ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതികൾ ഉൾെപ്പടെയുള്ള കാര്യങ്ങൾ ഉടനടി നടപ്പാക്കിയാൽ മാത്രമേ 2024 ലെ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടവകാശം സാധ്യമാകുകയുള്ളൂ. എന്നാൽ അതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കുമോ അതോ സുപ്രീം കോടതിയുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള കളികളാണോ ഇപ്പോൾ നടത്തിയതെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ.
പ്രവാസി ഇന്ത്യക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വോട്ട് ചെയ്യാൻ എല്ലാ ക്രമീകരണവുമൊരുക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പിൽ ഇത് സംബന്ധിച്ച് വർഷങ്ങളായി നിലനിൽക്കുന്ന നിയമ പോരാട്ടങ്ങൾക്ക് സുപ്രീം കോടതി അന്ത്യം കുറിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ പവിത്രതയും രഹസ്യാത്മകതയും നിലനിർത്തിക്കൊണ്ട് തന്നെ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകുമെന്നാണ് കേന്ദ്ര സർക്കാരറിന് വേണ്ടി അറ്റോർണി ജനറൽ ഉറപ്പ് നൽകിയത്. ആ ഉറപ്പിനെ മാത്രമാണ് കഴിഞ്ഞ എട്ട് വർഷമായി തുടങ്ങിയ നിയമപ്പോരാട്ടം അവസാനിപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായുള്ള ബെഞ്ച് ആധാരമാക്കിയത്. അതിനപ്പുറത്തേക്കുള്ള യാതൊരു നടപടിക്കും സുപ്രീം കോടതി മുതിർന്നതുമില്ല.
കേന്ദ്ര സർക്കാരിന്റെ ഉറപ്പ് വിശ്വസിക്കാമെങ്കിൽ അത് ഏറ്റവും സ്വാഗതാർഹമായ തീരുമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ സർക്കാരുകളെ തെരഞ്ഞെടുക്കുന്നതിൽ തന്റെ പങ്കാളിത്തമുണ്ടെന്ന് അഭിമാനത്തോടെ പറയാൻ അത് പ്രവാസികൾക്ക് വഴിയൊരുക്കും. പ്രവാസി വോട്ടവകാശമെന്നത് കേവലം തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല, മറിച്ച് പ്രവാസിയെ സംബന്ധിച്ചിടത്തോളം ഒരു ഇന്ത്യക്കാരനെന്ന നിലയിൽ അവന്റെ സ്വത്വത്തിന് കിട്ടുന്ന അംഗീകാരം കൂടിയാണത്. ആ അർത്ഥത്തിൽ തന്നെ അതിനെ കാണേണ്ടതുണ്ട്.
പ്രവാസികൾക്ക് വോട്ട് ചെയ്യാൻ അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകുമ്പോഴും എപ്പോൾ ഈ തീരുമാനം നടപ്പിലാക്കുമെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. അതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നവും. പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും വോട്ടവകാശം നൽകുമെന്ന് കേന്ദ്ര സർക്കാർ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതുവരെ പ്രാബല്യത്തിലായിട്ടില്ലെന്ന് മാത്രം. ഇത് സംബന്ധിച്ച നടപടിക്രമങ്ങളെല്ലാം വളരെ സാവധാനത്തിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ പരമോന്നത കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾക്കിടയിലും വലിയ അനിശ്ചിതത്വം നിഴലിച്ചു കിടക്കുന്നുണ്ട്.
2014 ൽ മലയാളിയായ പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിലാണ് പ്രവാസി വോട്ടവകാശത്തിന് വേണ്ടി സുപ്രീം കോടതിയിൽ ആദ്യ ഹരജി നൽകിയത്. അതിന് പിന്നാലെ കേരള പ്രവാസി അസോസിയേഷനും ഹരജിയുമായി സുപ്രീം കോടതിയിലെത്തി. അന്ന് തൊട്ട് സങ്കീർണമായ നിയമ നടപടികളിലൂടെ നീങ്ങുന്ന ഈ വിഷയത്തിൽ നിയമപരമായ നിസ്സഹായതയാണ് സുപ്രീം കോടതി ഏറ്റവും ഒടുവിൽ പ്രകടിപ്പിച്ചതെന്ന കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. പ്രവാസി വോട്ടവകാശത്തിന് വേണ്ടി പാർലമെന്റിൽ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് നിഷ്കർഷിക്കാൻ സുപ്രീം കോടതിക്ക് കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച കേസ് തീർപ്പാക്കിക്കൊണ്ടുള്ള വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളത്. അതായത് പന്ത് വീണ്ടും കേന്ദ്ര സർക്കാരിന്റെ കോർട്ടിലേക്ക് തന്നെ അടിച്ചു കയറ്റുകയാണ് സുപ്രീം കോടതി ചെയ്തത്.
പ്രവാസി വോട്ട് അവകാശമാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്നാണ് ഹരജിക്കാരനായ ഷംസീറിനു വേണ്ടി അഭിഭാഷകൻ വാദിച്ചതെങ്കിലും അത് അംഗീകരിക്കാൻ സുപ്രീം കോടതി തയാറായില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത് പ്രവാസി വോട്ടവകാശം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കൊപ്പം തന്നെയാണ് സുപ്രീം കോടതിയും നിലകൊള്ളുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രവാസികൾക്ക് വോട്ട് അനുവദിക്കുന്ന കാര്യത്തിൽ വളരെ നിർണായകമായ തീരുമാനങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ അതേ ആവേശം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നതാണ് ഇത് സംബന്ധിച്ച നടപടികളെല്ലാം വൈകാൻ കാരണമായത്. അല്ലെങ്കിൽ ഇതിനകം തന്നെ പ്രവാസി വോട്ട് യാഥാർത്ഥ്യമായേനേ.
പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ട്, പ്രോക്സി വോട്ട് എന്നിവ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള ബിൽ കേന്ദ്ര സർക്കാർ തയാറാക്കുകയും അത് ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കുകയും ചെയ്തു. എന്നാൽ ബിൽ രാജ്യസഭയിലേക്ക് എത്രയും പെട്ടെന്ന് കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ബിൽ രാജ്യസഭയിലെത്തുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് വന്നതിനാൽ അത് പാസാക്കാൻ കഴിയാതെ വരികയും പൂർണമായും കാലഹരണപ്പെടുകയുമാണുണ്ടായത്.
പ്രവാസി വോട്ടവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല തലങ്ങളിൽ പല ഘട്ടങ്ങളിലായി ചർച്ചകൾ നടന്നിട്ടും ഇതുവരെ വോട്ടവകാശം ലഭിക്കാത്തതിന് കാരണം സർക്കാരിന്റെ ഇഛാശക്തിയില്ലായ്മയാണ്. സാങ്കേതികമായ കാര്യങ്ങളും വോട്ടെടുപ്പിലെ വിശ്വാസ്യതയുമെല്ലാം ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ വിഷയത്തിലെ തീരുമാനം നീട്ടിവലിച്ചു കൊണ്ടുപോകുകയാണ് ചെയ്തത്. ഒരു രാജ്യത്തെ എല്ലാ പൗരൻമാർക്കും തങ്ങളുടെ ഭരണകർത്താക്കളെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടാകുമ്പോൾ മാത്രമാണ് ജനാധിപത്യം പൂർണതയിലെത്തുക. ജീവിക്കാനായി ജോലി തേടി അന്യരാജ്യങ്ങളിലേക്ക് പോകേണ്ടി വന്നതുകൊണ്ട് അവർക്ക് അവരുടെ സ്വന്തം രാജ്യത്തെ സർക്കാരുകളെ തെരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടിരിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ജനാധിപത്യം ശരിയായ രീതിയിൽ പുലരുന്നില്ലെന്ന് നമ്മൾ ആക്ഷേപിക്കുന്ന പല രാജ്യങ്ങളും വിദേശത്ത് ജോലിയെടുക്കുകയും താമസിക്കുകയും ചെയ്യുന്ന അവരുടെ പൗരൻമാർക്ക് വോട്ടവകാശം നൽകിയിട്ടുണ്ടെന്ന് അറിയുമ്പോഴാണ് പ്രവാസി വോട്ടവകാശത്തിന്റെ കാര്യത്തിൽ നാം എത്രത്തോളം പിന്തിരിപ്പൻമാരാണെന്ന് ബോധ്യപ്പെടുന്നത്.
2024 ൽ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അതിനു വേണ്ടിയുള്ള തയാറെടുപ്പുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടമെന്ന നിലയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിലാണ് പ്രവാസികൾക്ക് വോട്ടവകാശത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ സുപ്രീം കോടതി മുമ്പാകെ ഉന്നയിച്ചതും അതിന്റെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച പരാതികൾ കോടതി തീർപ്പാക്കിയതും.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സാധിക്കുമോയെന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.
ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടനടി നടപ്പാക്കിയാൽ മാത്രമേ 2024 ലെ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടവകാശം സാധ്യമാകുകയുള്ളൂ. എന്നാൽ അതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കുമോ അതോ സുപ്രീം കോടതിയുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള കളികളാണോ ഇപ്പോൾ നടത്തിയതെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ.






