കോഴിക്കോട്- കേരളത്തില്‍ സ്വര്‍ണവേട്ട എല്ലാ ദിവസവും വാര്‍ത്തയാണെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തിനിടെ 14 പേരെ മാത്രമാണ് സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലടച്ചതെന്ന് വിവരാവകാശരേഖ.
കൊച്ചി കസ്റ്റംസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2012 മുതല്‍ 2022 വരെ 3,171 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. 2013ല്‍ നാലും 2015ല്‍ രണ്ടും 2016ല്‍ ആറും പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സ്വര്‍ണക്കടത്ത് മാഫിയയുടെ തന്ത്രപരമായ നീക്കമാണിതിന് പിന്നില്‍. ഒരു കോടി രൂപയില്‍ താഴെ വിലവരുന്ന സ്വര്‍ണം കടത്തിയാല്‍ വിചാരണ നടപടികള്‍ ഒഴിവാക്കുക എന്നതാണ് കസ്റ്റംസ് വകുപ്പിന്റെ രീതി. സ്വര്‍ണം കണ്ടുകെട്ടും. പിഴയും ചുമത്തും. വിചാരണയില്ലാത്തതിനാല്‍ ജയില്‍ ശിക്ഷ ഉണ്ടാകില്ല. ഇതറിയുന്ന കടത്തുകാരും പിന്നണിക്കാരും 99 ലക്ഷം രൂപ വരെ മാത്രം വിലവരുന്ന സ്വര്‍ണം കടത്താന്‍ ശ്രദ്ധിക്കും. 2012 നും 2022 നും ഇടയില്‍ കൊച്ചി ഒഴികെയുള്ള കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് 1,618.55 കിലോ സ്വര്‍ണമാണ് പിടികൂടിയത്. തിരുവനന്തപുരം 233.37 കിലോഗ്രാം, കോഴിക്കോട് 1205.21 കിലോഗ്രാം, കണ്ണൂര്‍ 179.97 കിലോഗ്രാം. റോഡ് വഴി 276.22 കിലോഗ്രാം കൂടി പിടിച്ചെടുത്തു. എന്നാല്‍ കടത്തുകാരില്‍ ബഹുഭൂരിപക്ഷവും അകത്തായില്ല. കാരണം കടത്തിന്റെ ഭൂരിഭാഗവും ഒരു കോടി രൂപയില്‍ താഴെയാണ്.