മുര്‍ഷിദാബാദ്- ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം ജാര്‍ഖണ്ഡില്‍നിന്ന് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുരുതരമായി പൊളളലേറ്റ 17 കാരിയെ വിദഗ്ധ ചികിത്സക്കായി പശ്ചിമ ബംഗാളിലെ
ആശുപത്രിയിലെത്തിച്ചിരിക്കയാണ്. ജാര്‍ഖണ്ഡിലെ പകുഡ് ജില്ലയിലെ ഗ്രാമത്തില്‍ ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് യുവാവ് വീട്ടിലെത്തിയത്.
അമ്മാവനാണ് പെണ്‍കുട്ടിയെ മുര്‍ഷിദാബാദ് ജില്ലയിലെ ബെഹ്്‌റാംപൂരിലുള്ള ആശുപത്രിയിലെത്തിച്ചത്. പോസ്‌കോ ചുമത്തിയ കേസില്‍ ഗ്രാമത്തിലെ ചെറുകിട വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്നും വീട്ടില്‍ പോകാറുണ്ടെന്നും തീകൊളുത്തിയിട്ടില്ലെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
ജാര്‍ഖണ്ഡില്‍നിന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ബെര്‍ഹാംപൂരിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 40 മുതല്‍ 45 ശതമാനം വരെ പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടിയെ മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പകുഡ് ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.
ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ അമ്മാവന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും ഉടന്‍ തന്നെ നടപടി സ്വീകരിച്ചതായും ജാര്‍ഖണ്ഡിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അഖിലേഷ് ഝാ അവകാശപ്പെട്ടു.
ജാര്‍ഖണ്ഡില്‍ തന്നെ ഇതേദിവസം മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തീയിട്ട് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഛത്ര ജില്ലയില്‍ 16 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് നാട്ടുപഞ്ചായത്ത് ചേര്‍ന്ന് നല്‍കിയ ശിക്ഷയില്‍ പ്രകോപിതനായാണ് വീടിന് തീയിട്ടതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
2016-ല്‍ ഇന്ത്യയില്‍ 40,000 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിലും കൂടുതലാണെന്ന് അതിക്രമങ്ങള്‍ക്കെതിരെ രംഗത്തുള്ള സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും പറയുന്നു.