Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ താരമായി സൗദി യുവാവ്; അഭിനന്ദന പ്രവാഹം

ദോഹ-മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന  ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതിനായി ജിദ്ദയില്‍നിന്ന് കാല്‍നടയായി ദോഹയിലെത്തിയ സൗദി യുവാവ് ഖത്തറില്‍ താരമാകുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് തന്റെ സാഹസിക ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സൗദി യുവാവ് അബ്ദുല്ല അല്‍ സാല്‍മിയെ നേരില്‍ കണ്ട് അഭിനന്ദനമറിയിക്കുന്നത്.  
സൗദി അറേബ്യ തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ്  ഫുട്‌ബോള്‍ ആരാധകനായ അബ്ദുല്ല അല്‍ സാല്‍മി കാല്‍നടയാത്രക്ക് പദ്ധതിയിട്ടത്.   അറേബ്യന്‍ മരുഭൂമിയിലൂടെ 1,600 കിലോമീറ്റര്‍ നടത്തം. ജന്മനാട് ജിദ്ദ മുതല്‍ ദോഹ വരെ നടന്ന് ലോകകപ്പിന്റെ ഭാഗമാവുക. സെപ്തംബര്‍ ഒമ്പതിന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട അല്‍ സാല്‍മി സൗദി അറേബ്യയുടെ മുഴുവന്‍ ഭൂപ്രദേശവും നടന്ന് 55 ദിവസത്തിന് ശേഷം ദോഹയിലെത്തി.

ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറയില്‍ വീരോചിതമാ സ്വീകരണമാണ് ലഭിച്ചത്. ലോകകപ്പ് സംഘാടകരും ഫുട്‌ബോള്‍ ആരാധകരുമൊക്കെ ഈ യുവാവിന്റെ സാഹസിക ദൗത്യം അംഗീകരിച്ചപ്പോള്‍ ഖത്തറിലെ മിന്നും താരമായി ഈ സൗദി യുവാവ് മാറുകയായിരുന്നു.  
ചെങ്കടല്‍ തീരത്തുളള ജിദ്ദ കോര്‍ണിഷില്‍ നിന്ന് അറേബ്യന്‍ ഗള്‍ഫിലെ ദോഹ കോര്‍ണിഷിലേക്ക് നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. കാല്‍നടയാത്ര സ്വാതന്ത്ര്യബോധം നല്‍കുന്നു, ഈ മേഖലയിലെ ആദ്യ ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആരാധകരുമായി ഈ അഭിനിവേശവും സ്‌നേഹവും പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ഗ്രീന്‍ ഫാല്‍ക്കണ്‍സ് ആരാധകനായ അല്‍ സാല്‍മി കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ദേശീയ ടീം എന്റെ നടത്തത്തെക്കുറിച്ച് കേള്‍ക്കുമെന്നും അത് അവരെ ആവേശഭരിതരാക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എനിക്ക് ലഭിച്ച അത്ഭുതകരമായ സ്വീകരണം വളരെ വലുതാണ്. ഖത്തര്‍ അതിര്‍ത്തി കടന്നപ്പോള്‍ തന്നെ ആളുകള്‍ പൂക്കളും ഭക്ഷണവുമായി എന്നെ എതിരേറ്റു. ഈ ലോകകപ്പ് ആളുകളെ ഒരുമിച്ച് കൊണ്ടുവരാന്‍ വേണ്ടിയുള്ളതാണ്, എന്റെ യാത്ര മറ്റുള്ളവരെ പരസ്പരം നടക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു  അതിരുകള്‍ കടക്കാനും പരസ്പരം അറിയാനും ഈ മേഖലയിലെ നമ്മളില്‍ പലരും പോരാടേണ്ട സ്റ്റീരിയോടൈപ്പുകള്‍ തകര്‍ക്കാനും ഈ സംരംഭം കാരണമാവട്ടെയെന്നാണ് തന്റെ പ്രാര്‍ഥനയെന്ന്  അല്‍ സാല്‍മി പറഞ്ഞു.

സാല്‍മിയോടൊപ്പം ഫോട്ടോ പിടിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചും ഫുട്‌ബോള്‍ ആരാധകര്‍ സ്‌നേഹം പങ്കുവെക്കുമ്പോള്‍ സാഹസികതയും മാനവികതയും ഒന്നിപ്പിക്കുന്ന കായികലോകം കൂടുതല്‍ സജീവമാവുകയാണ്.
കാനഡയില്‍ നിന്നും വിദ്യാഭ്യാസം നേടിയ 33 കാരനായ ഈ സൗദി യുവാവ് സന്ദേശപ്രധാനമായ തന്റെ സാഹസിക യാത്രയുടെ ഓളങ്ങളെ സ്‌നേഹസൗഹൃദങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാനാണ് പ്രയോജനപ്പെടുത്തുന്നത്.  

 

 

Latest News