ട്വിറ്റർ പ്രീമിയം ബ്ലൂ വരിക്കാർക്ക് പരസ്യരഹിത ലേഖനങ്ങൾ നിർത്തി

പ്രീമിയം ബ്ലൂ വരിക്കാർക്ക് നൽകിയിരുന്ന പരസ്യരഹിത ലേഖനങ്ങൾ നിർത്തുകയാണെന്ന് ട്വിറ്റർ അറിയിച്ചു. പുതിയ സി.ഇ.ഒ ആയി എലോൺ മസ്‌ക് ചുമതലയേറ്റെടുത്തതിനു പിന്നാലെയാണ് തീരുമാനം.   ട്വിറ്റർ കഴിഞ്ഞ വർഷം 4.99 ഡോളറിന്  ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ  ആരംഭിച്ചപ്പോഴാണ് പരസ്യരഹിത ലേഖനങ്ങൾ ഉൾപ്പെടുത്തിയിരുന്നത്.
ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ ഫീസിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം നെറ്റ്‌വർക്കിലെ പ്രസാധകർക്കാണ് നേരിട്ട് ലഭിച്ചിരുന്നത്. 
ലേഖനങ്ങൾ അടങ്ങിയ ട്വീറ്റുകളിൽ ട്വിറ്റർ ബ്ലൂ പബ്ലിഷർ ലേബൽ പ്രദർശിപ്പിക്കുന്നത് നിർത്തുമെന്നും  ട്വിറ്റർ ഉപയോക്താക്കൾ  ലേഖനങ്ങൾ ആക്‌സസ് ചെയ്യുമ്പോൾ ബ്ലൂ ടോക്കൺ അയക്കില്ലെന്നും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം പ്രസാധകർക്ക് അയച്ച ഇ മെയിലിൽ പറഞ്ഞു.
ഇതോടെ  സൈറ്റുകളിൽനിന്ന് പരസ്യരഹിത ലേഖനങ്ങൾ തടയുമെന്നും ഇതിനായി പ്രസാധകരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ആവശ്യമില്ലെന്നും  കമ്പനി അറിയിച്ചു. 
ബ്ലൂ ഉപയോക്താക്കളെ വെബ്‌സൈറ്റുകളിൽ പരസ്യരഹിത ലേഖനങ്ങൾ കാണാൻ അനുവദിക്കുന്നതായിരുന്നു ഇപ്പോൾ നിർത്തലാക്കുന്ന ഫീച്ചർ.
കൂടുതൽ പരസ്യരഹിത ഉള്ളടക്കങ്ങളും പരസ്യരഹിത ലേഖനങ്ങളും ലഭ്യമാക്കാനുള്ള  തുടക്കം മാത്രമാണിതെന്നാണ്  കമ്പനി കഴിഞ്ഞ വർഷം നവംബറിൽ പറഞ്ഞിരുന്നത്.
വ്യക്തിക്ക് പരസ്യങ്ങൾ നൽകുന്നതിലൂടെ ഉണ്ടാക്കുന്നതിനേക്കാൾ 50 ശതമാനം വരുമാനം കൂടുതൽ ഉണ്ടാക്കാൻ പ്രസാധകരെ സഹായിക്കുകയാണ്  ലക്ഷ്യമെന്നും പുതിയ ഫീച്ചർ പുറത്തിറക്കിയപ്പോൾ ട്വിറ്റർ വ്യക്തമാക്കിയിരുന്നു. 

Latest News