കുട്ടിയെ ചവിട്ടി വീഴ്ത്തിയ തലശേരിക്കാരന്റെ  ഡ്രൈവിങ് ലൈസന്‍സ് എംവിഡി റദ്ദാക്കും 

തലശേരി- കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടി വീഴ്ത്തിയ തലശ്ശേരി സ്വദേശിയായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ഷിഹാദിന് നോട്ടീസ് നല്‍കി. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറില്‍ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പോലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടികളിലേക്ക് കടന്നതും പ്രതിയെ അറസ്റ്റ് ചെയ്തതും.
കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Latest News