ഓരോ ദിവസവും ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങൾക്ക് അപകീർത്തികരമായ നൂറുകണക്കിനു ട്വീറ്റുകൾ അയക്കുന്നുവെന്ന് റിപ്പോർട്ട്. ഓൺലൈൻ അസഭ്യത്തിന്റെ തോത് വർധിച്ചതായി ബി.ബി.സി നടത്തിയ അന്വേഷണമാണ് വെളിപ്പെടുത്തിയത്. ഒന്നര മാസത്തിനിനിടെ ബ്രിട്ടീഷ് എം.പിമാരെ ലക്ഷ്യമിട്ട് അയച്ച മൂന്നു ലക്ഷം ട്വീറ്റുകളാണ് പരിശോധിച്ചത്.
ഇവയിൽ 1,30,000 എണ്ണം (ഇരുപതിൽ ഒരെണ്ണം) വിഷമയമാണെന്നാണ് കണ്ടെത്തിയത്. സുപ്രധാന വിഷയങ്ങളിൽ രാഷ്ട്രീയക്കാർക്ക് വായ തുറക്കാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്ന് പാർലമെന്റ് അംഗം ജെസ് ഫിലിപ്സ് പറഞ്ഞു.
എം.പിമാരെ പരാമർശിച്ചുകൊണ്ടുള്ള 1,30,000 ട്വീറ്റുകൾ വിഷലിപ്തവും 20,000 ട്വീറ്റുകൾ അതീവ വിഷലിപ്തവുമാണെന്ന് അന്വേഷണം വെളിപ്പെടുത്തിയതായി ബി.ബി.സി അവകാശപ്പെടുന്നു.
വിമർശനം ഉൾക്കൊള്ളാൻ അവരുടെ പ്രവർത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയക്കാർ ബാധ്യസ്ഥരാണ്. എന്നാൽ എല്ലാ അതിരുകളും ലംഘച്ചുകൊണ്ടുള്ള ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ലൈംഗിക അതിപ്രസരമാണ് അസഭ്യം നിറഞ്ഞ ട്വീറ്റുകളിലുള്ളതെന്നും ബർമിംഗ്ഹാം യാഡ്ലിയിൽനിന്നുള്ള ലേബർ പാർട്ടി എം.പിയായ ജെസ് ഫിലിപ്സ് പറഞ്ഞു. വനിത എം.പിമാരാകട്ടെ ചിലപ്പോൾ നേർക്കു നേരെയുള്ള ബലാത്സംഗ ഭീഷണിയും നേരിടുന്നു.
സോഷ്യൽ മീഡിയയിലെ തിരിച്ചടികൾ ഭയന്ന് നിലപാടുകൾ വരെ മാറ്റിയ സഹപ്രവർത്തകരുണ്ടെന്ന് ജെസ് ഫിലിപ്സ് പറയുന്നു. സിറിയയിലെ സൈനിക അധിനിവേശം, ബ്രെക്സിറ്റ് തുടങ്ങിയ വിഷയങ്ങളിൽ സ്വന്തം നിലപാടുകൾക്ക് വ്യത്യസ്തമായി വോട്ട് ചെയ്തവരെ അറിയാമെന്നാണ് അവർ പറയുന്നത്.






