കണ്ണൂർ - പ്രവാസിയായ ഭർത്താവിന്റെ കാറിൽ കാമുകനൊപ്പം മുങ്ങിയ ശ്രികണ്ഠപുരം ചെങ്ങളായിയിലെ യുവതിയെ കോടതി കാമുകനൊപ്പം വിട്ടു. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിൽ ഹാജറായ രണ്ട് മക്കളുടെ ഉമ്മയായ 27-കാരിയെയും പെരുവള്ളത്തുപറമ്പ് സ്വദേശിയായ 24-കാരനായ ബസ് ഡ്രൈവറെയും തളിപ്പറമ്പ് കോടതിയിൽ ഹാജറാക്കുകയായിരുന്നു.
തനിക്ക് കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് യുവതി കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് അവരുടെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുവദിച്ചത്. രാവിലെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ ഭർത്താവിന്റെ കാറും സഹോദരിയുടെ 15 പവൻ സ്വർണവും തിരികെ നൽകില്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ കോടതിയിലെത്തിയതോടെ കാറും സ്വർണവും തിരികെ ഏൽപ്പിക്കാമെന്നും തനിക്ക് കാമുകനൊപ്പം പോയാൽ മതിയെന്നും മാറ്റിപ്പറഞ്ഞു. ഇതേ തുടർന്ന് യുവതിയുടെ താൽപര്യപ്രകാരം കോടതി കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് യുവതി മൂന്നും ഏഴും വയസ്സായ രണ്ടുമക്കളെ വീട്ടിൽ ഉറക്കിക്കിടത്തി കാമുകനൊപ്പം പുത്തൻ കാറിൽ വീട് വിട്ടിറങ്ങിയത്. മംഗലാപുരം ഭാഗത്തേക്കായിരുന്നു ഇവരുടെ യാത്ര. യാത്രയ്ക്കിടെ യുവതി കാസർക്കോട്ടെ എ.ടി.എമ്മിൽനിന്നും പണം പിൻവലിച്ചതോടെയാണ് സംഭവങ്ങൾ പൊളിഞ്ഞത്. അർധരാത്രിയിലുള്ള പണം പിൻവലിക്കൽ മെസേജ് മൊബൈലിലേക്ക് വന്നതോടെ ഗൾഫിലുള്ള ഭർത്താവ് ഭാര്യയെ വിളിച്ചു. എത്ര വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടിലുള്ള സഹോദരിയെ വിളിച്ചു. തുടർന്നുള്ള പരിശോധനയിലാണ് വീട്ടിൽ അവർ ഇല്ലെന്നറിഞ്ഞത്.
വീട്ടമ്മയായ യുവതിയുടെ പേരിൽ നേരത്തെയും ഇത്തരമൊരു സംഭവമുണ്ടായതിനാൽ താക്കീത് ചെയ്ത് ഒരുമിച്ച് പോകുകയായിരുന്നു. ഭർത്താവ് ഇവളെ ഗൾഫിലേക്ക് കൊണ്ടുപോകാനായി യാത്രാരേഖകളെല്ലാം റെഡിയാക്കി കാത്തുനിൽക്കവെയാണ് കാമുകനോടൊപ്പമുളള മിന്നൽ യാത്ര. സംഭവത്തിൽ ഭർതൃസഹോദരിയുടെ പരാതിയിൽ യുവതിക്കും കാമുകനുമെതിരെ കേസെടുത്തതായി ശ്രീകണ്ഠപുരം പോലീസ് പറഞ്ഞു. പോലീസ് സൈബർ വിഭാഗം ഇരുവരെയും പിടികൂടാനായി വലവിരിച്ചിരിക്കവെയാണ് ഇവർ സ്റ്റേഷനിലെത്തി കീഴടങ്ങിയതും തുടർന്ന് കോടതിയിൽ ഹാജറാക്കിയതും.






