പിതാവ് എഴുതുന്ന നോവലുകളിലെ അദ്ഭുത കഥാപാത്രങ്ങളെയും വിസ്മയ ജീവിതങ്ങളെയും കേട്ടും കണ്ടും വായിച്ചും വളർന്ന കൊച്ചു മിടുക്കൻ ചക്ര ഷൂസ് നടത്തത്തിലൂടെ അദ്ഭുതമാവുന്നു. ഖിദാഷ് ഖാൻ പുത്തനങ്ങാടി എന്ന മിടുക്കനാണിത്. കഴിഞ്ഞയാഴ്ച നടന്ന ജില്ല റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച രണ്ടിനത്തിലും സ്വർണം നേടിയ ആറ് വയസ്സുകാരൻ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഈ വിഭാഗം മത്സരത്തിന് വീണ്ടും യോഗ്യത നേടിയിരിക്കുന്നു.

കഴിഞ്ഞ വർഷം ജില്ലാതല റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കന്നിയങ്കത്തിൽ രണ്ട് വെള്ളി മെഡൽ നേട്ടവുമായിട്ടാണ് വിജയകിരീടം നേടിയത്. മലപ്പുറം ജില്ല റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഏഴ് വയസ്സിന് താഴെ 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ വെള്ളി മെഡൽ നേടി സ്റ്റേറ്റ് ലെവൽ മത്സരത്തിലേക്ക് യോഗ്യത നേടി.
കഴിഞ്ഞ വർഷവും മികച്ച പ്രകടനം കാഴ്ചവെച്ച ഖിദാഷ് ഖാൻ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു. പെരിന്തൽമണ്ണ ടൊർനാഡോ റോളർ സ്‌കേറ്റിംഗ് ക്ലബ്ബിലാണ് പരിശീലനം നടത്തുന്നത്. രാമപുരം നിഷാദ് നെല്ലിശ്ശേരി, അതുൽ എന്നിവരാണ് പരിശീലകർ. നോവലുകളും പുസ്തകങ്ങളുമെഴുതി കുടുംബ മനസ്സുകളിൽ ഇടം നേടിയ എഴുത്തുകാരനും ഉർദു അധ്യാപകനുമായ ഫിറോസ് ഖാൻ പുത്തനങ്ങാടിയുടെയും പുത്തനങ്ങാടി പി.ടി.എം യു.പി സ്‌കൂളിലെ അധ്യാപിക ഫാത്തിമത്ത് സഹ്‌നയുടെയും മൂത്ത മകനാണ് ഖിദാഷ് ഖാൻ. സ്‌റ്റേറ്റ് ലെവൽ മത്സരത്തിലേക്കുള്ള പരിശീലനത്തിലാണ് ഖിദാഷ് ഖാൻ. വിവിധ സംഘടനകളും ക്ലബ് ഭാരവാഹികളും ഖിദാഷ് ഖാനെ അനുമോദിച്ചു .






