ജിദ്ദയിലെയും മക്കയിലെയും വികസന പദ്ധതികളുടെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി ജനങ്ങൾ ഒഴിഞ്ഞുപോയതോടെ ഈ പ്രദേശങ്ങളിലെ ആയിരക്കണക്കിന് പൂച്ചകളാണ് ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിയിലായത്. ഇവിടങ്ങളിലെ താമസക്കാർ നൽകുന്നതും കുപ്പത്തൊട്ടികളിൽനിന്ന് ലഭിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങളുമായിരുന്നു പൂച്ചകളുടെ പ്രധാന ആഹാരം. ജനങ്ങൾ ഒഴിഞ്ഞുപോയതോടെ ഇവിടങ്ങളിലെ അന്നംമുട്ടിയ പൂച്ചകൾക്ക് ആശ്വാസമാവുകയാണ് ഒരു പറ്റം മൃഗസ്‌നേഹികളുടെ കൂട്ടായ്മ. പൊളിക്കുന്ന പ്രദേശങ്ങളിൽനിന്ന് പിടികൂടുന്ന പൂച്ചകളെ ജനവാസമുള്ള മറ്റു സ്ഥലങ്ങളിലും പാർക്കുകളിലുമൊക്കെയായി തുറന്നു വിടുകയാണ് ഇവർ ചെയ്യുന്നത്. പിടികൂടിയ ശേഷം പരിശോധന നടത്തി ആവശ്യമെങ്കിൽ ചികിത്സയും നൽകുന്നുണ്ട്. ഇതിനായി മൃഗാരോഗ്യ പ്രവർത്തകരും തങ്ങളോടൊപ്പമുണ്ട്. ചില സുമനസ്സുകൾ വീടുകളിൽ വളർത്താനായി പൂച്ചകളെ വാങ്ങി കൊണ്ടുപോകാറുള്ളതായും സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ ഒരു ടീമിന്റെ ക്യാപ്റ്റനായ ഹുസ്സാം സാമി പറഞ്ഞു.

വൈകുന്നേരം അഞ്ചു മണിയോടെയാണ് പല സംഘങ്ങളായി ഇവർ വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നത്. വല വീശിയാണ് പൂച്ചകളെ പിടികൂടുന്നത്. കൈവശമുള്ള കൂടുകളിൽ പൂച്ചകൾ നിറയുന്നത് വരെ പിടികൂടുകയും പരിശോധനകൾക്കു ശേഷം രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ കൊണ്ടുപോയി തുറന്നു വിടുകയുമാണ് ചെയ്യുക. രോഗബാധിതവും പരിക്കേറ്റവയുമായ പൂച്ചകൾക്ക് ആവശ്യമായ വൈദ്യസഹായം നൽകാനുള്ള സംവിധാനം ഇവർ വാഹനത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ നിരവധി പൂച്ചകളെ ചികിത്സ നൽകി സുഖപ്പെടുത്തിയ ശേഷം തുറന്നു വിട്ടിട്ടുണ്ട്.
സ്ത്രീകളും കുട്ടികളുമൊക്കെയുൾപ്പെടെ വിവിധ രാജ്യക്കാരായ അഞ്ഞൂറോളം അംഗങ്ങളാണ് സന്നദ്ധ സംഘടനയായ 'മെഴ്‌സിഫുൾ ടീമി'ൽ ഉള്ളത്. ഇന്ത്യക്കാരും പാക്കിസ്ഥാനികളും വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ളവരുമൊക്കെ തങ്ങളോടൊപ്പം ഒഴിവു സമയങ്ങളിൽ സഹകരിക്കാറുണ്ടെന്ന് ടീം അംഗമായ ഫഹ്മി ബിൻ മഹ്‌രി പറഞ്ഞു.

ജിദ്ദയിൽ വിവിധ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കാൻ തുടങ്ങിയ സമയം തന്നെ സംഘത്തിന്റെ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ഇതുവരെ പതിനയ്യായിരത്തിലേറെ പൂച്ചകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കി. പൂച്ചകളെ തുറന്നു വിടേണ്ട സ്ഥലം മുൻകൂട്ടി കെണ്ടത്തി അവിടങ്ങളിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമാണെന്ന് ഉറപ്പു വരുത്താറുണ്ട്. സുമനസ്സുകളുടെ സഹായത്താലാണ് സംഘടനയുടെ പ്രവർത്തനം. പൂച്ചകൾക്കാവശ്യമായ ഭക്ഷണവും പിടികൂടുന്നതിനാവശ്യമായ വല ഉൾപ്പെടെയുള്ള ഉപകരണങ്ങളും സംഭാവനകളായി ലഭ്യമാകുന്നുണ്ട്.
പ്രത്യേകമായ ഓഫീസോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത തങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ ഏതെങ്കിലും പാർക്കുകളിലോ മറ്റേതെങ്കിലും സ്ഥലങ്ങളിലോ ആണ് കൂടിച്ചേരലുകൾ നടത്തുന്നത്. മക്കയിലും സംഘടനയുടെ കീഴിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

മൃഗസംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കാനും മൃഗങ്ങളോട് കരുണ കാണിക്കുന്ന ഒരു സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് -ഫഹ്മി പറഞ്ഞു.സംഘടനയുമായി സഹകരിക്കാനും സഹായം നൽകാനും താൽപര്യമുള്ളവർക്ക് 0552655562 വാട്‌സാപപ്പ് നമ്പറിൽ ബന്ധപ്പെടാം. വെബ്‌സൈറ്റ്: https://www.mercifulteam.org/






