പ്രകൃതിയും കാലാവസ്ഥയും പരുവപ്പെടുന്ന ഈ സീസണിൽ ആരോഗ്യ പരിപാലനവും സുരക്ഷയും കൈവിടാതെ നാം ശ്രദ്ധിക്കേണ്ടതുണ്ട്.
സ്‌കൂൾ ടൂറുകളും മറ്റു പിക്‌നിക്കുകളും അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും വിളനിലങ്ങളായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് കൂടുതൽ ജാഗ്രത പാലിച്ചേ മതിയാവൂ. അശ്രദ്ധയും അമിതാഹ്ലാദവും ആയുഷ്‌കാലം മുഴുവനും വേദന തിന്നാനും മറ്റുള്ളവരെ കദനം തീറ്റിക്കാനും ഇടവരുത്തുന്നതാവരുത്.ഇടതടവില്ലാതെ ആഗോള സാംസ്‌കാരിക വൈവിധ്യങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഇളംതലമുറയുടെ വഴി വിട്ട ഉല്ലാസങ്ങളും ഉത്സാഹങ്ങളും സാഹസികതകളും വിവേകപൂർവം നിയന്ത്രിക്കാനും യാത്രകളും പിക്‌നിക്കുകളും ക്യാമ്പുകളും ആപത്തിനും ജീവഹാനിക്കും ഇടവരുത്താതിരിക്കാനും അധ്യാപകരും രക്ഷാകർത്താക്കളും അധികാരികളും കുട്ടികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകണം. കൂടാതെ ക്രിയാത്മകവും പ്രായോഗികവുമായ ചട്ടങ്ങൾ ഇത്തരം വേളകളിൽ നടപ്പാക്കുന്നതും നല്ലതായിരിക്കും.






