ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; 62 ശതമാനം സൗദികള്‍ ഇരകളായെന്ന് സര്‍വേ

റിയാദ് - ഭൂരിഭാഗം സൗദി പൗരന്മാരും ഫോണ്‍ കോളുകളിലൂടെയോ എസ്.എം.എസ്സുകളിലൂടെയോ മറ്റു ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങള്‍ക്ക് വിധേയരാകുന്നതായി ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സൗദിയില്‍ 62 ശതമാനം സൗദി പൗരന്മാര്‍ സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങള്‍ക്ക് ഇരകളായതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡയലോഗ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിംഗ്, പോസ്റ്റല്‍ ഷിപ്പ്‌മെന്റ്, എ.ടി.എം കാര്‍ഡ് വഴിയുള്ള പെയ്‌മെന്റ് എന്നിവ അടക്കം നേരത്തെ നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ടും നേരത്തെയുണ്ടായ തട്ടിപ്പ് ശ്രമങ്ങളുമായി ബന്ധപ്പെട്ടും 28 ശതമാനം പേര്‍ തട്ടിപ്പ് ശ്രമങ്ങള്‍ക്ക് വിധേയരായി.
ഫോണ്‍ കോളുകളും മറ്റു ഇലക്‌ട്രോണിക് മാധ്യമങ്ങളും വഴിയുള്ള തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടതായി സര്‍വേയില്‍ പങ്കെടുത്ത 14 ശതമാനം പേര്‍ വെളിപ്പെടുത്തി. തട്ടിപ്പുകള്‍ 53 ശതമാനത്തിന്റെ ജീവിതത്തെയും കുടുംബ ജീവിതത്തെയും ബാധിച്ചു. 16 ശതമാനത്തിന്റെ നിക്ഷേപ പദ്ധതികള്‍ തടസ്സപ്പെടുത്തി. 31 ശതമാനം പേര്‍ പ്രത്യേക വസ്തുക്കള്‍ വാങ്ങാനുള്ള പദ്ധതികള്‍ ഉപേക്ഷിച്ചു. തട്ടിപ്പ് ശ്രമങ്ങളില്‍ 72 ശതമാനവും ബാങ്കും ബാങ്ക് ഉദ്യോഗസ്ഥരായും ആള്‍മാറാട്ടം നടത്തിയാണ് സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ശ്രമിച്ചതെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തി.

 

Latest News