കാട്ടാനകളോടും പന്നികളോടും പൊരുതി നരിവയലിലെ നെൽ കർഷകർ

പുൽപള്ളി- നെൽക്കൃഷിയിൽ നാടിനു മാതൃകയായി നരിവയലിലെ കർഷകർ. പ്രതിസന്ധികൾക്കിടയിലും നെൽക്കൃഷിയെ നെഞ്ചോടു ചേർത്തുപിടിക്കുകയാണ് നരിവയലിലെ കർഷക സമൂഹം. പഞ്ചായത്തിലെ വനഗ്രാമങ്ങളിൽ ഒന്നാണ് നരിവയൽ. കാലാവസ്ഥയിലെ പിഴവിനോടും വന്യജീവി ശല്യത്തോടും പൊരുതി ഗ്രാമത്തിലെ പാടത്ത് കർഷകർ ഇറക്കിയ കൃഷിക്കു ഇപ്പോൾ  കതിർ പ്രായം.
വന്യജീവിശല്യമാണ് ഗ്രാമീണർ നേരിടുന്ന പ്രധാന പ്രശ്‌നം. കാടിനു നടുവിലെ പാടത്ത് കാവൽമാടങ്ങൾ കെട്ടിയാണ് ആനയും പന്നിയും അടക്കം വന്യജീവികളിൽനിന്നു കർഷകർ കൃഷിക്കു സംരക്ഷണം നൽകുന്നത്. പാടത്തിന്റെ അതിരുകളിൽ മുളങ്കാടാണ്. കാട്ടാനകളുടെ ഇഷ്ടഭക്ഷണമാണ് മുള. ഗ്രാമാതിർത്തിയിൽ മേയുന്ന ആനകൾ കൂട്ടത്തോടെ പാടത്ത് ഇറങ്ങുന്നതിനു സാധ്യത ഏറെയാണ്. അതിനാൽ മാടങ്ങളിൽ രാത്രി ഉറക്കം കളഞ്ഞാണ് കർഷകരുടെ കാവൽ. പാടത്തിന്റെ അതിരുകളിൽ എത്തുന്ന ആനകളെയും പന്നികളെയും അകറ്റുന്നത്. പകൽ പാടത്തു കുരങ്ങുകൾ കൂട്ടത്തോടെ ഇറങ്ങുന്നതു തടയുന്നതിലും കർഷകർ ജാഗ്രത പുലർത്തുന്നുണ്ട്.
കർഷകർ ഒരുമയോടെ കൃഷി ചെയ്യുന്ന പ്രദേശമാണ് നരിവയൽ. കൃഷിക്കാർ ഏതാണ്ട് ഒരേകാലത്താണ് പാടം ഒരുക്കി കൃഷി ഇറക്കുന്നതും വിളവെടുക്കുന്നതും. ഒരേസമയം മൂപ്പെത്തുന്ന നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. വലിച്ചൂരി, തൊണ്ടി, ഗന്ധകശാല എന്നിവ നരിവയലുകാരുടെ  പ്രിയ നെല്ലിനങ്ങളാണ്.
പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപിനു സമീപമാണ് നരിവയൽ. പട്ടികവർഗത്തിലെ കുറുമ വിഭാഗത്തിൽപ്പെട്ടവരാണ് കർഷകരിൽ അധികവും. ഗതകാലത്തു പൂർണമായും തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു ഗ്രാമത്തിൽ നെൽക്കൃഷി. നിലവിൽ പാടം ഒരുക്കുന്നതിനു യന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. തൊഴിലാളി ക്ഷാമമാണ് യന്ത്രോപയോഗത്തിനു നിർബന്ധിതമാക്കുന്നതെന്നു കർഷകർ പറയുന്നു.  
നരിവയലിലെ കർഷകരുടെ മുഖ്യ ഉപജീവനമാർഗമാണ് നെൽക്കൃഷി. വീട്ടാവശ്യത്തിനും വിത്തിനും ഒഴികെ നെല്ല് വിറ്റുകിട്ടുന്ന തുകയാണ് കൃഷിക്കാരുടെ പ്രധാന വരുമാനം. നരിവയലിനടുത്തുള്ള  മാതളംപറ്റമൂല, പൂളക്കുനി, മൈലാടി, എളുമ്പിലാശേരി, കാലഞ്ചോല പ്രദേശങ്ങളിലും നെൽക്കൃഷിയെ ആശ്രയിച്ചാണ് ജനജീവിതം. മാതളംപറ്റമൂല, മൈലാടി എന്നിവയും വനത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങളാണ്.
പ്രകൃതിരമണീയതയാണ് നരിവയലിലും സമീപങ്ങളിലുമുള്ള ഗ്രാമങ്ങളുടെ  വലിയ പ്രത്യേകത. മുളങ്കാടും പാടവും തോടുമെല്ലാം ഗ്രാമങ്ങളുടെ ചാരുത കൂട്ടുകയാണ്. 

Latest News