തിരുവനന്തപുരം - ആശ്രമം കത്തിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകൾക്കു പിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമത്തിന് പരിസരത്തുള്ളവർ തന്നെയാണ് കത്തിച്ചതെന്ന് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2018 ഒക്ടോബറിലാണ് തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം അക്രമികൾ അഗ്നിക്കിരയാക്കിയത്. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രകാശിന്റെ സഹോദരൻ പ്രശാന്തിന്റേതാണ് നിർണായക വെളിപ്പെടുത്തൽ.
'ഈ പരസരത്തുള്ളവരാണ് തീ കത്തിച്ചതെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. ആദ്യ സമയത്ത് അന്വേഷണത്തിൽ എവിടെയൊക്കെയോ ചില പാകപ്പിഴകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ വെളിപ്പെടുത്തൽ കേട്ടു. ആ മരണം ദുരൂഹമാണ്. അതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമാനമായ പലതും കണ്ടെത്താൻ സാധിക്കും.' സ്വാമി സന്ദീപാനന്ദ ഗിരി പറഞ്ഞു.
'മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി' എന്ന് പറഞ്ഞ് അദ്ദേഹം ഫേസ്ബുക്കിൽ ഒരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ 'നല്ല പത്തര മാറ്റ് ചാണകം' എന്നും അദ്ദേഹം കമന്റ് ചെയ്തിട്ടുണ്ട്. പുതിയ വെളിപ്പെടുത്തൽ നടത്തിയ പ്രശാന്തിന്റെ സഹോദരൻ പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തതാണ്. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷിച്ചാൽ കൂടുതൽ തെളിവുകൾ കണ്ടെത്താനാവുമെന്നുമാണ് പൊതുപ്രവർത്തകർ പറയുന്നത്.