വി.എം. കുട്ടിയുടെ ഓർമയിൽ ഇതൾ വിരിഞ്ഞ ഇശൽനിശ

വി.എം. കുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത ഗായകൻ കെ.ജി. മാർകോസിന് മന്ത്രി ആന്റണി രാജു നൽകുന്നു 

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം. കുട്ടിയുടെ സ്മരണാർത്ഥം തിരുവനന്തപുരത്തെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ കൂട്ടായ്മയായ ''ഇശൽ സാംസ്‌കാരിക  സമിതി'' ഒരുക്കിയ പുരസ്‌കാര രാവ് സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായി.  വി.എം. കുട്ടി സ്മാരക പുരസ്‌കാരം പ്രശസ്ത ഗായകൻ കെ.ജി. മാർകോസിന് നൽകുന്നതിനായി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ചതായിരുന്നു ചടങ്ങ്.  പ്രശസ്ത ഗായകരുടെ സാന്നിധ്യവും സംഗീതാസ്വാദകരുടെ ബാഹുല്യവും കൊണ്ട് ഇശൽ രാവ് ഏറെ  മികവുറ്റതായി.

4000 ത്തോളം മാപ്പിളപ്പാട്ടുകൾ  തന്റേതായ ശൈലിയിൽ ആലപിച്ച് ആസ്വാദക ലക്ഷങ്ങൾക്ക് ഹരമേകിയ വ്യക്തിത്വത്തിനുടമയാണ് കെ.ജി. മാർകോസ്. അദ്ദേഹത്തിനുള്ള  പുരസ്‌കാരം ബഹു. ഗതാഗത മന്ത്രി ആന്റണി രാജു വിതരണം ചെയ്തു. കാഷ് അവാർഡ് കോവളം എം.എൽ.എ. എം. വിൻസെന്റ്  മാർകോസിന് കൈമാറി. 

1999 ഒക്ടോബർ  24 ന്  ഒരു മാപ്പിള ഗാനമേള സംഘടിപ്പിച്ചാണ് ഇശലിന്റെ അരങ്ങേറ്റമാരംഭിക്കുന്നത്. വള്ളക്കടവിൽ സംഘടിപ്പിച്ച ആ ഗാനമേളയുടെ ഉദ്ഘാടകൻ അന്ന് തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന ആന്റണി രാജു ആയിരുന്നു. 22 വർഷത്തിന് ശേഷം ഇശൽ  സംഘടിപ്പിച്ച  സംഗീത സന്ധ്യയിൽ ഉദ്ഘാടനവും       പുരസ്‌കാര വിതരണവും നടത്തിയതും ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജു തന്നെയായത് തികച്ചും യാദൃഛികമാണെന്ന് ഭാരവാഹികൾ പറയുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരായ സാധാരണക്കാരും കൂലിവേലക്കാരുമായ പതിനെട്ടു പേരാണ് ഇശലിന്റെ ഭാരവാഹികൾ. ചാല മാർക്കറ്റിൽ ചുമട്ടു തൊഴിലാളിയായ സുലൈമാൻ പ്രസിഡന്റും ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പ് നടത്തുന്ന നിയാസ് സെക്രട്ടറിയുമായ ഇശൽ സാംസ്‌കാരിക സമിതിയിൽ മൽസ്യ വ്യാപാരിയായ ദിലീഫ് റഹ്മാൻ (ട്രഷറർ), പൊതുപ്രവർത്തകനായ മുരളി, മുറുക്കാൻ കട നടത്തുന്ന ഗാലിഫ്, ഓട്ടോ ഇലക്ട്രിഷ്യനായ ഹരികുമാർ, ഗായകനായ ഷുഹൈബ്, മാർക്കറ്റിലെ തെരുവിൽ പഴക്കച്ചവടം നടത്തുന്ന അബ്ദുസലാം, സുബീഷ് ഖാൻ, ജീവൻ നവാസ്, ഇശലിന്റെ ആദ്യകാല മുൻനിര ഗായകൻ  അൻവർ  അഹമ്മദ്, നൗഷാദ്, ഹബീബ് തുടങ്ങിയവരാണ് ഇപ്പോൾ ഭാരവാഹികൾ. 23 വർഷത്തിനിടെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും  തമിഴ്‌നാട്ടിൽ  കന്യാകുമാരി ജില്ലയിലെ വിവിധയിടങ്ങളിലും മാപ്പിള ഗാനമേളകൾ  ഇശൽ സാംസ്‌കാരിക സമിതി സംഘടിപ്പിച്ചിട്ടുണ്ട്. ഏതാനും ഗായകരെ വളർത്തിക്കൊണ്ടുവരാൻ ഇശലിനു സാധിച്ചിട്ടുണ്ടെന്നതിൽ ചാരിതാർഥ്യമുണ്ടെന്ന് ഇശലിന്റെ കൂട്ടുകാർ പറയുന്നു. 

നിരവധി മാപ്പിളപ്പാട്ടുകൾ വിവിധ കാസറ്റുകളിലും ആൽബങ്ങളിലും മറ്റുമായി ആലപിക്കുകയും മാപ്പിളപ്പാട്ടിനെ ഇമ്പമാർന്ന  ശൈലിയിൽ പാടി പ്രശസ്തമാക്കുകയും, മാപ്പിളപ്പാട്ടിൽ വാക്കിന്റെയും വാക്യത്തിന്റെയും അർത്ഥവും ആഴവും മനസ്സിലാക്കി ജനകീയമാക്കുകയും ചെയ്തതിന്നാണ് കെ.ജി. മാർകോസിനെ പ്രഥമ വി.എം. കുട്ടി പുരസ്‌കാരം നൽകാൻ തെരഞ്ഞെടുത്തതെന്ന് ഇശലിന്റെ സംഘാടകർ ചാരിതാർഥ്യത്തോടെയാണ് വെളിപ്പെടുത്തി. അനന്തപുരിയിലെ ഗാന്ധി പാർക്കിന് ഉൾക്കൊള്ളാനാവാത്ത വിധം പ്രായഭേദമെന്യേ ആസ്വാദകർ തിങ്ങിനിറഞ്ഞപ്പോൾ കെ.ജി. മാർകോസ് താൻ പാടിയ മാപ്പിളപ്പാട്ടുകളിൽ  ഏറ്റവും ഇഷ്ടപ്പെട്ട  'മൗത്തും ഹയാത്തിനും ഉടമസ്ഥനേ' എന്ന ഗാനം ആലപിച്ച് സദസ്സിനെ ആവേശത്തിന്റെ ഉത്തുംഗതയിലെത്തിക്കുകയായിരുന്നു. തുടർന്ന് വി.എം. കുട്ടി മാസ്റ്റർ വളർത്തിക്കൊണ്ടു വന്ന വിളയിൽ ഫസീല, മുക്കം സാജിദ തുടങ്ങിയവരും ഗാനങ്ങളാലപിച്ച് സംഗീത സന്ധ്യക്കു കൊഴുപ്പേകി. മുക്കം സാജിദ താൻ എട്ടാം വയസ്സിൽ പാടിയ 'കിളിയേ ദിക്ർ പാടി കിളിയേ' എന്ന ഗാനമാലപിച്ചാണ് തുടങ്ങിയത്. പ്രശസ്ത പിന്നണി ഗായിക അഖില ആനന്ദ്, അഫ്‌സൽ, അനസ് ആലപ്പുഴ എന്നിവരും ഇശലിന്റെ ഗായകരായ ഷുഹൈബ്, സൈദ സാലിഹ്, ഹിബ സക്കീർ, ആമിന, സുനിത, ഫിദ ഫാത്തിമ എന്നിവരും ഇമ്പമാർന്ന ഗാനങ്ങളാലപിച്ച്, പുരസ്‌കാര രാവിനെത്തിയ ആസ്വാദകരെ സന്തോഷഭരിതരാക്കി. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ നിരവധി ഗാനങ്ങൾ പുതിയ ശൈലിയിലും ഈണത്തിലും പാടി അതിന്റെ വരികൾ മാപ്പിളഗാനാസ്വാദകരുടെ ചുണ്ടുകളിൽ എത്തിക്കുന്നതിൽ കെ.ജി. മാർകോസിന്റെ ആലാപന മികവ് നിസ്തുലമായ സ്ഥാനം വഹിച്ചിട്ടുണ്ട്. വി.എം. കുട്ടി മാസ്റ്ററുടെ മാപ്പിളപ്പാട്ടുകളെക്കുറിച്ചു അഗാധമായ അറിവും പരിചയവുമുള്ള പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലാണ് വി.എം. കുട്ടി അനുസ്മരണ പ്രഭാഷണം പുരസ്‌കാര ചടങ്ങിൽ നിർവഹിച്ചത്.  വി.എം. കുട്ടിയുടെ മകൻ അഷ്‌റഫും ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. 'അൽഹംദുലില്ലാഹ്' എന്ന മാപ്പിളപ്പാട്ട് ആൽബത്തിന്റെ  പ്രകാശനവും മന്ത്രി ആന്റണി രാജു കെ.ജി. മർകോസിന് നൽകി നിർവഹിച്ചു.  ഇശലിന്റെ ആദ്യകാല കലാപരിപാടികൾ ഓർക്കുമ്പോൾ മറക്കാനാകാത്ത ചില അനുഭവങ്ങൾ ഇശലിന്റെ കൂട്ടുകാർ ഓർത്തെടുത്തു. വർഷങ്ങൾക്കു മുമ്പ് ക്രിസ്മസ് നാളുകളിൽ സാന്താക്ലോസ് അപ്പൂപ്പന്റെ വേഷമണിഞ്ഞ് ബ്രാഹ്മണ വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന തെരുവുകളിൽ സഞ്ചരിച്ച് തങ്ങൾക്കറിയുന്ന മാപ്പിളപ്പാട്ടുകൾ സംഘമായി ആലപിച്ചുകൊണ്ടുള്ള യാത്ര മറക്കാനാകാത്ത അനുഭവമായി ഇവർ പറയുന്നു. അട്ടക്കുളങ്ങരയിലെ ജുപിറ്റർ സൗണ്ട്‌സ്, അനൂപ് കോവളം (പ്രശസ്ത കീ ബോർഡിസ്റ്റ്), ബിജു ടെക്‌നിക്‌സ്, ജീവൻ നവാസ്, ജറീന, ഷംല എന്നിവരുടെ വർഷങ്ങളായുള്ള സഹകരണം ഇശലിന്റെ മുന്നോട്ടുള്ള യാത്രക്ക് ഏറെ സഹായകമായിട്ടുണ്ട്.  സാമ്പത്തികമായ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടയിലും ഇശൽ കലാ സാംസ്‌കാരിക സമിതിയെ മുന്നോട്ടു കൊണ്ടുപോകുന്നതിന്ന് അതിന്റെ ഭാരവാഹികൾ പ്രായോജകരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. വരുംവർഷങ്ങളിൽ തിരുവന്തപുരം ജില്ലയിൽ നിന്നുള്ള മാപ്പിളപ്പാട്ട് ഗായകർക്ക് പ്രോൽത്സാഹനം നൽകി ഉയരങ്ങളിലെത്തിക്കാൻ അവസരമൊരുക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരികയാണെന്നും കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നും ഓഡിഷൻ നടത്തി മികച്ച ഗായകരെ തെരഞ്ഞെടുത്ത്  സിംഗർ ഓഫ് ദി ഇയർ അവാർഡ് നൽകുന്നതിനുമുള്ള പരിപാടിയാണ് ഇശലിന്റെ അടുത്ത ഉദ്ദേശ്യമെന്നും  ഭാരവാഹികൾ പറഞ്ഞു.

 

 

Latest News