ഒരു കളിയിൽ അഞ്ച് ഗോളടിക്കുക, അതും ലോകകപ്പിൽ. അതും ലോകകപ്പ് റെക്കോർഡ്, എന്നിട്ടും പിന്നീട് ഒരവസരവും ലഭിക്കാതിരിക്കുക. ഒലെഗ് സലെങ്കോയുടെ കഥ വിചിത്രമാണ്. 1994 ലെ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ കാമറൂണിനെതിരെയാണ് സലെങ്കൊ അഞ്ചു ഗോളടിച്ചത്. കൗതുകമെന്നു പറയാം, റഷ്യൻ ജഴ്‌സിയിൽ സാലെങ്കോയുടെ അവസാന മത്സരമായിരുന്നു അത്. ഗ്രൂപ്പ് ഘട്ടം കടക്കാതെ റഷ്യ പുറത്തായി. എന്നിട്ടും ഹ്രിസ്‌റ്റൊ സ്‌റ്റോയ്ച്‌കോവിനൊപ്പം ആ ലോകകപ്പിലെ ടോപ്‌സ്‌കോററായി സലെങ്കൊ. ആ ലോകകപ്പിൽ നേടിയ ആറ് ഗോളായിരുന്നു സലെങ്കോയുടെ റഷ്യൻ കരിയറിലെ ആകെ ഗോളുകൾ. അതിനു മുമ്പോ ശേഷമോ ഗോളടിച്ചിരുന്നില്ല. റഷ്യയുടെ പുതിയ കോച്ച് പുതിയ കളിക്കാരെ വെച്ച് ടീം കെട്ടിപ്പടുക്കാൻ ശ്രമിച്ചു. പരിക്കുകളും സലെങ്കോയെ അലട്ടി.
ആ ലോകകപ്പ് മത്സരത്തിൽ പിറന്ന രണ്ട് റെക്കോർഡുകൾ ഇന്നും നിലനിൽക്കുന്നു. കാമറൂണിന്റെ ആശ്വാസ ഗോളടിച്ചത് നാൽപത്തിരണ്ടുകാരൻ റോജർ മില്ലയാണ്. ലോകകപ്പിൽ ഗോളടിച്ച പ്രായമേറിയ കളിക്കാരനാണ് ഇന്നും മില്ല.
അറിയാമോ? സൗദി അറേബ്യയിലാണ് ഒലെഗ് സലെങ്കൊ ആദ്യം കരുത്തു തെളിയിച്ചത്. 1989 ൽ സൗദി അറേബ്യയിൽ നടന്ന അണ്ടർ20 ലോകകപ്പിൽ ടോപ്‌സ്‌കോറർ ആയാണ് സാലെങ്കൊ ആദ്യം ലോക ശ്രദ്ധയിൽ വന്നത്. അണ്ടർ20 ലോകകപ്പിലും സീനിയർ ലോകകപ്പിലും ഗോൾഡൻ ബൂട്ട് നേടിയ ഏക കളിക്കാരനാണ്.
സലെങ്കൊ പകുതി റഷ്യനും പകുതി ഉക്രൈൻകാരനുമാണ്. 1989 ൽ സെനിറ്റ് ലെനിൻഗ്രാഡിൽ നിന്ന് ഡീനാമൊ കിയേവിലേക്കുള്ള സലെങ്കോയുടെ ട്രാൻസ്ഫർ രണ്ട് ക്ലബ്ബുകൾ പണം കൈമാറിയ സോവിയറ്റ് യൂനിയനിലെ പ്രഥമ ഫുട്‌ബോൾ ട്രാൻസ്ഫറായിരുന്നു.
മത്സരത്തിൽ ആറാമത്തെ ഗോളടിക്കാൻ ദിമിത്രി റാഡ്‌ചെങ്കോക്ക് പാസ് നൽകിയതും സലെങ്കൊ തന്നെ. ഇരുവരും ഒരു മുറിയിലാണ് താമസിച്ചിരുന്നത്. കാമറൂണിനെതിരെ ഒരുപാട് ഗോളടിക്കുമെന്ന് തലേ ദിവസം സലെങ്കൊ സ്വപ്‌നം കണ്ടിരുന്നുവത്രേ. അഞ്ചാമത്തെ ഗോളടിച്ചപ്പോൾ സ്‌റ്റേഡിയത്തിൽ അനൗൺസ്‌മെന്റ് കേട്ടിരുന്നുവെങ്കിലും അതെന്താണെന്ന് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അപ്പോൾ. കളി കഴിഞ്ഞയുടനെ ഉത്തേജക പരിശോധനക്ക് കൊണ്ടുപോയി. കൊടും ചൂടിൽ നട്ടുച്ചക്ക് നടന്ന കളിയായതിനാൽ മൂത്രം കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. അതിനാൽ റെക്കോർഡിനെക്കുറിച്ച് നടന്ന ചർച്ചകളൊന്നും സലെങ്കൊ അറിഞ്ഞില്ല. അഞ്ചു ഗോളടിച്ചത് ലോകകപ്പ് റെക്കോർഡാണെന്ന് മനസ്സിലാക്കിയത് കരിയർ അവസാനിച്ച ശേഷമായിരുന്നുവെന്ന് സലെങ്കൊ പറയുന്നു.
ആദ്യ പകുതിയിൽ തന്നെ സലെങ്കൊ ഹാട്രിക് തികച്ചിരുന്നു. ഒരു കളിയിൽ നാലു ഗോളടിച്ച പ്രമുഖരേറെയുണ്ട്. ലിയനിഡാസ്, സാൻഡോർ കോഷീഷ്, ജസ്റ്റ് ഫൊണ്ടയ്ൻ, യുസേബിയൊ.. തുടങ്ങി നിരവധി പേർ.. എന്നാൽ അഞ്ച് ഗോളടിച്ചത് സലെങ്കൊ മാത്രം. ഉക്രൈൻ ജഴ്‌സിയിലും സലെങ്കൊ ഒരു മത്സരം കളിച്ചിട്ടുണ്ട്. 1992 ലെ ഉക്രൈന്റെ രാജ്യാന്തര അരങ്ങേറ്റ മത്സരം.