വെബ് വാട്‌സ്ആപ്പിൽ വ്യൂ വൺസ് മെസേജ് നിർത്തുന്നു

കംപ്യൂട്ടറിൽ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യൂ വൺ മെസേജ് സൗകര്യം നിർത്തലാക്കുന്നു. ഡെസ്‌ക്‌ടോപ്പിൽ ഒരിക്കൽ കാണുന്ന സന്ദേശങ്ങൾ തുറക്കുന്നത് പ്രവർത്തനരഹിതമാക്കാൻ വാട്ട്‌സ്ആപ് ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്. കൂടുതൽ സ്വകാര്യതക്കായി ഇതിനായുള്ള അപ്‌ഡേറ്റ് കമ്പനി ഉടൻ പുറത്തിറക്കും.
ഒരിക്കൽ മാത്രം കാണുന്ന സന്ദേശങ്ങൾക്കായുള്ള  അധിക സുരക്ഷയുടെ ഭാഗമായി ആൻഡ്രോയിഡിലും ഐ.ഒ.എസിലും
സ്‌ക്രീൻഷോട്ട് ബ്ലോക്കിംഗ് എന്ന പുതിയ ഫീച്ചർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഒരിക്കൽ സന്ദേശം ലഭിച്ചതിന്റെ സ്‌ക്രീൻഷോട്ടോ വീഡിയോ റെക്കോർഡിംഗോ എടുക്കുന്നതിൽ നിന്ന് സ്വീകർത്താക്കളെ തടയുന്നതാണ് ഈ ഫീച്ചർ.
ഒരിക്കൽ മാത്രം കാണാവുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് തടയുന്നതിനാണ് ഡെസ്‌ക്‌ടോപ്പിൽ ഇത്തരം സന്ദേശങ്ങൾ അയക്കാനും തുറക്കാനുമുള്ള സൗകര്യം നീക്കം ചെയ്യുന്നതെന്ന് വാട്‌സ്ആപ്പിലെ പുതുമകൾ മുൻകൂട്ടി ഉപയോക്താക്കളിൽ എത്തിക്കുന്ന വാബീറ്റ ഇൻഫോ റിപ്പോർട്ടിൽ പറയുന്നു. 
വാട്‌സ്ആപ് വെബ് അല്ലെങ്കിൽ വാട്‌സ്ആപ് ഡെസ്‌ക്‌ടോപ് ആപ് ഉപയോഗിക്കുകയാണെങ്കിൽ ഒരിക്കൽ മാത്രമെന്ന സന്ദേശം ലഭിക്കുകയാണെങ്കിൽ അത് ഡെസ്‌ക്‌ടോപ്പിൽ തുറക്കാൻ കഴിയില്ല. പകരം, നിങ്ങൾക്ക് വ്യൂ വൺസ് മെസേജ് ഉണ്ടെന്നും കൂടുതൽ സ്വകാര്യതക്കായി ഫോണിൽ മാത്രമേ ഇത് തുറക്കാൻ കഴിയൂ എന്ന മെസേജ് കാണിക്കും.  
ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ് ആപ് ഉപയോഗിച്ച് ഇനി മുതൽ വ്യൂ വൺസ് മെസേജ് അയക്കാൻ കഴിയില്ല. സ്‌ക്രീൻഷോട്ട് എടുക്കാതിരിക്കാൻ ഡെസ്‌ക്‌ടോപ്പിൽ ഇത്തരം മെസേജ് തുറക്കുന്നതിൽനിന്നും പുതിയ മാറ്റങ്ങൾ 
ഉപയോക്താക്കളെ തടയുന്നു. എന്നിരുന്നാലും മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു സന്ദേശമയച്ചാൽ ഫോട്ടോ എടുക്കുന്നതിൽ നിന്ന് സ്വീകർത്താവിനെ തടയാൻ ഈ ഫീച്ചറിനു കഴിയില്ല. അതിനാൽ ഒരിക്കൽ മാത്രം കാണണമെന്ന ഉദ്ദേശ്യത്തോടെ  ഒരു ചിത്രമോ വീഡിയോയോ അയക്കുമ്പോൾ അയക്കുന്നയാൾ തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
ഡെസ്‌ക്‌ടോപ്പിൽ വ്യൂ വൺസ് മെസേജ് തുറക്കാൻ  ഇപ്പോഴും കഴിയുന്നുണ്ടെങ്കിൽ  ഉടൻ തന്നെ ലഭിക്കുന്ന അപ്‌ഡേറ്റോടെ അത് ഇല്ലാതാകും.
ആരെങ്കിലും ഗ്രൂപ്പ് വിട്ടാൽ അഡ്മിനു മാത്രം അറിയിപ്പ്, ഗ്രൂപ്പ് അഡ്മിൻമാർക്ക് മറ്റുള്ളവരുടെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അനുമതി, സ്റ്റാറ്റസ് വഴി പങ്കിട്ട ലിങ്കുകൾക്കുള്ള ലിങ്ക് പ്രിവ്യൂ, പ്രതികരിക്കാനുള്ള ഇമോജികൾ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം ഫീച്ചറുകൾ വാട്‌സ്ആപ്  അടുത്തിടെ പുറത്തിറക്കിയിരുന്നു.  

Latest News