സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്നവരെ നിരാശരാക്കുന്ന വിധിയാണ് മുന്നോക്ക സംവരണ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നു വന്നിരിക്കുന്നത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെ അഞ്ചിൽ മൂന്നു ജഡ്ജിമാരും അനുകൂലിച്ചാണ് വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് യു.യു. ലളിതിനും ജസ്റ്റിസ് രവീന്ദ്ര ഭട്ടിനുമാകട്ടെ, നിലവിൽ സംവരണം കിട്ടുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയതിൽ മാത്രമാണ് വിയോജിപ്പ്. അതേസമയം, സംവരണ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ആലോചിക്കേണ്ട സമയമായെന്നും കോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്.
ഈ വിധിയുമായി ബന്ധപ്പെട്ട് ഏറ്റവും ശ്രദ്ധേയമായ കാര്യം സാമ്പത്തിക സംവരണം എന്ന പദമാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നതാണ്. പക്ഷേ സംവരണ ആനുകൂല്യം ലഭിക്കാത്തവരിലെ - ഫലത്തിൽ മുന്നോക്കക്കാരിലെ - സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണം എങ്ങനെയാണ് സാമ്പത്തിക സംവരണമാകുന്നത്. പിന്നോക്ക വിഭാഗങ്ങൾക്ക് നിലനിൽക്കുന്ന സംവരണവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കല്ലേ നൽകുന്നത്? ഈ യുക്തി വെച്ചാണെങ്കിൽ അതും സാമ്പത്തിക സംവരണമാകണ്ടേ? സത്യത്തിൽ ഇത് സാമ്പത്തിക സംവരണമല്ല, മുന്നോക്ക സംവരണം തന്നെയാണ്.
സാമ്പത്തിക സംവരണമാക്കണമെന്നാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറയുന്നത്. ഒരു കാര്യം നടപ്പാക്കുമ്പോൾ രാജ്യത്തെ എല്ലാ വിഭാഗങ്ങൾക്കും തുല്യ അവസരത്തിന് അർഹതയുണ്ട്. ഇപ്പോൾ മാറ്റിനിർത്തിയിരിക്കുന്നവരെ കൂടി സംവരണത്തിൽ ഉൾപ്പെടുത്തണം. 'മാറ്റിനിർത്തൽ' എന്നത് ഇന്ത്യൻ ഭരണഘടനക്ക് യോജിച്ചതല്ലെന്നു അദ്ദേഹം പറയുന്നൂ. അതായത് മുന്നോക്ക സംവരണത്തെയാണ് സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത് എന്നർത്ഥം.
സംവരണം ദുർബല വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനാണ്. അതുകൊണ്ട് സാമ്പത്തികമായി ദുർബലരായവരെയും ഉയർത്തിക്കൊണ്ടുവരാൻ സംവരണം സഹായിക്കുമെന്നാണ് ജസ്റ്റിസുമാരുടെ പൊതുവാദം. ജാതി മാത്രമല്ല അതിനുള്ള മാനദണ്ഡം എന്നും ലോകത്തെവിടെയും ജാതിയെ സംവരണത്തിന്റെ മാനദണ്ഡമാക്കുന്നില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നതും ശ്രദ്ധേയമാണ്.
ഗുജറാത്ത്, ഹിമാചൽ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിലാണ് ഈ വിധിയെന്നത് യാദൃഛികമാണെന്നു കരുതാനാവില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് കേന്ദ്ര സർക്കാർ മുന്നോക്ക സംവരണം കൊണ്ടുവന്നത്. 2019 ജനുവരിയിലാണ് ഇതുസംബന്ധിച്ച് ഭരണഘടനയുടെ 103 ാം അനുഛേദത്തിൽ ഭേദഗതി കൊണ്ടുവന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടതിനു പിന്നാലെയായിരുന്നു അത്.
എന്തുകൊണ്ട് ഈ വിധി ഭരണഘടന മൂല്യങ്ങൾക്കെതിരാകുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. വിശദമായ ചർച്ചകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ഇന്ത്യൻ ഭരണഘടനയിൽ സംവരണം ഉൾപ്പെടുത്തിയത്. ഭരണഘടന ഉറപ്പു നൽകുന്ന തുല്യാവകാശങ്ങൾക്കും തുല്യാവസരങ്ങൾക്കും എതിരാവാതെ, സാമൂഹിക നീതി ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയുടെ 15 (4), 16 (4) വകുപ്പുകളിൽ സംവരണത്തിനുള്ള നിർദേശം പ്രതിപാദിച്ചിരിക്കുന്നത്. തലമുറകളായി അധികാര തലങ്ങളിൽ മതിയായ പ്രാതിനിധ്യം ലഭിക്കാതെ പോയ, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ വിഭാഗങ്ങളുടെ ഉന്നമനമാണ് സംവരണത്തിന്റെ ലക്ഷ്യം. സാമ്പത്തിക നീതിക്കല്ല സാമൂഹ്യ നീതിക്കാണ് സംവരണം എന്നർത്ഥം. അതാണിവിടെ അട്ടിമറിക്കപ്പെടുന്നത്.
സമൂഹത്തിലെ പാവപ്പെട്ടവരെ കൈപിടിച്ചുയർത്തിക്കൊണ്ടുവരാനുള്ള മാർഗമല്ല. നൂറ്റാണ്ടുകളായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നൽകുന്ന പരിരക്ഷകളിൽ ഒന്നു മാത്രമാണ് സംവരണം. കാലങ്ങളായി അടിമകളെ പോലെ മൃഗതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ജനവിഭാഗങ്ങളോട് ഒരു സുപ്രഭാതത്തിൽ എല്ലാ മനുഷ്യരും തുല്യരാണ് എന്നു പറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി മുഴുവൻ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തിൽ ചുരുക്കംവരുന്ന സവർണരോട് മത്സരിക്കാൻ പറഞ്ഞാൽ നീതിബോധമുള്ള ആർക്കും അതംഗീകരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനാശിൽപികൾ സംവരണ തത്വം നമ്മുടെ ഭരണഘടനയിൽ ചേർത്തത്.
തീർച്ചയായും ജനസംഖ്യാനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങൾ രാഷ്ട്രീയ/സാമൂഹ്യ/സാമ്പത്തിക/സാംസ്കാരിക മണ്ഡലങ്ങളിൽ മറ്റു ഉയർന്ന വിഭാഗങ്ങളുമായി തുല്യതയിൽ എത്തുമ്പോൾ സംവരണ ആനുകൂല്യങ്ങൾ എടുത്തു മാറ്റണമെന്ന് ഭരണഘടന ശിൽപികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സൂചിപ്പിക്കുന്ന കോടതി പക്ഷേ അത്തരമൊരു പരിശോധന നടത്താനാവശ്യപ്പെടുന്നില്ല. എത്രയോ ദളിത് സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെട്ടിട്ടും ജാതി സെൻസസിനു സർക്കാരുകൾ തയാറാകാത്തത് എന്തുകൊണ്ടാണ്? കാരണം വ്യക്തമാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്ന അടിസ്ഥാന തത്വത്തിന്റെ അടുത്തു പോലും നമ്മളെത്തിയിട്ടില്ല എന്ന സത്യം പുറത്തു വരുമെന്നതു തന്നെ. അതുകൊണ്ടാണ് സാമ്പത്തിക സംവരണമെന്ന ലേബലിൽ ഭരണഘടന വിരുദ്ധമായ മുന്നോക്ക സംവരണം കൊണ്ടുവന്നതും സുപ്രീം കോടതി തന്നെ അതിന് അംഗീകാരം നൽകിയതും.
ലോകത്തെവിടെയും ജാതി സംവരണമില്ല എന്ന വിധിയിലെ പരാമർശം ചിരിക്കു വക നൽകുന്നതാണ്. പലതരം വിവേചനങ്ങൾ നിലവിലുണ്ടെങ്കിലും ജാതിയുടെ ശ്രേണീകൃതമായ അധികാര ബന്ധങ്ങളും സാമൂഹ്യ - കുടുംബ ബന്ധങ്ങളും എവിടെയെങ്കിലും നിലവിലുണ്ടോ? ജാതി തന്നെയാണ് രാജ്യത്ത് സാമൂഹ്യ നീതി നിഷേധിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത്. ജാതിശ്രേണിയിൽ പുറന്തള്ളപ്പെട്ടുപോയ, ഇപ്പോഴും പുറന്തളളപ്പെടുന്ന വിഭാഗങ്ങൾക്ക് അധികാര-ഭരണ വ്യവസ്ഥിതിയിലും സാമൂഹിക അധികാരങ്ങളെ ഉറപ്പിക്കുന്ന ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രാതിനിധ്യം ഉറപ്പിക്കുക എന്നതാണ് സംവരണത്തിന്റെ കാതലായ തത്വം. ഭരണഘടനയുടെ ഈ അടിസ്ഥാന തത്വത്തെയും നീതിയുക്തമായ സമൂഹ രൂപീകരണത്തെയുമാണ് മുന്നോക്ക സംവരണത്തിലൂടെ അട്ടിമറിക്കുന്നത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ക്ഷേമപദ്ധതികളാണ് സർക്കാർ നടപ്പാക്കേണ്ടത്. അതിനാണ് സമരം ചെയ്യേണ്ടത്.
ഭരണഘടനയുടെ 103 -ാം ഭേദഗതി. 15 6 ), 16 (6) എന്നീ ഉപവകുപ്പുകൾ കൂട്ടിച്ചേർത്താണ് മുന്നോക്ക സംവരണം നടപ്പാക്കിയത്. ഭരണഘടനയുടെ അടിസ്ഥാന സങ്കല്പങ്ങളെ തന്നെ തിരുത്തുന്ന ഇത്തരമൊരു ഭേദഗതി ഒറ്റദിവസത്തെ ചർച്ചകൊണ്ടാണ് പാർലമെന്റ് പാസാക്കിയത്. ബിജെപി, കോൺഗ്രസ്, സിപിഎം തുടങ്ങിയവരെല്ലാം അതിനെ പിന്തുണയ്ക്കുകയും ചെയ്തു. അതിനെതിരായ ഹരജികളാണ് ഇപ്പോൾ സുപ്രിംകോടതി തന്നെ തള്ളിയിരിക്കുന്നത്.
വാസ്തവത്തിൽ ജാതിസംവരണത്തിനെതിരെ ആദ്യമായി നിലപാടെടുത്തത് സി.പി.മ്മും അതിന്റെ അനിഷേധ്യ നേതാവായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടുമായിരുന്നു എന്നതും ഇവിടെ ഓർക്കേണ്ടതാണ്. ജാതിയടക്കമുള്ള എല്ലാ സാമൂഹ്യ ചലനങ്ങളെയും വർഗ സമരങ്ങളെയും സാമ്പത്തിക നിലപാടുകളിൽ മാത്രം നോക്കിക്കാണുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ സ്വാഭാവികമായും എത്തിച്ചേരുന്ന നിലപാട് തന്നെയാണവരുടേത്.
വർഗരാഷ്ട്രീയ ചട്ടക്കൂടിനകത്ത് ജാതിയെ അടിസ്ഥാനമാക്കിയ സംവരണം ഉൾക്കൊള്ളിക്കാനാവില്ല എന്നതു തന്നെയായിരുന്നു അവർ നേരിട്ട പ്രതിസന്ധി. അതിനാൽ തന്നെ ഒത്തുതീർപ്പെന്ന രീതിയിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് എന്ന സിദ്ധാന്തവും അവർ മുന്നോട്ടുവെച്ചു. അതിനാൽ കേന്ദ്ര തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കൾ അന്നു തന്നെ സ്വാഗതം ചെയ്തിരുന്നു. തങ്ങളിതു പണ്ടേ പറഞ്ഞതല്ലേ എന്ന മട്ടിലായിരുന്നു അവരുടെ ചോദ്യം.






