തിരുവനന്തപുരം - തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മകനെ കസ്റ്റംസ് വസ്ത്രം അഴിച്ച് പരിശോധിച്ചതിൽ രൂക്ഷ വിമർശവുമായി മുസ് ലിം ലീഗ് നേതാവും വ്യവസായിയുമായ പി.വി അബ്ദുൽ വഹാബ് എം.പി.
'സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആരെങ്കിലും എഴുതി കൊടുത്തിട്ടുണ്ടാകും, കംപ്യൂട്ടറിൽ ചിലപ്പോ വന്നിട്ടുണ്ടാകും. മകന് കുറച്ച് താടിയുണ്ട്, ചിലപ്പോ അതുകൊണ്ടാകാം. പക്ഷേ, മകന്റെ തുണി അഴിപ്പിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് സോഷ്യൽ പ്രൊഫൈൽ ഒന്ന് നോക്കാമായിരുന്നു. എം.പിയുടെ മകനാണെന്ന് പറഞ്ഞിട്ട് ഒന്നുകൂടി ചെക്ക് ചെയ്യാമായിരുന്നുവെന്നും പി.വി അബ്ദുൽവഹാബ് ചൂണ്ടിക്കാട്ടി.
എം.പിയുടെ മകനാണെന്ന് അറിഞ്ഞിട്ടും പരിശോധിച്ചു. മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സറേ പരിശോധന നടത്തിയെന്നും വഹാബ് ആരോപിച്ചു. എക്സറേ പരിശോധനയിൽ ഒന്നും കണ്ടെത്താതിനെ തുടർന്ന് മകനെ വിട്ടയക്കുകയായിരുന്നു. മകൻ സുഹൃത്തായ ശ്രീകാന്ത് എന്നയാളുടെ വിവാഹത്തിന് പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും എം.പി പറഞ്ഞു.
അതേസമയം, എക്സ്റേ പരിശോധനക്ക് യാത്രക്കാരന്റെ അനുമതിയോ മജിസ്ട്രേറ്റിന്റെ അനുമതിയെ വേണമെന്നാണ് നിയമം. എന്നാൽ, യാത്രക്കാരുടെ പട്ടിക വന്നപ്പോൾ ജാവിദ് അബ്ദുൾ വഹാബിനെതിരെ ലുക്കൗട്ട് നോട്ടീസ് ഉളളത് കൊണ്ടാണ് പരിശോധിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. സംഭവത്തിൽ കസ്റ്റംസ് കമ്മിഷണർക്ക് എംപി പരാതി നൽകി. ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.