മനുഷ്യർ പരസ്പരം നിർദയമായി കൊല്ലുന്നതിന്റെ വാർത്തകൾ ഓരോ ദിനവും പെരുകി വരികയാണ്. പ്രണയം, പ്രണയ നൈരാശ്യം, പക, ദുരാചാരങ്ങൾ, ലഹരി, വാക്കേറ്റം, കക്ഷി രാഷ്ട്രീയ വൈരം, വർഗീയ വിദ്വേഷം, മറ്റു തർക്കങ്ങൾ തുടങ്ങിയവയുടെ ഫലമായെല്ലാം കൊലകൾ അഭംഗുരം തുടർന്നു കൊണ്ടിരിക്കുന്നു.

അത്തരം വാർത്തകളെ പൊലിപ്പിച്ചും നിറം പകർന്നും വഴിവിട്ട അന്തി ചർച്ചകൾ സംഘടിപ്പിച്ച് പ്രേക്ഷകരെ
ഒരു നിയന്ത്രണമോ സംയമനമോ ഇല്ലാതെ ആവേശം കൊള്ളിക്കാൻ പരസ്പരം മൽസരിക്കുകയാണ് ചാനലുകളും മറ്റ് ഓൺലെൻ, ഓഫ് ലൈൻ മാധ്യമങ്ങളും. പല നിഷ്ഠുര കൊലകളുടെയും കുറ്റകൃത്യങ്ങളുടെയും പിന്നിലെ കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും മാധ്യമങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട് എന്നതിൽ ആർക്കും ഭിന്നാഭിപ്രായമുണ്ടാവില്ല. എന്നാൽ കൊടുംക്രൂരതകളെ നിസ്സാരവൽക്കരിക്കുകയും സാധാരണക്കാരെ പോലും ആശയക്കുഴപ്പത്തിലാക്കി മലയാളിയുടെ ദിനചര്യയുടെ ഒഴിച്ചു കൂടാത്ത ഭാഗമാക്കി കൊലപാതക വാർത്തകളെ പൊലിപ്പിച്ച് ആക്കം കൂട്ടുന്നതിലും നമ്മുടെ മാധ്യമങ്ങളുടെ പങ്ക് തള്ളിക്കളയാവുന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. കുറ്റ കൃത്യങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മഹത്വവൽക്കരിച്ചും
ഊതിപ്പെരുപ്പിച്ചും ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് മലയാളികളുടെ
ഉപബോധ മനസ്സിലേക്ക് വിളമ്പിവെക്കുന്ന ചാനലുകളുടെ ക്രൈം റിപ്പോർട്ടിംഗ് പരിപാടികൾ നിയന്ത്രണ വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നർത്ഥം.
ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം വാർത്താ വിതരണ വിനോദ വിജ്ഞാന രംഗങ്ങളിൽ വരുത്തിയ സ്വാധീനം വിപഌവാത്മകം തന്നെയാണെന്ന് നിഷേധിച്ച് കൊണ്ടല്ല ഇത് പറയുന്നത്. മീഡിയകളുടെ ദുഃസ്വാധീനവും ഏറെ ഗൗരവമർഹിക്കുന്ന പഠന വിഷയമാകേണ്ടതുണ്ട്. ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കുറ്റ കൃത്യങ്ങളുടെ വാർത്തകളും ചിത്രങ്ങളും പ്രേക്ഷകരിലെ കുറ്റവാസന വർധിപ്പിക്കുന്നതിൽ നിസ്സാരമല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന് പല പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആൽബർട്ട് ബന്ദൂര എന്ന മനശ്ശാസ്ത്രജ്ഞന്റെ പഠനങ്ങൾ ഏറെ പ്രസക്തമാണ്. 1961 ൽ അദ്ദേഹം നടത്തിയ ബോബോ ഡോൾ പരീക്ഷണം വളരെ പ്രസിദ്ധമാണ്.
ഒരു കളിപ്പാവയോട് വളരെ ക്രൂരമായി ഒരാൾ പെരുമാറുന്നത് ഒരു കൂട്ടം കുട്ടികൾക്ക് പ്രദർശിപ്പിച്ചു. അയാൾ ആ പാവയെ മർദിക്കുകയും ഇടിക്കുകയും വായുവിലേക്ക് എറിയുകയും ഒരു ഹാമർ കൊണ്ട് ഇടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കുട്ടികൾ കണ്ടത്.
പിന്നീട് ആ കുട്ടികൾക്ക് മറ്റൊരു റൂമിൽ അതേ പോലുള്ള ഒരു പാവക്കുട്ടിയെ സമ്മാനിച്ചു. പ്രസ്തുത കുട്ടികൾ വളരെ ക്രൂരമായി ആ പാവയോട് പെരുമാറുന്നതായാണ് കാണപ്പെട്ടത്. പലതരം വിമർശനങ്ങൾക്കും ഈ പഠനം ഇടയാക്കിയിട്ടുണ്ടെങ്കിലും കുട്ടികൾ നിരന്തരം കാണുന്ന കാഴ്ചകളും കേൾക്കുന്ന വാർത്തകളും അവരുടെ പെരുമാറ്റത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട് എന്ന യാതാർത്ഥ്യത്തിന് ഈ പഠനം അടിവരയിടുന്നുണ്ട്.
കണ്ടു കേട്ടും മനസ്സിലുറയ്ക്കുന്ന ലിഖിതങ്ങൾ മുതിർന്നവരിലും സമാനമായ പ്രതികരണങ്ങൾക്കും പെരുമാറ്റത്തിനും ഇടയാക്കുന്നുണ്ട്.
2016 ൽ നടന്ന ഒരു പഠനത്തിൽ , ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളോട് 20 മിനിറ്റ് നേരം അക്രമാസക്തമോ അഹിംസാത്മകമോ ആയ ഗെയിം കളിക്കാൻ ആവശ്യപ്പെട്ടു.
പിന്നീട് യഥാർത്ഥ അക്രമം പകർത്തിയ വീഡിയോ 10 മിനിറ്റ് നേരം അവരെ കാണിച്ചു. തുടന്ന് നടന്ന പരിശോധനയിൽ അക്രമാസക്തമായ ഗെയിം കളിച്ച വിദ്യാർത്ഥികളുടെയും അക്രമാസക്തമല്ലാത്ത ഗെയിം കളിച്ച വിദ്യാർത്ഥികളുടെയും പ്രതികരണത്തിൽ കാര്യമായ വ്യത്യാസമുള്ളതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
വിമർശനാതീതമല്ലെങ്കിലും ഈ പഠനവും സൂചിപ്പിക്കുന്നത് നിരന്തരം കുറ്റകൃത്യങ്ങളുടെ കാഴ്ചകൾ കാണുകയും കളികളിൽ ഏർപ്പെടുകയും ചെയ്യുന്നവരിൽ ആക്രമണ വാസന താരതമ്യേന കൂടുതലാണെന്നാണ്.
കുറ്റവാസനകളുടെ കാരണത്തെ കുറിച്ച് ഫെർഗൂസൻ നടത്തിയ പഠനം സൂചിപ്പിക്കുന്നത് ആദ്യകാല സാമൂഹിക സ്വാധീനവും (കുടുംബവും കൂട്ടുകെട്ടും) ജന്മനായുള്ള ജനിതക പ്രകൃതവും ചേർന്നാണ് ഒരാൾ കുറ്റകൃത്യത്തിലേക്ക് നയിക്കപ്പെടുന്നതിന്റെ പശ്ചാത്തലമൊരുങ്ങുന്നത് എന്നാണ്. സമ്മർദപൂരിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോവുന്നവരിൽ ആക്രമണം ഉത്തേജിപ്പിക്കപ്പെടുന്നു എന്ന കാര്യവും തള്ളിക്കളയാവുന്നതല്ല. കുറ്റകൃത്യം ചെയ്യുന്നവർ മാധ്യമങ്ങളിൽ കണ്ട ശൈലിയിലുള്ള ഘടകങ്ങൾ അവരുടെ ചെയ്തികളിൽ ഉൾപ്പെടുത്തിയേക്കാമെങ്കിലും മാധ്യമങ്ങളിലെ അക്രമം കാണുന്നതിലൂടെ മാത്രം കുറ്റകൃത്യങൾക്ക് പ്രചോദനം ഉണ്ടാകില്ല എന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ഏതായിരുന്നാലും അനുദിനം വർധിച്ചു വരുന്ന കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പശ്ചാത്തലത്തിൽ ഉത്തരവാദിത്ത ബോധമുള്ള മാതാപിതാക്കൾ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലെയും സോഷ്യൽ മീഡിയയിലെയും കുറ്റവാർത്ത സംപ്രേഷണത്തോടും പ്രചാരണത്തോടും കൈക്കൊള്ളുന്ന നിലപാട് പുനഃപരിശോധിക്കുന്നത് നല്ലതായിരിക്കും.






