Sorry, you need to enable JavaScript to visit this website.

'സൗദി വെള്ളക്ക'  വരും, വരാതിരിക്കില്ല

കണ്ണൂര്‍- ഇക്കഴിഞ്ഞ മെയ് 20ന് റിലീസ് പ്രഖ്യാപിച്ച് പ്രമോഷനുകള്‍ തുടങ്ങി റിലീസിന് തൊട്ടുമുമ്പ് മാറ്റിവെക്കപ്പെട്ട ചിത്രമാണ് സൗദി വെള്ളക്ക. പുതിയ റിലീസ് തീയതി സംബന്ധിച്ച ഒരുപാട് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സിനിമ വൈകാതെ തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ സൂചന നല്‍കി. നല്ലൊരു വാര്‍ത്ത വരുന്നുണ്ടെന്ന് ടീം പറയുന്നു. റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് പ്രഖ്യാപിച്ച് അത് മാറ്റിവച്ചപ്പോള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞത് ഇങ്ങനെയാണ്.
-പ്രേക്ഷകനെ പറ്റിച്ചു തീയേറ്ററില്‍ കയറ്റുന്ന ഒരു ചിത്രമാവില്ല സൗദി വെളളക്ക എന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ എത്രത്തോളം സമയം എടുക്കുന്നുവോ അത്രത്തോളം സമയമെടുത്ത് മാര്‍ക്കറ്റ് ചെയ്ത് സിനിമ നിങ്ങളിലേക്ക് എത്തിക്കാന്‍ തന്നെയാണ് ഞങ്ങളുടെ തീരുമാനം'-തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു.
 20 ഓളം വക്കീലന്മാരുടെയും റിട്ടയര്‍ഡ് മജിസ്ട്രേറ്റുമാരുടെയും നിരവധി കോടതി ജീവനക്കാരുടെയും സഹായത്തോടെയാണ് തരുണ്‍ സൗദി വെള്ളക്കയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്‍ രംഗങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി പോലീസ് ഓഫീസര്‍മാരുടെയും സഹായം സംവിധായകന്‍ തേടിയിട്ടുണ്ട്.
സൗദി വെള്ളക്കയിലെ കോടതി രംഗങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന വിധത്തില്‍ മുന്‍ മാതൃകകളെ അനുകരിക്കാതെയാണ് സംവിധായകന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ജാവ പോലെ സൗദി വെള്ളക്കയിലും 50-ല്‍ കൂടുതല്‍ പുതുമുഖ താരങ്ങള്‍ ഉണ്ട്. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest News