പാലക്കാട് - അലനെല്ലൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂളിന്റെ മുന്നാംനിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വൈകുന്നേരം കുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് വിദ്യാർത്ഥിനിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകീട്ട് സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തുകയായിരുന്നു. പിന്നാലെ നാട്ടുകാരും. പല സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും സ്കൂളിൽ തിരഞ്ഞിരുന്നില്ല. രാത്രിയോടെ കുട്ടിയെ സ്കൂളിലെ മൂന്നാം നിലിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചു. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രണ്ടുപേർ ബലംപ്രയോഗിച്ച് മുന്നാം നിലയിൽ കൊണ്ടെത്തിച്ച് കെട്ടിയിട്ടെന്നാണ് മൊഴി. പെൺകുട്ടിയുടെ കൈയിൽ മുറിവുകളോ ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന പണത്തിനായി ചിലർ പിന്നാലെ കൂടിയെന്നു പറയുന്നുണ്ട്. വീട്ടിൽനിന്ന് രാവിലെ മൊബൈൽ ഫോൺ ചോദിച്ചത് കിട്ടാത്തതിൽ പിണങ്ങി, സ്വയം കെട്ടിയതായും പറയുന്നു. മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. കുട്ടി മാനസികമായി തകർന്ന നിലയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവശ്യമായ കൗൺസലിങ്ങ് നൽകുമെന്ന് പോലീസ് പറഞ്ഞു.