Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സമുദ്രോൽപന്ന കയറ്റുമതിയിൽ 13 ശതമാനം വർധന

2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെയുള്ള ആദ്യ പത്തു മാസത്തിൽ ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി മുൻ വർഷത്തേക്കാൾ 13 ശതമാനം വർധിച്ചു. ശീതീകരിച്ച ചെമ്മീനും ശീതീകരിച്ച മത്സ്യവുമാണ് കയറ്റുമതിയിൽ ഏറെ ഡിമാൻറുള്ള ഉൽപന്നങ്ങളെന്ന് സമുദ്രോൽപന്ന കയറ്റുമതി അതോറിറ്റി (എംപിഇഡിഎ) പുറത്തു വിട്ടിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.
2016 ഏപ്രിൽ മുതൽ 2017 ജനുവരി വരെയുള്ള ഇതേ കാലയളവിലെ ആകെ സമുദ്രോൽപന്ന കയറ്റുമതി 9,54,744 ടണ്ണായിരുന്നു. 2017-18 ലെ ആദ്യ പത്തു മാസത്തിൽ അത് 10,85,378 ടണ്ണായി. 2016-17 ലെ ഇതേ കാലയളവിലെ കയറ്റുമതി മൂല്യം 32,620.03 കോടി രൂപയായിരുന്നെങ്കിൽ 2017-18 ലെ ഇതേ കാലയളവിൽ അത് 35,916.60 കോടിയായി. അളവിൽ 13.68 ശതമാനവും, മൂല്യത്തിൽ 10.11 ശതമാനവുമാണ് സമുദ്രോൽപന്ന കയറ്റുമതി വളർച്ച കൈവരിച്ചത്.
പോയ സാമ്പത്തിക വർഷത്തെ ആദ്യ പത്തു മാസത്തിലെ കയറ്റുമതി മൂല്യം ഡോളർ നിരക്കിൽ 5.64 ബില്യണാണ്. 2016 ഏപ്രിൽ മുതൽ 2017 ജനുവരി വരെ 4.98 ബില്യണായിരുന്നു ഡോളർ മൂല്യം. ഡോളർ മൂല്യത്തിൽ വളർച്ച 13.27 ശതമാനമാണ്.
അമേരിക്ക,  ദക്ഷിണ പൂർവേഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാർ. ജപ്പാനിലും ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് വമ്പിച്ച ഡിമാന്റാണുള്ളത്.
2016 ഏപ്രിൽ മുതൽ 2017 ജനുവരി വരെയുള്ള ആദ്യ പത്തു മാസവുമായി തട്ടിച്ചു നോക്കിയാൽ ആകെ കയറ്റുമതിയുടെ 42.05 ശതമാനം ശീതീകരിച്ച ചെമ്മീനാണ്. കയറ്റുമതിയിൽ ആകെ ലഭിച്ച ഡോളർ മൂല്യത്തിൽ 69.95 ശതമാനവും ഈ ഉൽപന്നത്തിൽ നിന്നാണ്. 3,946.30 ദശലക്ഷം ഡോളർ മൂല്യമുള്ള 4,56,404 മെട്രിക് ടൺ (2016 ഏപ്രിൽ മുതൽ 2017 ജനുവരി വരെയുള്ള കാലയളവിൽ 3,78,355 മെട്രിക് ടൺ) ശീതീകരിച്ച ചെമ്മീനാണ് കയറ്റുമതി ചെയ്തത്. കയറ്റുമതി അളവിൽ 20.63 ശതമാനത്തിന്റെയും ഡോളർ മൂല്യത്തിൽ 21.61 ശതമാനത്തിന്റെയും വർധനയാണ് രേഖപ്പെടുത്തിയത്.
അമേരിക്കയാണ് ശീതീകരിച്ച ചെമ്മീന്റെ ഏറ്റവും വലിയ (1,87,873 ടൺ) വിപണി. ദക്ഷിണ പൂർവേഷ്യ (1,27,525 ടൺ), യൂറോപ്യൻ യൂണിയൻ (62,164 ടൺ) ജപ്പാൻ (28,064 ടൺ) ചൈന (9533 ടൺ) എന്നിങ്ങനെയാണ് കയറ്റുമതി കണക്ക്.
വനാമി ചെമ്മീന്റെ കയറ്റുമതി 2,89,826 ടണ്ണിൽ നിന്ന് 3,32,415 ടണ്ണായി ഉയർന്നു. പോയ സാമ്പത്തിക വർഷത്തെ (201718) ആദ്യ പത്തു മാസത്തിൽ 14.69 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ജപ്പാനാണ് കാര ചെമ്മീന്റെ പ്രധാന കയറ്റുമതി വിപണി. കാര ചെമ്മീന്റെ കയറ്റുമതിയിൽ 49.38 ശതമാനവും ജപ്പാൻ സംഭാവനയാണ്. 18.09 ശതമാനവുമായി അമേരിക്കയും 15.06 ശതമാനവുമായി ദക്ഷിണ പൂർവേഷ്യയുമാണ് പിന്നിൽ.
ആഗോളതലത്തിൽ ചെമ്മീന്റെ വിലയിടഞ്ഞതും മറ്റ് രാജ്യങ്ങൾ ഉൽപാദനം കൂട്ടിയതും അതിജീവിച്ചു കൊണ്ടാണ് ഇന്ത്യൻ ചെമ്മീൻ കയറ്റുമതി കുതിപ്പ് നേടിയതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. എ ജയതിലക് പറഞ്ഞു. ആൻറി ബയോട്ടിക്കുകളെ കണ്ടെത്താനുള്ള പരിശോധന കർശനമാക്കിയ യൂറോപ്യൻ യൂണിയന്റെ  നിബന്ധനകളെ അതിജീവിച്ചും ഇക്വഡോർ, അർജൻറീന എന്നീ രാജ്യങ്ങളിൽ നിന്നുള്ള കടുത്ത മത്സരവും മറികടന്നാണ് ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News