നീണ്ട ഇടവേളക്കു ശേഷം ലെബനോനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു

ബെയ്‌റൂത്ത് - പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ലെബനോനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ 583 സ്ഥനാർത്ഥികളാണ് 128 പാർലമെന്റ് സീറ്റുകളിലേക്കായി മത്സര രംഗത്തുള്ളത്. ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കിയ പുതിയ തെരഞ്ഞെടുപ്പു നിയമം അനുസരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ്. 15 ജില്ലകളിലായി 6,800 പോളിങ ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. 38 ലക്ഷം വോട്ടർമാരാണ് ലെബനോനിലുള്ളത്. ഇത്തവണ പ്രവാസികൾക്കും വോട്ടവകാശം നൽകിയിട്ടുണ്ട്. വോട്ടവകാശമുള്ളത് 82,965 പ്രവാസികൾക്കാണ്. വോട്ടെടുപ്പിന് മുന്നോടിയായി ശനിയാഴ്ച രാജ്യത്തുടനീളം സൈനികരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു.

വിവിധ പാർട്ടികൾ ചേർന്ന് സഖ്യമുണ്ടാക്കി 77 സ്ഥാനാർത്ഥി പട്ടികകളുണ്ട്. ഒരു പൗരന് രണ്ടു വോട്ടു ചെയ്യാം. ഈ പട്ടികയിൽ ഒന്ന് തെരഞ്ഞെടുക്കാം. ശേഷം 583 സ്ഥാനാർത്ഥികളിൽ ഒരാൾക്കും വോട്ടു ചെയ്യാം എന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.

പാർലമെന്റിലെ ആകെ 128 സീറ്റുകളിൽ 64 സീറ്റുകൾ വിവിധ മുസ്ലിം വിഭാഗങ്ങൾക്കും 64 സീറ്റ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി മാറ്റിവെക്കപ്പെട്ടതാണ്. അവസാനമായി രാജ്യത്ത് തെരഞ്ഞെടുപ്പു നടന്നത് 2009ലായിരുന്നു. നാലു വർഷത്തേക്കായിരുന്നു സർക്കാർ അധികാരമേറ്റതെങ്കിലും അയൽ രാജ്യമായ സിറിയയിലെ അസ്ഥിരത മൂലം രണ്ടു തവണ പാർലമെന്റിന്റെ കാലാവധി നീട്ടി നൽകിയതാണ് ദീർഘ കാലം തെരഞ്ഞെടുപ്പ് നടക്കാതിരിക്കാൻ കാരണമായത്.

വിദേശത്തുള്ള ലെബനീസ് പൗരന്മാർ ഒരാഴ്ച മുമ്പ് തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു. ആദ്യമായാണ് ലെബനോൻ പ്രവാസികൾക്ക് വോട്ടു ചെയ്യാൻ അവസരമൊരുക്കിയത്. പുതിയ തെരഞ്ഞെടുപ്പു പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ജില്ലകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിന് ആനുപാതികമായാണ് സീറ്റു വിതരണം. പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ പദവികൾ പ്രത്യേക മതവിഭാഗങ്ങൾക്കായി നീക്കിവയ്ക്കപ്പെട്ടതാണ്.

Latest News