ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റ് തലയില്‍ പതിച്ച് 16 കാരിക്ക് ദാരുാണാന്ത്യം

മുംബൈ- ഒളിച്ചു കളിക്കുന്നതിനിടെ ലിഫ്റ്റ് തലയില്‍ ഇടിച്ച് 16 വയസുകാരി മരിച്ചു. മുംബൈയിലെ മാന്‍ഖുര്‍ദ് ഏരിയയില്‍  ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. പെണ്‍കുട്ടി ലിഫ്റ്റിലെ ജനല്‍ പോലെയുള്ള ഭാഗത്തേക്ക് തല കയറ്റിയപ്പോഴാണ് സംഭവം. ലിഫ്റ്റ് താഴേക്ക് പതിക്കുകയും തലയില്‍ ഇടിക്കുകയും ചെയ്തു. ഉടന്‍ തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
മുത്തശ്ശിയെ കാണാന്‍ എത്തിയ  രേഷ്മ ഖരാവി എന്ന പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം ഒളിച്ചു കളിക്കുകയായിരുന്നു. ലിഫ്റ്റിലെ ജനല്‍ തുറസ്സിലേക്ക് തല കയറ്റി സുഹൃത്തുക്കളെ അന്വേഷിക്കുന്നതിനിടെ ലിഫ്റ്റ് തലയില്‍ പതിക്കുകയായിരുന്നു.
ഹൗസിംഗ് സൊസൈറ്റിയിലെ കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹൗസിങ് സൊസൈറ്റി അധികൃതര്‍ ജനലില്‍ ഗ്ലാസ് സ്ഥാപിക്കേണ്ടതായിരുന്നുവെന്ന് പിതാവ് രവി ഖരാവി പറഞ്ഞു.
വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
കേസില്‍ ഹൗസിങ് സൊസൈറ്റി ചെയര്‍മാനെയും സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും മാന്‍ഖുര്‍ദ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മഹാദേവ് കോലി പറഞ്ഞു.

 

Latest News