ജിദ്ദ - ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ഒന്നര മാസമായി 'പരേതൻ' നെട്ടോട്ടത്തിൽ. ആരുടെയോ കൈയബദ്ധത്താൽ പരേതനാക്കപ്പെട്ടതിനാൽ സൗദി പൗരൻ ആമിർ അൽശഹ്‌രിക്കാണ് ട്രാഫിക് ഡയയറക്ടറേറ്റിൽ നിന്നുള്ള ഒരു നടപടികളും പൂർത്തിയാക്കുന്നതിന് സാധിക്കാത്തത്. 'പരേതൻ' ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സമീപിച്ചത് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരിലും അമ്പരപ്പും ആശയക്കുഴപ്പവും സൃഷ്ടിച്ചു. ജീവനോടെയിരിക്കുന്ന തന്നെ പരേതരുടെ ഗണത്തിലാക്കിയ ട്രാഫിക് ഡയറക്ടറേറ്റിന്റെ പിഴവ് ആമിർ അൽശഹ്‌രിയെയും ഞെട്ടിച്ചു. ലൈസൻസ് പുതുക്കുന്നതിനും വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനും താൻ മരിച്ചിട്ടില്ലെന്ന് സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ പോയി തെളിയിക്കേണ്ട ബാധ്യതയും ആമർ ശഹ്‌രി വഹിക്കേണ്ടിവന്നു.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനും മാർച്ച് 18 ന് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റിനെ സമീപിച്ചപ്പോഴാണ് ട്രാഫിക് ഡയറക്ടറേറ്റ് രേഖകൾ പ്രകാരം താൻ ഇഹലോകവാസം വെടിഞ്ഞവരുടെ കൂട്ടത്തിലാണെന്ന് ആമിർ അൽശഹ്‌രിക്ക് അറിയാൻ കഴിഞ്ഞത്. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തപ്പെട്ട പിഴകൾ ഒടുക്കി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അൽസ്വഹാഫ ഡിസ്ട്രിക്ട് ട്രാഫിക് ഡയറക്ടറേറ്റിൽ എത്തിയ തന്റെ രേഖകൾ കണ്ട് ട്രാഫിക് ഉദ്യോഗസ്ഥരുടെ മുഖത്ത് അമ്പരപ്പും ആശ്ചര്യവും പ്രകടമായതായി ആമിർ അൽശഹ്‌രി പറഞ്ഞു. ട്രാഫിക് ഡയറക്ടറേറ്റിലെയും താൻ സമർപ്പിച്ച രേഖകളിലെയും തിരിച്ചറിയൽ കാർഡിലെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ആവർത്തിച്ച് സൂക്ഷ്മ പരിശോധന നടത്തി. തിരിച്ചറിയൽ രേഖയിൽ കാണുന്ന ഫോട്ടോയും പേരുവിവരങ്ങളുമുള്ള വ്യക്തി തന്നെയാണോയെന്ന ആശ്ചര്യകരമായ ചോദ്യം ഉദ്യോഗസ്ഥരിൽ ഒരാൾ പിന്നീട് ഉന്നയിച്ചു. അതേയെന്ന് മറുപടി നൽകിയപ്പോൾ, ട്രാഫിക് ഡയറക്ടറേറ്റ് രേഖകളിൽ നിങ്ങൾ മരിച്ചതാണെന്ന് വ്യക്തമാക്കുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
താൻ മരിച്ചിട്ടില്ല എന്ന് സ്ഥിരീകരിക്കുന്നതിനും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതിനും നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ജീവിച്ചിരിക്കുന്നത് സ്ഥിരീകരിക്കുന്ന തെളിവ് സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഹാജരാക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതുപ്രകാരം സിവിൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച് തന്റെ വാദം സത്യപ്പെടുത്തുന്ന പ്രിന്റൗട്ട് എടുത്ത് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റിന് കൈമാറി. ട്രാഫിക് ഡയറക്ടറേറ്റിലെ രേഖകളിൽ തന്റെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിന് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് റിയാദ് ട്രാഫിക് ഡയറക്ടറേറ്റിന് കത്തയച്ചു. എന്നാൽ ഇതുവരെ ഈ നടപടികൾ പൂർത്തിയായിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിലെ തന്റെ അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ട്. ഉടമകൾ മരിക്കുമ്പോൾ അബ്ശിർ അക്കൗണ്ടുകൾ ആഭ്യന്തര മന്ത്രാലയം ക്ലോസ് ചെയ്യും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനും കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും സാധിക്കുന്നതിന് എത്രയും വേഗം ട്രാഫിക് ഡയറക്ടറേറ്റ് രേഖകളിൽ തന്റെ പദവി തിരുത്തണമെന്ന് ആമിൽ അൽശഹ്‌രി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.