കപ്പിനുള്ളിലെ കൗതുകം
1924 ലും 1928 ലും ഉറുഗ്വായ് ഒളിംപിക്‌സിൽ സ്വർണം നേടിയത് ആന്ദ്രെ മസാലിയുടെ കൂടി കരുത്തിലായിരുന്നു. ഗോൾവലക്കു മുന്നിൽ വൻമലയായിരുന്നു മസാലി. രണ്ട് ഒളിംപിക്‌സിലും സ്വർണം നേടിയ ടീമിലെ എട്ടു പേർ 1930 ലെ പ്രഥമ ലോകകപ്പിനുള്ള ഉറുഗ്വായ് ടീമിൽ സ്ഥാനം നേടി. മസാലിയായിരുന്നു ഒന്നാം ഗോളി. എന്നാൽ ലോകകപ്പ് തുടങ്ങുന്നതിന് നാലു ദിവസം മുമ്പ് മസാലി ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു. ടീമംഗങ്ങൾ ഹോട്ടലിനു പുറത്ത് പോകാൻ പാടില്ലെന്ന് കോച്ച് നിർദേശിച്ച സമയത്ത് ഒളിച്ചു കടന്നതിനായിരുന്നു ശിക്ഷ. ഒരു യുവതിയുമായുള്ള കൂടിക്കാഴ്ചക്കായിരുന്നു മസാലി ഹോട്ടൽ വിട്ടത്. പിന്നീടൊരിക്കലും മസാലി ഉറുഗ്വായ് ജഴ്‌സിയിട്ടില്ല. ഇരട്ട ഒളിംപിക് സ്വർണം നേടിയ ബാക്കി ഏഴു പേരും ലോകകപ്പും ഉയർത്തി.
അറിയാമോ? ലാറ്റിനമേരിക്കയിലെ മികച്ച ഗോൾകീപ്പർമാരിലൊരാൾ മാത്രമായിരുന്നില്ല മസാലി. 1920 ലെ ലാറ്റിനമേരിക്കൻ 400 മീറ്റർ ഹർഡിൽ്‌സ് ചാമ്പ്യനായിരുന്നു. 1923 ൽ ദേശീയ ബാസ്‌കറ്റ്‌ബോൾ കിരീടം നേടിയ ഒളിംപിയ ടീമിൽ അംഗമായിരുന്നു.
കന്നി ലോകകപ്പിൽ ആതിഥേയർ ആദ്യ മത്സരത്തിന് ഇറങ്ങുന്നതായിരുന്നു അതിന്റെയൊരു ചന്തം. എന്നാൽ 1930 ലെ ലോകകപ്പിൽ ഉറുഗ്വായ് കൡച്ചത് അഞ്ചാം ദിവസമായിരുന്നു. കാരണം കനത്ത മഴയും മറ്റും കാരണം മുഖ്യ വേദിയായ മോണ്ടിവിഡിയോയിലെ എസ്റ്റാഡിയൊ സെന്റനാരിയൊ നിർമാണം പൂർത്തിയായിരുന്നില്ല. തുടങ്ങാൻ വൈകിയെങ്കിലെന്ത്, ഫൈനൽ വരെയുള്ള നാലു മത്സരങ്ങളും ഉറുഗ്വായ് കളിച്ചത് ഈ സ്‌റ്റേഡിയത്തിലാണ്. 1966 ലെ ലോകകപ്പിൽ ഇംഗ്ലണ്ടും എല്ലാ കളികളും ഒരേ സ്‌റ്റേഡിയത്തിൽ കളിച്ചു. അതേസമയം, 2002 ലെ ലോകകപ്പിൽ ബ്രസീൽ ഏഴു മത്സരങ്ങൾ ജയിച്ചത് ഏഴ് സ്‌റ്റേഡിയങ്ങളിലാണ്. ആ ലോകകപ്പിൽ 20 നഗരങ്ങളിലായി 20 സ്‌റ്റേഡിയങ്ങൾ ഉപയോഗിച്ചു.
കഴിഞ്ഞ ലോകകപ്പ് സെമിയിൽ ബ്രസീലിനെ ജർമനി 7 1 ന് കശക്കിയത് അമ്പരപ്പായി. എന്നാൽ 1930 ലെ ലോകകപ്പ് സെമിയിൽ രണ്ടു കളികളും വിധിയായത് 6 1 ലായിരുന്നു. ഉറുഗ്വായ് യുഗോസ്ലാവ്യയെയും അർജന്റീന അമേരിക്കയെയും തോൽപിച്ചു.
ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയ ഒരാളേയുള്ളൂ, ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്‌സ്റ്റ് (1966 ൽ ജർമനിക്കെതിരെ). എന്നാൽ സെമിയിൽ മൂന്നു പേർ ഹാട്രിക്കടിച്ചിട്ടുണ്ട്. ഉറുഗ്വായുടെ പെഡ്രൊ സിയ (1930, യൂഗോസ്ലാവ്യക്കെതിരെ), ചെക്കൊസ്ലൊവാക്യയുടെ ഓൾഡ്രിച് നെജെദ്‌ലി (1934, ജർമനിക്കെതിരെ), ബ്രസീലിന്റെ പെലെ (1958, ഫ്രാൻസിനെതിരെ).