'വല്ലഭന് പുല്ലും ആയുധം' എന്നൊരു ചൊല്ലുണ്ട്. ഏതു പ്രശ്നം കിട്ടിയാലും അതെടുത്ത് എതിരാളിക്കു നേരേ തൊടുക്കും. അല്ലെങ്കിൽ ഷൂട്ട് ചെയ്യും. കൃത്യമായും എതിരാളിയെ കിട്ടിയില്ലെങ്കിൽ കാടടച്ചു വെടിവെയ്ക്കും. അതാണ് നമ്മുടെ ഗോവിന്ദൻ മാസ്റ്ററുടെ പ്രകൃതം. കായികാധ്യാപകനായി യു.പി സ്കൂളിൽ വിലസിയതും അനുഗ്രഹമായി. കഴിഞ്ഞതൊന്നും മനസ്സിൽ കുടിയിരുത്തുകയില്ല; അപ്പോൾത്തന്നെ മറന്നുകളയും. മലയിൽ വിശ്വാസികളെ കൈപിടിച്ചു പടികയറ്റുന്നതാണ് തങ്ങളുടെ കടമ എന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞ സഖാവാണ്. അങ്ങനൊരു സംഭവമേ അദ്ദേഹം ഇപ്പോൾ ഓർക്കുന്നില്ല; കഷ്ടിച്ച് ഓണത്തിനു മുമ്പാണ് സെക്രട്ടറി ആയതെങ്കിലും രണ്ടു മാസം കൊണ്ട് സഖാവ് കേരളത്തിലെ പുത്തൻ അടിയൊഴുക്കുകൾ കാണാപ്പാഠമാക്കി.
ഗവർണർക്കൊപ്പം ആരൊക്കെയെന്ന ഗവേഷണത്തിലായിരുന്നു കഴിഞ്ഞ രണ്ടു മാസം. ഒടുവിൽ കണ്ടുപിടിച്ചു- വി.ഡി. സതീശനും കെ. സുധാകര ഗുരുവും രമേശ് ചെന്നിത്തലജിയും ഒപ്പം അവരുടെ ഭജന സംഘവും. എ സമം ബി സമം സി, അതിനാൽ എ സമം സി എന്ന കണക്കു വിദ്യ മാത്രമേ മേൽപടി 'കുറ്റാരോപിതർക്കു'മേൽ ചാർത്താനാവൂ. എങ്കിലും ബൗദ്ധിക കസർത്തും ഗവേഷണവും കൊണ്ട് ഇനിയും അനേകം യു.ഡി.എഫുകാരെ ആരിഫ് മുഹമ്മദ് ഖാൻ സാഹിബിന്റെ കൂടെ ചേർക്കാൻ ഗോവിന്ദൻ മാസ്റ്റർക്കു കഴിയും. ആന്തരിക പ്രശ്നങ്ങൾ രൂക്ഷമായ പ്രതിപക്ഷത്ത് 'ഉൾപരിവർത്തനം' അഥവാ മ്യൂട്ടേഷൻ നിമിഷം തോറും സംഭവിച്ചുകൊണ്ടിരിക്കുന്നു. ജാഗ്രത! അതേ പറയാനുള്ളൂ.
യഥാർഥത്തിൽ സംഭവിച്ചത്: 'ഉണ്ടവന് അറിയില്ല ഉണ്ണാത്തവന്റെ വേദന'. സുധാകര ഗുരുവും സതീശനാശാനും നേരേ ചൊവ്വേ മന്ത്രിക്കസേരയിൽ ഇരുന്നിട്ടില്ല. സ്വപ്നം കണ്ട അനുഭവമേയുള്ളൂ. ഗുരു കുറച്ചുകാലം വനംവകുപ്പിൽ വസിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ചെന്നിത്തലജിയാകട്ടെ മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടശേഷമാണ് നിത്യവും ഉണരുക. മോഹങ്ങളില്ലെങ്കിൽ കോൺഗ്രസില്ല. തരൂരും കെ.സി. വേണുഗോപാൽ എന്ന പയ്യനും സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങി കുളം കലക്കും മുമ്പേ ഇവിടെ എന്തെങ്കിലും നടന്നു കാണണമെന്ന് ആത്മാർഥമായും ആഗ്രഹിക്കുന്നു. എം.വി. ഗോവിന്ദൻ സഖാവ് മറ്റെന്തൊക്കെയോ സ്വപ്നം കാണുകയാകണം. കഥയറിയാതെ ആട്ടം കാണുന്നുവെന്നും പറയാം. അല്ലാതെ, ഏതു ഗവർണർ? കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെയെന്നേ സുരേന്ദ്രൻ പോലും കരുതുന്നൂള്ളൂ.
**** **** ****
മൂന്നു കിലോമീറ്റർ സ്വന്തം കാലിൽ നടക്കാൻ മല്ലികാർജുൻ ഖാർഗെയ്ക്കു കഴിയുകയില്ല എന്ന് മുൻകൂട്ടി കണ്ടതാണ് രാഹുലൻ. ഒക്ടോബർ 7 ന് കന്യാകുമാരിയിൽനിന്നു ഹിമാചൽ പ്രദേശത്തേക്കു ചവിട്ടാൻ തുടങ്ങിയതാണ്. ഒന്നാമന് പ്രായം 81. ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ പ്രമാണിമാരുടെ കണക്കിലും 78 കഴിഞ്ഞാൽ മധ്യവയസ്സു കടന്നു. ഖാർഗേക്കു പകരം രാഹുലൻ ഇന്ത്യയെ (നടന്നു) കണ്ടെത്തുന്നു എന്നാണ് സങ്കൽപം. പക്ഷേ 'ഭാരത് ജോഡോ'ക്കു ഇനിയെന്താണ് പ്രസക്തി എന്നു മാതൃസംഘടനയിലെ മണ്ടന്മാർ മുറുമുറുത്തു തുടങ്ങി. 'നടന്നു പൊയ്ക്കോട്ടെ ആശാനേ, മറ്റുള്ളവർക്കു കുറച്ചു പിരിവെങ്കിലും തരപ്പെടും എന്ന് അനുഭവ സമ്പന്നരുടെയും പക്വമതികളുടെയും മറുപടി. രാഹുലൻ കാനഡയിലോ ഇറ്റലിയിലോ ഒക്കെ പോയി, സ്വകാര്യതക്കു ഭംഗമില്ലാതെ റോഡിലിറങ്ങി 'ബോൽപുരി ഖാരഹാ ഥാ' എന്ന ഹിന്ദി പാട്ടുംപാടി രജനീകാന്ത് അമേരിക്കയിൽ പോയതു പോലെയാണ് കഴിഞ്ഞു പോന്നത്. ഇന്നിപ്പോൾ ഖാർഗെജി ആരെയൊക്കെ നോമിനേറ്റ് ചെയ്യണം എന്നു ചെവിയിൽ ഓതിക്കൊടുക്കേണ്ട ഉത്തരവാദിത്തമാണ് ചുമലിൽ വന്നുവീണത്. സൂക്ഷ്മം, എന്തിനാണ് 'ഭാരത് ജോഡോ' എന്ന് ഒരെത്തും പിടിയും കിട്ടാത്ത അവസ്ഥ. കിലോമീറ്റർ 3570 ആണ് മൊത്തം. നടന്ന് വടയും പഴംപൊരിയും കഴിക്കുന്നതിനുമുണ്ട് ഒരു പരിധി. 'ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദിശ.. എന്നു പാടിയത് മലയാളത്തിലെ ഒരു കവിയാണ്. ഹിന്ദിയിൽ ആരെങ്കിലും പകർത്തിയിരുന്നെങ്കിൽ ശിഷ്ട ജോഡോ അതും പാടി കഴിക്കാമായിരുന്നു. കോൺഗ്രസിലിപ്പോൾ നല്ല വിവർത്തന സാഹിത്യത്തിന്റെ കുറവുണ്ട്. മോഡിജി അക്കാര്യം കണ്ടുപിടിക്കും മുമ്പേ തുടങ്ങിവെച്ചാൽ 'ഹിന്ദി ബെൽറ്റ്' നമുക്ക് അരയിൽ കെട്ടാൻ പാകത്തിനു സംഘടിപ്പിക്കാം.
**** **** ****
കൂത്തും കൂടിയാട്ടവും പോലെ ചില ചെറു സംഭവങ്ങളെയും മുഹൂർത്തങ്ങളെയും പകർന്നാടി പെരുപ്പിച്ച് ഹൈഡ്രജൻ ബലൂൺ പോലെ ആകാശത്ത് ഉയർത്തിക്കാട്ടി ജനശ്രദ്ധ പിടിക്കുന്നത് ഒരു കൗശലമാണ്. കഴിഞ്ഞ ഒരു കൊല്ലമായി ലോക്ദൾ-ജെ.ഡി.എസ് ലയനം ഒരു 'കൂത്താ'യി അരങ്ങേറി വരുന്നു. തിരുവല്ലയിലെ മാത്യു ടി. തോമസ് വക്കീൽ മുതൽ ബംഗലൂരുവിലെ ദേവഗൗഡ വരെ ജീവിച്ചിരിക്കുന്നുവെന്നതിനുള്ള തെളിവു കൂടിയാണ് അത്തരം വാർത്താ വിനോദം. സർവീസ് പെൻഷൻകാർ ആണ്ടൊരിക്കലേ മസ്റ്റർ ചെയ്യാറുള്ളൂ. 'ജനതാ' പ്രതിനിധികൾ മാസത്തിലൊരിക്കൽ എന്നു മാത്രമാണ് വ്യത്യാസം. എൽ.ജെ.ഡി-ജെ.ഡി.എസ് ലയനത്തിനു തടസ്സമില്ലെന്നു മാത്യു തോമസ് വക്കീലിന്റെ പ്രസ്താവന കേട്ടാൽ ആരും മൂക്കത്തു വിരൽവെയ്ക്കും. ശ്രേയംസ് കുമാറിനും കൃഷ്ണൻ കുട്ടിക്കും തടസ്സമില്ല. കുമാരസ്വാമിക്കാണെങ്കിൽ സ്വന്തം പിതാവ് ഗൗഡ പ്രസിഡന്റാകുന്നതിൽ ഒട്ടും തടസ്സമില്ല. പിന്നെ ലയനം വൈകുന്നതിൽ ഒരു കാരണമേയുള്ളൂ. ഇവരൊക്കെ പദയാത്ര ആയിട്ടാകും അടുത്ത യോഗത്തിനെത്തുന്നത്. 'ഭാരത് ജോഡോ' കണ്ട് ഓരോ മിനി ജോഡോ ഏറ്റെടുത്തിരിക്കും. വ്യായാമം അത്രയെങ്കിലും നല്ലതാണ്. നേതാക്കൾക്കിടയിൽ രോഗങ്ങൾ വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. പണ്ടത്തെപ്പോലെ ഒപ്പം നിന്നു സമരം നടത്താനോ, പിന്നാലെ ലക്ഷം ലക്ഷം എന്നു വിളിച്ചു നടക്കാനോ ആളെ കിട്ടാനില്ല. ഈ ന്യൂജെൻ തലമുറ കുരുത്തംകെട്ടവരാണ്, സംശയമില്ല. മേൽപടി ലയനം നടന്നു കഴിയുമ്പോഴേക്കും അടുത്ത ഐക്യമുന്നണിക്കായി 'മുഖ്യസഖ്യം' എന്ന പേരെഴുതി ഒട്ടിച്ചുകൊണ്ട് നിതീഷ് കുമാർ എത്തും. അദ്ദേഹം തെക്കോട്ടു പുറപ്പെട്ടിട്ടുണ്ട്. ജാഗ്രത! നോട്ടം പ്രധാനമന്ത്രി സ്ഥാനമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.
**** **** ****
ദൽഹിയിലെ കേരള ഹൗസിൽ അടുത്തടുത്ത മുറികളിൽ താമസിച്ചിട്ടു പോലും പിണറായി സഖാവും ഗവർണർജിയും തമ്മിൽ കണ്ടില്ല; മിണ്ടിയുമില്ല. രണ്ടുപേരുടെയും ഉള്ളിൽ 'ആരാദ്യം പറയും' എന്ന ഗാനം മുഴങ്ങിയോ എന്നു നിശ്ചയമില്ല. പക്ഷേ, കേരള രാഷ്ട്രീയത്തിൽ അതൊരു വാർത്തയല്ല. കെ. കരുണാകരനും എ.കെ. ആന്റണിയും കേരള ഹൗസിൽ അത്തരത്തിൽ മിണ്ടാട്ടമില്ലാതെ താമസിച്ചിട്ടുണ്ട്. അതായിരുന്നു ആശ്രിതരുടെ കൊയ്ത്തുകാലം. ഭാര്യാഭർത്താക്കന്മാരായിരുന്നിട്ടും ഒരേ മന്ത്രിസഭയിൽ പ്രവർത്തിച്ചിട്ടും ഒരു മതിലിന്റെ ഇരുവശത്തെയും മന്ദിരങ്ങളിൽ തമ്മിൽ മിണ്ടാതെ കഴിഞ്ഞിട്ടുണ്ട് ഗൗരിയമ്മയും ടി.വി. തോമസും; 'സാനഡു'വിലും 'റോസ് ഹൗസി'ലുമായി. കടുത്ത ആശയ ഭിന്നതയായിരുന്നു. യു.പിക്കാർക്കു കേരളത്തിലെ കാര്യമൊന്നും മനസ്സിലാകില്ല എന്നു മന്ത്രി ബാലഗോപാലൻ എണ്ണതേപ്പിച്ചു കൊണ്ടല്ല നേരേ ചൊവ്വേയാണ് പ്രസ്താവിച്ചത്. പക്ഷേ ആരിഫ് മുഹമ്മദ് ഖാൻജിക്ക് അതും മനസ്സിലായില്ല. ഇനിയിപ്പോൾ ഗവർണറുടെ പ്രീതി തിരികെ കൊണ്ടുവരാൻ എന്തൊക്കെ വേണ്ടിവരും എന്ന് മന്ത്രിസഭ യോഗം ചർച്ച ചെയ്യുന്നതു നന്നായിരിക്കും- വാഴക്കുല, ഓലമടൽ, കരിമ്പ്, നെയ്ത്തേങ്ങ, ശർക്കര...... അങ്ങനെ എന്തു വേണമെങ്കിലും ആകാം. മടിക്കണ്ട. സ്വൈരമായി ഭരിക്കണ്ടേ? പിന്നെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ. ചികഞ്ഞു നോക്കിയാൽ പാറ്റയോ ചിലന്തിയോ മൂട്ടയോ ഒന്നുമില്ലാത്ത മന്ദിരങ്ങളുണ്ടാകുമോ? പോകാൻ പറ!






