ആലപ്പുഴ- യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കേരളവും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബങ്ങള്‍ താമസിക്കുന്ന വീട്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുന്ന യു പി മോഡല്‍ നടപടി കേരളത്തിലും നടപ്പിലാക്കി. ആലപ്പുഴയില്‍ എക്സൈസ് വകുപ്പാണ് ഈ നടപടിയിലേക്ക് കടന്നത്. ചാരുംമൂട് ജംഗ്ഷനില്‍ തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍്പന നടത്തിയിരുന്ന കടയാണ് എക്സൈസ് ജെ സി ബി കൊണ്ടുവന്ന് ഇടിച്ച് നിരത്തിയത്. നൂറനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ അഖിലാണ് പട്രോളിംഗിനിടെ തട്ടുകടയുടെ അടുത്തായി കഞ്ചാവുമായി നിന്ന യുവാവിനെ പിടികൂടിയത്. ഇയാളില്‍ നിന്നും പന്ത്രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടുകടയുടെ ഉടമ പുതുപ്പള്ളിപ്പുറം സ്വദേശി ഷൈജുഖാന്‍ ആണ് കഞ്ചാവ് നല്‍കിയതെന്ന് എക്സൈസിന് മനസിലായത്. ഷൈജുഖാന്റെ കടയും വീടും കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായും എക്സൈസ് കണ്ടെത്തി. പൊതിക്ക് അഞ്ഞൂറ് രൂപ നിരക്കിലായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നത്. ഷൈജുഖാന്റെ തട്ടുകടയെ കുറിച്ചുള്ള എക്സൈസിന്റെ തുടര്‍ അന്വേഷണത്തില്‍ ഇത് പുറമ്പോക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് മനസിലായി. കടയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് എക്സൈസ് ശുപാര്‍ശ നല്‍കി. ഇത് അംഗീകരിച്ച ഭരണസമിതി കട പൊളിച്ചു നീക്കാന്‍ എക്സൈസിന് അനുമതി നല്‍കുകയായിരുന്നു. കേരളത്തില്‍ നടക്കുന്ന കേട്ടുകേള്‍വിയില്ലാത്ത പല കാര്യങ്ങളും പോലെ ജെ.സി.ബി വിപ്ലവവും.