Sorry, you need to enable JavaScript to visit this website.

ഇഞ്ചുറി ടൈം: ലോകകപ്പ് ഇഞ്ചുറിപ്പട്ടിക

ചെൽസിയുടെ ബെൻ ചിൽവെൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റു വീണപ്പോൾ
ടോട്ടനത്തിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ സോൻ ഹ്യുംഗ് മിൻ മുഖത്ത് പരിക്കേറ്റ് കളം വിടുന്നു.

പരിക്കേൽക്കുന്ന ഒരു കളിക്കാരന് ജീവിതകാലം മുഴുവനുമുള്ള അധ്വാനവും കാത്തിരിപ്പുമാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞുപോവുന്നത്. 

 

പരിക്കുകൾ ഒരു കളിക്കാരന്റെ കരിയറിലെ അവിഭാജ്യ ഘടകമാണ്. അതൊഴിവാക്കുക പ്രയാസമാണ്. എന്നാൽ ലോകകപ്പ് പോലുള്ള വമ്പൻ മേളകളിൽ പരിക്കു കാരണം വിട്ടുനിൽക്കേണ്ടി വരുന്നത് കളിക്കാരെ മാനസികമായി തകർത്തു കളയും. ജീവിതകാലം മുഴുവനുമുള്ള അധ്വാനവും കാത്തിരിപ്പുമാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞുപോവുന്നത്. ഇത്തവണ സീസണിന്റെ മധ്യത്തിലാണ് ലോകകപ്പ് എന്നത് കളിക്കാർക്ക് നെഞ്ചിടിപ്പ് ഏറ്റുന്നു. നാലു വർഷം കാത്തിരിക്കേണ്ടി വന്നാൽ, പ്രായവും ഫോമും ഒപ്പമുണ്ടാവുമോയെന്ന് ആർക്കും പ്രവചിക്കാനാവില്ല. 
ഖത്തർ ലോകകപ്പും പല പ്രമുഖ കളിക്കാർക്കും വീട്ടിലിരുന്ന് കാണേണ്ടി വരും. ഇംഗ്ലണ്ടിന്റെ റീസ് ജെയിംസ്, ഫ്രാൻസിന്റെ എൻഗോളൊ കാണ്ടെ, നെതർലാന്റ്‌സിന്റെ ജോർജിനിയൊ വൈനാൾഡം, പോർചുഗലിന്റെ ഡിയോഗൊ ജോട തുടങ്ങിയവരൊന്നും ലോകകപ്പിനുണ്ടാവില്ലെന്നുറപ്പായി. തെക്കൻ കൊറിയയുടെ സോൻ ഹ്യുംഗ് മിൻ, അർജന്റീനയുടെ പൗളൊ ദിബാല, എയിംഗൽ ഡി മരിയ, ബ്രസീലിന്റെ റിച്ചാർലിസൻ, ഫ്രാൻസിന്റെ റഫായേൽ വരാൻ, ഇംഗ്ലണ്ടിന്റെ കെവിൻ ഫിലിപ്‌സ്, കയ്ൽ വാക്കർ, ബെൻ ചിൽവെൽ തുടങ്ങി നിരവധി കളിക്കാർക്ക് വരുംദിവസങ്ങൾ നിർണായക തീരുമാനത്തിന്റേതാണ്. 
ജപ്പാൻ ലോകകപ്പിനുള്ള ഇരുപത്താറംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റു 31 ടീമുകളും ലോകകപ്പ് നിരയെ പ്രഖ്യാപിക്കും. 
പരിക്കു കാരണം ഏറ്റവും വലിയ അസാന്നിധ്യം പോഗ്ബയുടേതായിരിക്കും. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ചവരിൽ പ്രമുഖനാണ് പോഗ്ബയും. പോഗ്ബയും കാണ്ടെയുമാണ് അന്ന് മധ്യനിരയിൽ ഫ്രഞ്ച് മുന്നേറ്റങ്ങളുടെ ചരടുവലിച്ചത്. പോർചുഗലിന് ഡിയേഗൊ ജോടക്കൊപ്പം പെഡ്രൊ നെറ്റോയെയും നഷ്ടപ്പെടും. 
അമേരിക്കയുടെ മിൽസ് റോബിൻസൻ, പോളണ്ട് മിഡ്ഫീൽഡർ യാക്കുബ് മോദർ, ഫ്രാൻസിന്റെ ബൂബക്കർ കമാറ തുടങ്ങിയവരും ഖത്തറിലേക്കില്ല. 
സ്‌ട്രൈക്കർ ജീസസ് കൊറോണക്ക് പരിക്കേറ്റത് മെക്‌സിക്കോക്ക് വലിയ ക്ഷീണം ചെയ്യും. കെവിൻ ജെയിംസും കയ്ൽ വാക്കർക്കും പരിക്കേറ്റത് റൈറ്റ് ബാക്ക് പൊസിഷൻ ദുർബലമാക്കും. മുഖത്ത് പരിക്കേറ്റ സോൻ ശസ്ത്രക്രിയക്ക് വിധേയനാവുന്നത് തെക്കൻ കൊറിയയിൽ മുൻപേജ് വാർത്തയാണ്. ക്യാപ്റ്റൻ ഇല്ലാതെ ലോകകപ്പ് കളിക്കുന്നത് അവർക്ക് ചിന്തിക്കാനാവില്ല. ചികിത്സ ഉദ്ദേശിച്ചതു പോലെ നീങ്ങുകയാണെങ്കിൽ സോനിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. 
ഫ്രഞ്ച് ഗോൾകീപ്പറായി ഹ്യൂഗൊ ലോറീസിന് വൻ വെല്ലുവിളി സമ്മാനിക്കുമെന്ന് കരുതിയ മൈക് മയ്ഗനാൻ ലോകകപ്പ് ടീമിൽ പോലുമുണ്ടാവില്ല. എ.സി മിലാൻ ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരാവുന്നതിൽ മയ്ഗനാന്റെ സംഭാവന അതുല്യമാണ്. ജർമനിയുടെ ഗോൾകീപ്പർ മാന്വേൽ നോയറും ആഴ്ചകളായി വിട്ടുനിൽക്കുകയാണ്. ഫ്‌ളോറിയൻ വിർട്‌സ്, ടിമൊ വേണർ എന്നിവരുടെ പരിക്കും ജർമനിയെ അലട്ടുന്നു. ഉറുഗ്വാക്ക് റൊണാൾഡ് അരോയെയും ഡെന്മാർക്കിന് ആന്ദ്രെ ക്രിസ്റ്റിയൻസനെയും ടീമിലുൾപ്പെടുത്താനാവുമോയെന്ന് കണ്ടറിയം. 
പോർചുഗലിന്റെ വെറ്ററൻ ഡിഫന്റർ പെപ്പെ, മെക്‌സിക്കൊ ഫോർവേഡ് റൗൾ ജിമിനെസ് എന്നിവരും പരിക്കിന്റെ പിടിയിലാണ്.

 

ലോകകപ്പ് ഇഞ്ചുറിപ്പട്ടിക

തീർച്ചയായും പുറത്ത്
അമേരിക്ക: മിൽസ് റോബിൻസൻ
പോർചുഗൽ: ഡിയോഗൊ ജോട, പെഡ്രൊ നെറ്റൊ
പോളണ്ട്: യാഖുബ് മോദർ
ഫ്രാൻസ്: പോൾ പോഗ്ബ, ബൂബക്കർ കമാറ, 
    എൻഗോളൊ കാണ്ടെ
മെക്‌സിക്കൊ: ജീസസ് കൊറോണ
നെതർലാന്റ്‌സ്: ജോർജിനിയോ വൈനാൾഡം

സംശയം
ഇംഗ്ലണ്ട്: കയ്ൽ വാക്കർ, റീസ് ജെയിംസ്, 
    കാൽവിൻ ഫിലിപ്‌സ്, ബെൻ ചിൽവെൽ
അർജന്റീന: പൗളൊ ദിബാല
ഫ്രാൻസ്: റഫായേൽ വരാൻ, മൈക്ക് മഗനാൻ
ജർമനി: മാന്വേൽ നോയർ, ഫ്‌ളോറിയൻ വിർട്‌സ്
മെക്‌സിക്കൊ: റൗൾ ജിമിനെസ്
പോർചുഗൽ: പെപ്പെ
സ്‌പെയിൻ: മൈക്കിൾ ഒയർസബാൽ
തെക്കൻ കൊറിയ: സോൻ ഹ്യുംഗ് മിൻ
ഉറുഗ്വായ്: റൊണാൾഡ് അരോയൊ
ഡെന്മാർക്ക്: ആന്ദ്രെ ക്രിസ്റ്റിയൻസൻ 
ബെൽജിയം: റൊമേലു ലുകാകു

 

Latest News