ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ഗള്‍ഫില്‍നിന്ന് മടങ്ങി എത്തിയ പ്രതി പിടിയില്‍

നെടുമ്പാശ്ശേരി- ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. മാവേലിക്കര സ്വദേശി ദീപു ത്യാഗരാജനെ (39) യാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്ത് മാവേലിക്കര പോലിസിന് കൈമാറിയത്. ഒമാനിലേക്കു കടന്ന പ്രതി തിരികെയെത്തിയപ്പോഴായിരുന്നു പിടികൂടിയത്. വിവിധ കേസുകളിലായി 39 പേരില്‍ നിന്നായി രണ്ടരക്കോടി രൂപയാണ് ദീപു ത്യാഗരാജന്‍ തട്ടിയെടുത്തത്. ഇയാള്‍ രാജ്യം വിട്ടതോടെ പൊലിസ് ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് ജോലി സ്ഥലത്തു നിന്നു പിടികൂടി നാടുകടത്തുമെന്നു ബോധ്യമായതോടെയാണ് നാട്ടിലേക്കു മടങ്ങിയത്. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി. വിനീഷ് രാജിന്റെ (32) സുഹൃത്താണ് ഇപ്പോള്‍ അറസ്റ്റിലായ ദീപു. ഇയാളാണ് തട്ടിപ്പിന്റെ സൂത്രധാരനും വ്യാജ രേഖകള്‍ തയാറാക്കിയതെന്നുമാണ്  പോലിസ് കണ്ടെത്തല്‍. ഇതോടെ ഈ കേസില്‍ 14 പേര്‍ പിടിയിലായിട്ടുണ്ട്.

 

Latest News