ബ്രസീലിന്റെ ആരാധകന്‍, വീടിനും കാറിനും നിറം മഞ്ഞയാക്കി, ആവേശം കൊല്ലത്തുമുണ്ട്

കൊല്ലം- ഫുട്‌ബോള്‍ ആവേശം മുഴുവന്‍ മലപ്പുറത്തും കോഴിക്കോട്ടുമാണെന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ കൊല്ലം പള്ളിമുക്ക് സ്വദേശി സുധീര്‍ യൂസഫ് ഇത് സമ്മതിച്ചു തരില്ല. ആവേശവും ആരാധനയും മൂത്ത് ഇഷ്ടടീമായ ബ്രസീലിന്റെ ജഴ്‌സി വീടിനും കാറിനും അണിയിച്ചിരുക്കുകയാണ് മുന്‍ പ്രവാസിയായ സുധീര്‍.
പള്ളിമുക്ക് മഹാത്മാനഗറിലെ സുധീറിന്റെ വീട് ഇപ്പോള്‍ മഞ്ഞനിറത്തിലാണ്. കാറിന്റെ പണി പുരോഗമിക്കുന്നു. സുധീര്‍ ഇന്നു ബ്രസീല്‍ സുധീറാണ്.
അര്‍ജന്റീനയുടെ ഇതിഹാസ താരം ഡിയാഡോ മറഡോണയെ കണ്ടാണു സുധീര്‍ ഫുട്‌ബോള്‍ ഫാനാകുന്നത്. മറഡോണ ഒറ്റയ്ക്കു നയിച്ച അര്‍ജന്റീനിയന്‍ ടീമിന്റെ കട്ട ഫാന്‍ ആയിരുന്നു. മറഡോണ പോയതോടെ ടീമിന്റെ ശക്തി നഷ്ടപ്പെട്ടെന്നാണു സുധീറിന്റെ വാദം. മറഡോണ വിവാദങ്ങളില്‍ പെട്ടതും ടീം വിടാനുള്ള കാരണങ്ങളിലുണ്ട്. അക്കാലത്ത് റൊണാള്‍ഡോ, റിവാള്‍ഡോ, റൊമാരിയോ, റൊണാള്‍ഡീഞ്ഞോ, റൊബര്‍ട്ടോ കാര്‍ലോസ് തുടങ്ങിയ വന്‍ താരനിരകളാണ് ബ്രസീലില്‍. കളിയുടെ ഒത്തിണക്കം കാരണം ബ്രസീലിനോട് ആരാധന തുടങ്ങി. 1997 ല്‍ കാര്‍ലോസ് ഫ്രാന്‍സിനെതിരെ എടുത്ത ഫ്രീകിക്ക് വളഞ്ഞു ഗോള്‍വലയത്തില്‍ കയറിയതോടെ സുധീര്‍ ബ്രസീലിനൊപ്പം ചേര്‍ന്നു. ഇന്നും ഇഷ്ടതാരം റൊബര്‍ട്ടോ കാര്‍ലോസ് തന്നെ.
എല്ലാ ലോകകപ്പ്, കോപ്പ അമേരിക്ക ടൂര്‍ണമെന്റുകള്‍ എത്തുമ്പോളും ബ്രസീലിനു പിന്തുണയുമായി സുധീറിന്റെ നേതൃത്വത്തില്‍ ആരാധകര്‍ കൊല്ലത്തിറങ്ങും. ഫ്‌ളെക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ഒരുക്കും. വ്യത്യസ്തമായി എന്തു ചെയ്യണമെന്ന് ആലോചിച്ചപ്പോളാണ് വീടിനു ബ്രസീലിന്റെ പതാകയുടെ നിറം അടിക്കാമെന്നു തീരുമാനിച്ചത്. പോര്‍ച്ചില്‍ കിടക്കുന്ന കാര്‍ കൂടി മഞ്ഞ ആക്കിയാല്‍ കൂടുതല്‍ ഉഷാറാകുമെന്നു തോന്നിയതിനാല്‍  കാറിനും നല്‍കി ബ്രസീല്‍ ടച്ച്. 18 വയസ്സിനു മുന്‍പു ഗള്‍ഫില്‍ പോയ സുധീര്‍ അവിടെയും ഫുട്‌ബോള്‍ ക്ലബ് തുടങ്ങി. ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയിട്ട് വര്‍ഷം 8. ഖത്തറിലെത്തി ലോകകപ്പ് കാണുന്നതിലും ആവേശം കൊല്ലത്തുണ്ടെന്നാണ് സുധീറിന്റെ അഭിപ്രായം.

 

Latest News