വിദ്യാർത്ഥി രാഷ്ട്രീയം വർഗസമരമോ...

വിദ്യാർത്ഥി രാഷ്ട്രീയമെന്നത് ജനാധിപത്യത്തിന്റെ പരിശീലന കളരിയാകണം. എന്നാൽ നമ്മുടെ കാമ്പസുകൾ സമഗ്രാധിപത്യത്തിന്റെ കളരികളാകുന്നു എന്നതാണ് യഥാർത്ഥ പ്രശ്‌നം. രാഷ്ട്രീയം മാറി കക്ഷി രാഷ്ട്രീയമായിരിക്കുന്നു.  പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രങ്ങളായും ഈ സംഘടനകൾ മാറിയിരിക്കുന്നു. വിദ്യാർത്ഥി സമൂഹവും വിദ്യാഭ്യാസ രംഗവും നേരിടുന്ന പ്രശ്‌നങ്ങളൊന്നും ഇവരുടെ അജണ്ടയിൽ ഇല്ല. അതിനാലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തെ വർഗ സമരമാണെന്നും കൃഷ്ണൻ ഗീതയിൽ പറയുന്ന പോലെ ലക്ഷ്യമാണ് പ്രധാനം, മാർഗം വിഷയമല്ല എന്നും അധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും എസ്.എഫ്.ഐ നേതാവിൽ നിന്നു നമുക്ക് കേൾക്കേണ്ടിവരുന്നത്.  

ഒരു വശത്ത് രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന പ്രദേശമാണല്ലോ കേരളം. ലോകത്തെമ്പാടും നടക്കുന്ന പല രാഷ്ട്രീയ വിഷയങ്ങളും നമ്മുടെ ചായക്കടകളിൽ പോലും ചർച്ച ചെയ്തിരുന്ന കാലത്തായിരുന്നിരിക്കാം അത്തരം വിശേഷണമൊക്കെ വന്നത്. എന്നാൽ യാഥാർത്ഥ്യം അതിൽ നിന്നൊക്കെ എത്രയോ അകലെയാണ്. നമ്മുടേത് തികച്ചും കക്ഷിരാഷ്ട്രീയ പ്രബുദ്ധ സംസ്ഥാനം മാത്രമാണ് എന്നതാണ് ശരി. തങ്ങൾ വിശ്വസിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിന് തല പണയം വെക്കുകയും അവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയും കണ്ണടച്ച് ന്യായീകരിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇതാകട്ടെ, ആരംഭിക്കുന്നത് കലാലയങ്ങളിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ ദുരന്തം. നമ്മുടെ കാമ്പസ് രാഷ്ട്രീയം അരാഷ്ട്രീയതയുടെയും സഹിഷ്ണുതയില്ലായ്മയുടെയും സമഗ്രാധിപത്യത്തിന്റെയും പിടിയിലമർന്നിരിക്കുന്നു. 
കഴിഞ്ഞ ദിവസങ്ങളിലെ ഏതാനും വാർത്തകൾ നോക്കിയാൽ ഇക്കാര്യം ബോധ്യമാകും. പല കലാലയങ്ങളിൽ നിന്നും സംഘട്ടനങ്ങളുടെ വാർത്തകൾ പുറത്തു വരുന്നു. അവസാന വാർത്ത മഹാരാജാസിൽ നിന്നാണ്. തൃശൂരിലെ പോളിടെക്‌നിക്കിൽ പ്രിൻസിപ്പലിന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നാക്രോശിക്കുന്ന എസ്.എഫ്.ഐ നേതാവിന്റെ ദൃശ്യം കേരളമാകെ കണ്ടു. അധ്യാപക വർഗവും വിദ്യാർത്ഥി വർഗവും തമ്മിലുള്ള വർഗ സമരമാണ് കേരളത്തിൽ നടക്കുന്നത് എന്ന നേതാവിന്റെ വ്യാഖ്യാനം കേട്ട് കാൾ മാർക്‌സിന്റെ ആത്മാവ് ഞെട്ടിയിരിക്കും. മാവോയിസ്റ്റ് ബന്ധമെന്നാരോപിച്ച് യു.എ.പി.എ ചുമത്തി ഏറെക്കകാലം ജയിലിലിട്ട അലൻ ഷുഹൈബ് എന്ന വിദ്യാർത്ഥിയെ കള്ളക്കേസിൽ കുടുക്കി വീണ്ടും തടവിലാക്കാനുള്ള നീക്കവും പാലയാട് കാമ്പസിൽ നടക്കുന്നു. 
അതേസമയം വിദ്യാർത്ഥി സംഘടനകൾ ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയത്തിലും പ്രതികരണം കാണുന്നുമില്ല. കാമ്പസുകളിൽ പിടിമുറുക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരായോ, റാഗിംഗിനെതിരായോ ചെറുവിരലനക്കാൻ അവർക്ക് കഴിയുന്നില്ല. പലപ്പോഴും വിദ്യാർത്ഥി സംഘടന നേതാക്കൾ തന്നെ ഇത്തരം കേസുകളിൽ പ്രതികളാകുന്നു. ഇപ്പോൾ സജീവ വിഷയമായ വി.സി നിയമനങ്ങളിൽ ചട്ടങ്ങൾ മറികടന്നതിനെതിരെയും അക്കാര്യം പറഞ്ഞ് ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുന്ന ചാൻസലർക്കെതിരെയും ഈ സംഘടനകളൊന്നും രംഗത്തു വരുന്നില്ല. പല സംസ്ഥാനങ്ങളിലും ഗവർണർമാരെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റിയിട്ടും അത്തരമൊരാവശ്യം നമ്മുടെ സംഘടനകൾ ഉന്നയിക്കുന്നതേയില്ല. 
വളരെ പ്രധാനപ്പെട്ട, എന്നാൽ ഒരിക്കലും നമ്മുടെ വിദ്യാർത്ഥി- അധ്യാപക സംഘടനകളുടെ അജണ്ടയിൽ വരാത്ത ഒന്നാണ് നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ വിഷയം. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രമാണ് നാം മുൻനിരയിലുള്ളത്. ഉന്നത വിദ്യാഭ്യാസത്തിൽ നാം ഏറെ പിറകിലാണ്. അതിനാലാണല്ലോ പ്ലസ് 2 കഴിയുമ്പോൾ തന്നെ നമ്മുടെ വിദ്യാർത്ഥികളിൽ വലിയൊരു ഭാഗവും ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചേക്കേറുന്നത്. ഈ വിഷയത്തെ അഭിമുഖീകരിക്കാതെ ഏതൊക്കെയോ അംഗീകാരം നമ്മുടെ ചില സർവകലാശാലകൾക്ക് ലഭിച്ചെന്നാണ് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അഹങ്കരിക്കുന്നത്.  കഴിഞ്ഞ ദിവസത്തെ ഒരു വാർത്തയാകട്ടെ, നമ്മുടെ പ്ലസ് ടു വിദ്യാഭ്യാസത്തിന്റെ നിലവാരം പോലും എത്ര മോശമാണെന്ന് കാണിക്കുന്നതായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട പല സർവകലാശാലകളിലും ബിരുദ പഠനത്തിന് കേരള സിലബസിൽ പഠിച്ചവർക്ക് ധാരാളമായി സീറ്റ് കിട്ടുന്നു എന്നഹങ്കരിച്ചിരുന്നവരാണല്ലോ നമ്മൾ. ഇത്തവണ ദൽഹി സർവകലാശാല പ്രവേശന പരീക്ഷ നടത്തിയപ്പോൾ കേരള ബോർഡിൽ പഠിച്ചവർക്ക് ലഭിച്ചത് കഴിഞ്ഞ വർഷം ലഭിച്ചതിന്റെ നാലിലൊന്നു സീറ്റുകൾ. 
പൊതു രാഷ്ട്രീയ വിഷയങ്ങളിലേക്കു വന്നാലും സ്ഥിതി നിരാശാജനകം തന്നെ. ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹ്യ മാറ്റങ്ങളിൽ വിദ്യാർത്ഥികൾ വഹിച്ച പങ്ക് വളരെ പ്രധാനമാണ്. ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ മുൻനിരയിൽ എവിടെയും വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ചൈനയിലെ വിദ്യാർത്ഥി കലാപം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലാവട്ടെ, സ്വാതന്ത്ര്യ സമരകാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ പോരാട്ടങ്ങളിലെ വിദ്യാർത്ഥി സാന്നിധ്യം പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷം പോലും നാമത് കണ്ടു. പക്ഷേ കേരളത്തിന്റെ അവസ്ഥ പൊതുവിൽ നിരാശാജനകമാണ്. കണ്ണൂർ രാഷ്ട്രീയത്തിന്റെ പാതയിൽ തന്നെയാണ് സംസ്ഥാനത്തെ കാമ്പസ് രാഷ്ട്രീയവും. കലാലയ അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ലിംഗ്ദോ കമ്മിറ്റി പേരെടുത്ത് പറഞ്ഞ സംസ്ഥാനമാണ് കേരളം. നമ്മുടെ പല കാമ്പസുകളും ചില സംഘടനകൾ മറ്റുള്ളവർക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ജനാധിപത്യ വിരുദ്ധ കോട്ടകളാക്കിയിരിക്കുന്നു. അതിനെതിരെ ശബ്ദിക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുന്നു. ശരിക്കും ഗുണ്ട രാഷ്ട്രീയമായി മാറിയതിനാലായിരിക്കാം വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ പൊതുവികാരം വളർന്നതിനും കോടതി തന്നെ അതിനെതിരെ രംഗത്ത് വരാനും കാരണമായത്. 
തീർച്ചയായും ആദ്യകാലത്ത് കെ.എസ്.യു തന്നെയായിരുന്നു കലാലയങ്ങളിൽ ഗുണ്ട രാഷ്ട്രീയം നടപ്പാക്കിയത്. നിരവധി എസ്.എഫ്.ഐ പ്രവർത്തകർ കൊല ചെയ്യപ്പെട്ടിട്ടുമുണ്ട്. അടുത്ത കാലത്തും അത്തരം സംഭവങ്ങൾ ഉണ്ടായി. അടിയന്തരാവസ്ഥക്കു ശേഷം കേരള കലാലയങ്ങൾ സാക്ഷ്യം വഹിച്ചത് എസ്.എഫ്.ഐയുടെ മുന്നേറ്റങ്ങൾക്കായിരുന്നു. കാമ്പസുകളെ രാഷ്ട്രീയവൽക്കരിക്കാൻ ആദ്യമൊക്കെ അവർക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് ചിത്രം മാറി.  എസ്.എഫ്.ഐ തന്നെ മറ്റു സംഘടനകളുടെ പ്രവർത്തനത്തെ തടയാൻ രംഗത്തിറങ്ങി. ചിലയിടങ്ങളിൽ എ.ബി.വി.പിയും. പതുക്കെ പതുക്കെ കാമ്പസുകൾ വീണ്ടും ഗുണ്ട രാഷ്ട്രീയത്തിന്റെ വേദികളായി.  കെ.എസ്.യുവും മറ്റും കാമ്പസുകളിൽ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. എ.ഐ.എസ്.എഫ്, എസ്.ഐ.ഒ, ഐസ, എ.എസ്.എ, ഇൻക്വിലാബ് തുടങ്ങിയ സംഘടനകൾക്കൊന്നും മിക്ക കാമ്പസുകളിലും പ്രവർത്തന സ്വാതന്ത്ര്യമില്ല. നിരവധി കലാലയങ്ങളിൽ ഇവർ ആക്രമിക്കപ്പെട്ടു. പലയിടത്തും ശക്തമായ പ്രതിഷധം അരങ്ങേറിയെങ്കിലും സ്ഥിതിയിൽ ഇപ്പോഴും കാര്യമായ മാറ്റമില്ല. 
എസ്.എഫ്.ഐ ശക്തികേന്ദ്രമായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ ഇലയനങ്ങാൻ പോലും അവരുടെ അനുമതി വേണമായിരുന്നു. മറ്റു സംഘടനകളുടെ സ്വാതന്ത്ര്യം തടയുന്നതു മുതൽ സദാചാര സംരക്ഷണം വരെ അവരാണ് നടപ്പാക്കിയിരുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു സംഘടനക്കും സ്വാതന്ത്ര്യമില്ല. നിർബന്ധിത സൈനിക സേവനം പോലെ നിർബന്ധിത എസ്.എഫ്.ഐ പ്രവർത്തനവും അവിടെ നടപ്പാക്കിയിരുന്നു. അതുമൂലം എത്രയോ പേർ അവിടെ നിന്ന് പഠനം അവസാനിപ്പിച്ചു. കോളേജിൽ സ്റ്റേജിന് പിന്നിൽ എസ്.എഫ്.ഐ യൂനിറ്റ് റൂം അഥവാ ഇടിമുറിയിൽ വെച്ചാണ് കോളേജിലെ പ്രശ്നങ്ങൾ തീർത്തിരുന്നത്. ഈ സംഭവ വികാസങ്ങളെ തുടർന്ന് സ്ഥിതിയിൽ അൽപം മാറ്റം വന്നു എന്നു മാത്രം. യൂനിവേഴ്സിറ്റി കോളേജിലെ മിടുക്കാനായിരുന്ന ഒരു വിദ്യാർത്ഥി ഒന്നാംകിട ഗുണ്ടയായി എങ്ങനെ മാറിയെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 
കേരളത്തിലെ നിരവധി കലാലയങ്ങളിൽ ഏറിയും കുറഞ്ഞും ഇതേ അവസ്ഥ തന്നെയാണ്. ചെങ്കോട്ടകളെന്നാണ് കലാലയങ്ങളെ ഇക്കൂട്ടർ വിശേഷിപ്പിക്കുന്നത്. മഹാരാജാസ്, കേരള വർമ്മ, വിക്ടോറിയ, കാലടി സർവകലാശാല, മടപ്പള്ളി, ഗാന്ധി സർവകലാശാല, നാട്ടകം, സി.എം.എസ് തുടങ്ങി എത്രയോ കലാലയങ്ങളിൽ സമീപകാലത്ത് അക്രമ സംഭവങ്ങൾ നടന്നു. പലയിടത്തും ജനാധിപത്യാവകാശങ്ങൾക്കായുള്ള പ്രതിരോധങ്ങളും ശക്തമായി. 
കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓൺലൈനായിരുന്നതിനാൽ കാര്യമായ അക്രമ സംഭവങ്ങളൊന്നും കലാലയങ്ങളിൽ ഉണ്ടായില്ല. എന്നാൽ ഈ അധ്യയന വർഷത്തിൽ വീണ്ടും അത്തരം വാർത്തകൾ സജീവമാകുകയാണ്. അടുത്ത ദിവസങ്ങളിൽ അതേറെ വർധിച്ചിരിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയമെന്നത് ജനാധിപത്യത്തിന്റെ പരിശീലന കളരിയാകണം. എന്നാൽ നമ്മുടെ കാമ്പസുകൾ സമഗ്രാധിപത്യത്തിന്റെ കളരികളാകുന്നു എന്നതാണ് യഥാർത്ഥ പ്രശ്‌നം. രാഷ്ട്രീയം മാറി കക്ഷി രാഷ്ട്രീയമായിരിക്കുന്നു.  പിതൃസംഘടനകളിലേക്കുള്ള റിക്രൂട്ടിംഗ് കേന്ദ്രങ്ങളായും ഈ സംഘടനകൾ മാറിയിരിക്കുന്നു. വിദ്യാർത്ഥി സമൂഹവും വിദ്യാഭ്യാസ രംഗവും നേരിടുന്ന പ്രശ്‌നങ്ങളൊന്നും ഇവരുടെ അജണ്ടയിൽ ഇല്ല. 
അതിനാലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തെ വർഗ സമരമാണെന്നും കൃഷ്ണൻ ഗീതയിൽ പറയുന്ന പോലെ ലക്ഷ്യമാണ് പ്രധാനം, മാർഗം വിഷയമല്ല എന്നും അധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും എസ്.എഫ്.ഐ നേതാവിൽ നിന്നു നമുക്ക് കേൾക്കേണ്ടിവരുന്നത്.  ഈയൊരവസ്ഥ അവസാനിപ്പിക്കാനായുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ പുതുതലമുറയിലെ വിദ്യാർത്ഥികൾ രാഷ്ട്രീയത്തെ കലാലയങ്ങൾക്ക് പുറത്തു നിർത്തുെമന്നുറപ്പ്. ഈ കക്ഷിരാഷ്ട്രീയത്തേക്കാൾ ഭേദം അരാഷ്ട്രീയമാണെന്ന് അവർ പറയുകയും ചെയ്യും.

Latest News