കണ്ണൂർ - തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ പോലീസ് പൊക്കി. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലശ്ശേരിയിൽ ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാജസ്ഥാൻ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ശിഹ്ഷാദ് ക്രൂരമായി മർദ്ദിച്ചത്. യാതൊരു പ്രകോപനവും കൂടാതെ കാറിൽ ചാരിനിന്നിരുന്ന കുട്ടിയെ ഇയാൾ ചവട്ടിത്തെറിപ്പിക്കുകയായിരുന്നു. ആകെ പകച്ചുപോയ കുട്ടി പിന്നീട് നിർത്താതെ കരയുകയായിരുന്നു. നടുവിന് പരിക്കേറ്റ കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്തുണ്ടായിരുന്ന ഒരു അഭിഭാഷകനാണ് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന് പിന്നാലെ സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ശിഹ്ഷാദിനെ ചോദ്യം ചെയ്‌തെങ്കിലും അതിനെ ന്യായീകരിച്ച് ഇയാൾ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടിയുണ്ടായത്. ബാലവകാശ കമ്മിഷനും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.