അത് കല്ലേറല്ല, ഉവൈസി സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ പോലീസ്

വഡോദര- പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി സഞ്ചരിച്ചിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായെന്ന എഐഎംഐഎമ്മിന്റെ വാദം തള്ളി ഗുജറാത്ത് റെയില്‍വേ പോലീസ്.അഹമ്മദാബാദില്‍ നിന്ന് സൂറത്തിലേക്ക് വന്ദേ ഭാരത് ട്രെയിനില്‍ പോകുമ്പോള്‍ ഉവൈസി ഇരുന്ന കോച്ചിന് നേരെ കല്ലേറുണ്ടായെന്ന് പാര്‍ട്ടി വക്താവ് വാരിസ് പത്താന്‍ ആരോപിച്ചിരുന്നു. എഐഎംഐഎം നേതാവിനെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പാര്‍ട്ടി പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, ഗുജറാത്ത് റെയില്‍വേ പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
അങ്കലേശ്വറിനും സൂറത്തിനും ഇടയിലുള്ള ട്രാക്കില്‍ റെയില്‍വേ ജോലികള്‍ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി.എച്ച് ഗൗര്‍ മാധ്യമങ്ങളോട് പറഞ്ഞു. വന്ദേ ഭാരത് തെക്ക് ഭാഗത്തേക്ക് നീങ്ങുമ്പോള്‍ അതേ സമയം പശ്ചിമ എക്‌സ്പ്രസ് വടക്കോട്ട് നീങ്ങിയപ്പോള്‍ കമ്പനം മൂലം കോച്ചിന്റെ ജനലില്‍ കല്ല് പതിച്ചു.
ഏതെങ്കിലും ഗുണ്ടായിസം സംശയിക്കാന്‍ സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമായി.
ഉവൈസി ഇ121ല്‍ ഇരിക്കുമ്പോള്‍ സീറ്റ് നമ്പര്‍ ഇ 125 ന് സമീപമുള്ള ജനലിലാണ് കല്ല് പതിച്ചതെന്നും റെയില്‍വേ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News