വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവ് ആറു ലക്ഷം ദിര്‍ഹം നല്‍കണം

ദുബായ് - വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കബളിപ്പിച്ച യുവാവിന് കോടതി പിഴ ചുമത്തി. യുവാവ് യുവതിക്ക് 5,40,260 ദിര്‍ഹം നല്‍കണമെന്നും നഷ്ടപരിഹാരമായി 40,000 ദിര്‍ഹം കൈമാറണമെന്നും കോടതി വിധിച്ചു. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച യുവാവിനും ഇയാള്‍ വിവാഹം ചെയ്ത യുവതിക്കുമെതിരെ പരാതിക്കാരി അല്‍ഐന്‍ കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് തനിക്ക് 8,48,222 ദിര്‍ഹവും കേസ് ഫയല്‍ ചെയ്ത അന്നുമുതല്‍ പണം പൂര്‍ണമായും കൈമാറുന്നതു വരെ 12 ശതമാനം പലിശയും നല്‍കണമെന്നും സാമ്പത്തികവും മാനസികവുമായ കഷ്ടനഷ്ടങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് യുവതി കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ആവശ്യപ്പെട്ടത്.
യുവാവുമായി താന്‍ സൗഹൃദത്തിലായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയ യുവാവ് വൈവാഹിക ഭവനം സജ്ജീകരിക്കാന്‍ ആവശ്യമായ പണം കടമായി നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതുപ്രകാരം ആറു വര്‍ഷത്തിനിടെ എ.ടി.എം വഴി 98,160 ദിര്‍ഹമും ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള ട്രാന്‍സ്ഫര്‍ ആയി 82,100 ദിര്‍ഹവും യുവാവിന് താന്‍ കൈമാറി. 6,52,962 ദിര്‍ഹം വിലയുള്ള തന്റെ മെഴ്‌സിഡിസ് കാര്‍ വില്‍പന നടത്താന്‍ തനിക്ക് കഴിയുമെന്ന് അവകാശപ്പെട്ടും യുവാവ് കബളിപ്പിച്ചതായി യുവതി കോടതിയില്‍ പറഞ്ഞു. 3,59,000 ദിര്‍ഹത്തിന് കാര്‍ വിറ്റ യുവാവ് ഈ പണം പരാതിക്കാരിക്ക് കൈമാറിയിട്ടില്ലെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി യുവതിയില്‍ നിന്ന് തട്ടിയെടുത്ത പണവും നഷ്ടപരിഹാരവും നല്‍കണമെന്ന് വിധിക്കുകയായിരുന്നു. യുവാവ് വിവാഹം ചെയ്ത യുവതിക്കെതിരായ പരാതിക്കാരുടെ കേസ് കോടതി തള്ളുകയും ചെയ്തു.

 

Latest News