അബുദാബി- സ്വദേശികളുടെ മനസ്സില്‍ മാത്രമല്ല, വിദേശികളുടെ മനസ്സിലും ഒരു വികാരമായി കുടികൊള്ളുന്ന ശൈഖ് സായിദിന്റെ ജന്മശതാബ്ദിയാണ് ഇന്ന്. രാഷ്ട്രപിതാവിന്റെ ഓര്‍മകളിലാണ് യു.എ.ഇ ജനത. സമ്പത്ത് ദൈവത്തിന്റേതാണെന്നും അതു കൈകാര്യം ചെയ്യാന്‍ മാത്രമാണ് മനുഷ്യരെ ഏല്‍പിച്ചിരിക്കുന്നതെന്നും വിശ്വസിക്കുകയും അന്നം തേടിയെത്തിയവരെ വരവേല്‍ക്കുകയും ചെയ്ത പ്രിയപ്പെട്ട ബാബയാണ് എല്ലാവര്‍ക്കും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍.
കടലും മണല്‍ പരപ്പും മാത്രം കൈമുതലുണ്ടായിരുന്ന നാടിനെ ലോകത്തെ വിസ്മയിപ്പിച്ച രാഷ്ട്രമാക്കി മാറ്റിയത് ശൈഖ് സായിദിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള ചുവടുകളായിരുന്നു.
നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള യു.എ.ഇയെ വിഭാവനം ചെയ്യാന്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാനു സാധിച്ചുവെന്നാണ് ഇന്ന് തലയെടുപ്പോടെ നിലകൊള്ളുന്ന യു.എ.ഇ വിളിച്ചോതുന്നത്.
ജീവിതകാലത്തും മരിച്ചതിന് ശേഷവും ശൈഖ് സായിദ് ദാനധര്‍മത്തിന്റെ പ്രതീകമാണെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍സായിദ് ആല്‍ നഹ്‌യാന്‍ പറഞ്ഞു. അദ്ദേഹം കാണിച്ച പാതയില്‍ യു.എ.ഇ ഇനിയും ശക്തമായി മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു.