തമിഴ്‌നാട്ടില്‍ 44 സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ചിന് ഹൈക്കോടതി അനുമതി; പോലീസിന് വിമര്‍ശം

ചെന്നൈ- നവംബര്‍ ആറിന് തമിഴ്‌നാട്ടിലെ 44 സ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുയോഗങ്ങളും നടത്താന്‍ ആര്‍എസ്എസിന് അനുമതി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പോലീസിനോട് നിര്‍ദ്ദേശിച്ചു. തമിഴ്‌നാട്ടിലെ ചുരുക്കം ചില സ്ഥലങ്ങളിലെ കണ്ടെത്തലുകള്‍ മാത്രം അടിസ്ഥാനമാക്കി നല്‍കിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പൂര്‍ണമായും ആശ്രയിച്ച് സംസ്ഥാനത്ത് 47 സ്ഥലങ്ങളില്‍ റാലിക്ക് അനുമതി നിഷേധിച്ചതിന് പോലീസിനെ വിമര്‍ശിച്ച ശേഷമാണ് ജസ്റ്റിസ് ജി.കെ ഇളന്തിരയന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഒരു ദശാബ്ദത്തിലേറെ മുമ്പ് ചില സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളാണ് പരിഗണിച്ചതെന്നും അതും ചില സംഘടനകളെ അടിസ്ഥാനമാക്കി പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെന്നും  ജഡ്ജി ചൂണ്ടിക്കാട്ടി.
47 സ്ഥലങ്ങളിലും റാലി നടത്താന്‍ അനുമതി നിഷേധിച്ചതിന് ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ജഡ്ജി പറഞ്ഞു.
എന്നാല്‍, അനുകൂലമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറിടങ്ങളില്‍ റാലി അനുവദിക്കാനാകില്ലെന്ന് ജഡ്ജി പറഞ്ഞു. കോയമ്പത്തൂര്‍, മേട്ടുപ്പാളയം, പൊള്ളാച്ചി (കോയമ്പത്തൂര്‍ ഡിടി), തിരുപ്പൂര്‍ ജില്ലയിലെ പല്ലടം, കന്യാകുമാരിയിലെ അരുമന, നാഗര്‍കോവില്‍ എന്നിവയാണ് ആറ് സ്ഥലങ്ങള്‍.
സംസ്ഥാനത്തുടനീളം 50 സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്താനാണ് ആര്‍എസ്എസ് അനുമതി തേടിയത്.

 

Latest News