ജനകീയമാകുന്ന ഗോൾഡൻ വിസ

വിദേശികൾക്ക് ദീർഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഗോൾഡൻ വിസ അനുവദിച്ചവർക്ക് സ്പോൺസറുടെ ആവശ്യമില്ലെന്നതും ആകർഷകമാണ്. വിസയുടെ സമയപരിധി അഞ്ചു വർഷം അല്ലെങ്കിൽ പത്തു വർഷമാണ്.

 

നാലു വർഷം മുൻപ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ പ്രഖ്യാപനം നടത്തിയപ്പോൾ ലോകം സാകൂതമാണ് അതു വീക്ഷിച്ചത്. കാരണം ലോകത്ത് ആദ്യമായായിരുന്നു ഒരു രാജ്യം സ്വദേശി പൗരന്മാരെ പോലെ വിദേശികൾക്കും എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തുള്ള വിസ പ്രഖ്യാപനം. സാമ്പത്തികം മാത്രമല്ല, തങ്ങളുടെ രാജ്യത്തിന് ഏതെല്ലാം രീതിയിൽ കരുത്ത് പകരാൻ കെൽപുള്ളവരാണോ അവർക്കു സ്വാഗതമോതിയായിരുന്നു ഗോൾഡൻ വിസ പ്രഖ്യാപനം. അതുകൊണ്ട് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതു കിട്ടാക്കനിയായി അവശേഷിക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. കാരണം പ്രഖ്യാപന വേളയിലെ നിബന്ധനകളും ഗോൾഡൻ വിസ നൽകിയവരുടെ ലിസ്റ്റും പരിശോധിച്ചാൽ അങ്ങനെയേ കരുതാൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ ഗോൾഡൻ വിസ വിരലിലെണ്ണാവുന്നവരിൽ ഒതുങ്ങുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ ലോകത്തിന് എന്നും മാതൃകകൾ സൃഷ്ടിച്ചിട്ടുള്ള, ലോകത്തുള്ള ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും വരാൻ ആഗ്രഹിക്കുന്ന യു.എ.ഇ ഇക്കാര്യത്തിലും മാതൃകയായിരിക്കുകയാണ്. 2019 ൽ തുടക്കമിട്ട ഗോൾഡൻ വിസ ഇതിനകം ഒരു ലക്ഷത്തിലേറെ പേർക്കാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ നല്ല ശതമാനവും ഇന്ത്യക്കാർ, പ്രത്യേകിച്ച് കേരളീയരാണെന്ന പ്രത്യേകതയുമുണ്ട്. കേരളവും യു.എ.ഇയും തമ്മിലുള്ള ആത്മബന്ധത്തെ കൂടിയാണ് ഇതു കാണിക്കുന്നത്. 


കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഗോൾഡൻ വിസ നൽകുന്നതിൽ 35 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. വിസ നടപടിക്രമങ്ങളിലെ ലാളിത്യവും നിബന്ധനകളിലെ ഇളവുകളുമാണ് കുറഞ്ഞ കാലം കൊണ്ട് ഗോൾഡൻ വിസയുടെ എണ്ണം ഇത്രയേറെ വർധിക്കാൻ കാരണം. ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദഗ്ധർ, ശാസ്ത്ര, സാങ്കേതിക,  കലാസാംസ്‌കാരിക മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ, നിക്ഷേപകർ, മികവുറ്റ വിദ്യാർഥികൾ, സ്വയം സംരംഭകർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ ഗോൾഡൻ വിസ അനുവദിച്ചു വരുന്നത്. ആദ്യ ഘട്ടങ്ങളിൽ ലോക പ്രശസ്തരായ കലാകാരന്മാർക്കും ശാസ്ത്രജ്ഞർക്കും സാങ്കേതിക വിദഗ്ധർക്കും സംരംഭകർക്കുമെല്ലാമാണ് ഗോൾഡൻ വിസ ലഭിച്ചിരുന്നത്. പിന്നെ പിന്നെ അതു മറ്റുള്ളവരിലേക്കും വ്യാപിക്കാൻ തുടങ്ങിയതോടെ യു.എ.ഇക്കായി എന്തെങ്കിലും സംഭാവന നൽകാൻ കഴിവുള്ളവരാണോ, എങ്കിൽ അവർക്കു വിസ ലഭിക്കുമെന്നായി. മാത്രമല്ല, വർഷങ്ങളായി യു.എ.ഇയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരെ കൂടി പരിഗണിക്കാൻ തുടങ്ങിയതോടെ അതു ജനകീയമാവുകയായിരുന്നു. ഇന്ന് മറ്റേതൊരു വിസയെയും പോലെ ഗോൾഡൻ വിസയും കൂടുതൽ ജനകീയമാവുന്നതിന്റെ സൂചനയാണ് വിസ ലഭിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വർധന. വിനോദ സഞ്ചാരത്തെ പരിപോഷിപ്പിച്ച് രാജ്യത്തിന് വരുമാനം ഉണ്ടാക്കുന്നതിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിട്ടുള്ള രാജ്യമാണ് യു.എ.ഇ. അതിനാൽ പരമാവധി ആളുകളെ രാജ്യത്ത് എത്തിക്കുകയും അവരെ പടിച്ചു നിർത്തുകയും ചെയ്യുന്നതിന്റെ ഭാഗം കൂടിയാണ് വിസയുടെ നിബന്ധനകളിലുണ്ടായിട്ടുള്ള മാറ്റവും നടപടിക്രമങ്ങളുടെ ലാളിത്യവും. 


വിദേശികൾക്ക് ദീർഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഗോൾഡൻ വിസ അനുവദിച്ചവർക്ക് സ്പോൺസറുടെ ആവശ്യമില്ലെന്നതും ആകർഷകമാണ്. വിസയുടെ സമയപരിധി അഞ്ചു വർഷം, അല്ലെങ്കിൽ പത്തു വർഷമാണ്. കാലാവധി കഴിഞ്ഞാൽ സ്വമേധയാ പുതുക്കാനുമാവും. സമ്പത്തുള്ളവർക്ക് പണം നിക്ഷേപിച്ച് വിസ കരസ്ഥമാക്കാമെങ്കിൽ അതില്ലാത്താവർക്ക് സ്വന്തം കഴിവുകൾ മാത്രം മതി ഗോൾഡൻ വിസ ലഭിക്കാൻ. ഗവേഷകരും ശാസ്ത്രജ്ഞരും  ഗോൾഡൻ വിസക്ക് അർഹരാണ്. ശാസ്ത്രജ്ഞർ എമിറേറ്റ്സ് സയന്റിസ്റ്റ് കൗൺസിൽ അല്ലെങ്കിൽ മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് എക്സലൻസിന്റെ അംഗീകാരമുള്ളവർ ആയിരിക്കണമെന്നതു മാത്രമാണ് നിബന്ധന. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയത്തിന്റെ അംഗീകാരം ഉള്ള കലാകാരന്മാരും ഗോൾഡൻ വിസക്ക് ആർഹരാണ്. 


ഒരു കോടി ദിർഹത്തിൽ കുറയാത്ത പൊതുനിക്ഷേപം നടത്തുന്നവരാണ് പത്തു വർഷം കാലാവധിയുള്ള ഗോൾഡൻ നിക്ഷേപക വിസയുടെ പരിധിയിൽ വരുന്നത്.  50 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം നടത്താൻ ശേഷിയുള്ളവർക്ക് അഞ്ചു വർഷത്തേക്കുള്ള വിസ ലഭിക്കും. വായ്പ വഴി ലഭിച്ച പണമാകരുത് നിക്ഷേപത്തിന് ഉപയോഗിക്കുന്നതെന്ന നിബന്ധനയുണ്ട്. മൂന്ന് വർഷം വരെ നിക്ഷേപം നിലനിർത്തുകയും വേണം. ഇതു നിക്ഷേപകരുടെയും സംരംഭകരുടെയും കാര്യമാണെങ്കിൽ പ്രത്യേക വൈദഗ്ധ്യമുള്ളവർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും അവരുടെ കഴിവുകൾ മാത്രം മതിയാവും വിസ അനുവദിക്കാൻ. ശാസ്ത്രരംഗത്ത് ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികളെ യു.എ.ഇ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതിനാൽ ഇത്തരക്കാർക്കു വിസ ലഭിക്കുക വളരെ എളുപ്പമാണ്.  പ്ലസ് ടുവിന് കുറഞ്ഞത് 95 ശതമാനം മാർക്ക് വാങ്ങി പാസായ മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. സർവകലാശാല വിദ്യാർഥികൾക്ക് കുറഞ്ഞത് 3.75 ഗ്രേഡ് പോയന്റ് ആവറേജ് ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. മികച്ച നിലയിൽ പഠിക്കുന്ന കുട്ടികളുടെ കുടുംബാംഗങ്ങൾക്കും വിസയുടെ ആനുകൂല്യം ലഭിക്കും. പ്രത്യേക കഴിവുള്ളവർ എന്ന പരിധിയിലാണ് വിദേശ രാജ്യങ്ങളിലെ സിനിമ താരങ്ങളും സെലിബ്രിറ്റികളും ഉൾപ്പെടുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം ഇതിന് ആവശ്യമാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വഴി ഓൺലൈനായി വിസക്ക് അപേക്ഷിക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിൻ അഫയേഴ്സിനെ സമീപിച്ച് ഓഫ്ലൈനായും ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. 


കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും ഗോൾഡൻ വിസക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനുമുള്ള യു.എ.ഇ സർക്കാർ തീരുമാനം വിസയെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. പത്ത് വർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിതകാലം യു.എ.യിൽ തങ്ങണമെന്ന് നിർബന്ധമില്ല.  അതായത് ആറു മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ചാൽ വിസ റദ്ദാകില്ലെന്ന് ചുരുക്കം.  റസിഡന്റ് വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യു.എ.ഇക്ക് പുറത്തു തങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാനും ഇവർക്കാവും. ഗോൾഡൻ വിസ ഉടമകൾ മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ പത്ത് വർഷത്തെ വിസ കാലാവധി കഴിയുന്നത് വരെ യു.എ.ഇയിൽ തങ്ങാം. ഗാർഹിക തൊഴിലാളികളുടെ വിസക്കും വർക്ക് പെർമിറ്റുകൾക്കും അപേക്ഷിക്കുന്നതിന് പരമാവധി പരിധിയില്ലെന്നതും പ്രത്യേകതയാണ്. ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് ലഭിച്ചാൽ റെസിഡൻസി വിസയിലേക്ക് മാറാൻ ആറുമാസ സമയം ലഭിക്കും. ഈ എൻട്രി പെർമിറ്റിൽ പലതവണ യു.എ.ഇയിൽ വന്ന് മടങ്ങാൻ കഴിയും.  കോവിഡ് പോലുള്ള മഹാമാരിയുടെ പേരിൽ യാത്ര നിരോധം ഉണ്ടായാലും ഗോൾഡൻ വിസക്കാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാവില്ല. ഗോൾഡൻ വിസയുള്ള വ്യക്തിക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനും ആനുകൂല്യമുണ്ട്. സ്വന്തം രാജ്യത്തെ ലൈസൻസ് ഉണ്ടെങ്കിൽ പരിശീലനമില്ലാതെ ദുബായ് ലൈസൻസ് ലഭിക്കും. യു.എ.ഇ റോഡ് നിയമങ്ങളെക്കുറിച്ച ധാരണയും റോഡ് ടെസ്റ്റും മാത്രം മതിയാകും. ഇങ്ങനെ ഗോൾഡൻ വിസക്കാർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഗോൾഡൻ വിസ സമ്പാദകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. യു.എ.ഇയുടെ ചുവടുപിടിച്ച് മറ്റു ചില രാജ്യങ്ങളും പ്രത്യേക വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഗോൾഡൻ വിസയുടെ ചന്തം അതിനുണ്ടായിട്ടില്ല. അതിനാൽ ഗോൾഡൻ വിസ ഇന്നും പത്തര മാറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. 

Latest News