മക്ക - വിശുദ്ധ ഹറമിനു സമീപം അല്ശൗഖിയ ഡിസ്ട്രിക്ടില്‍ നിന്ന് ദിവസങ്ങള്‍ക്കു മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാലിക റതീലിനെ സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തിയത് കൊടും ക്രിമിനലിന്റെ ഫ്ളാറ്റിലാണെന്ന് മക്ക പോലീസ് വക്താവ് കേണല്‍ ഫവാസ് അല്‍മൈമാന്‍ പറഞ്ഞു. ക്രിമിനലിന്റെ നീക്കങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ രഹസ്യമായി നിരീക്ഷിക്കുകയും ബാലിക അപ്രത്യക്ഷമായതില്‍ ഈ പ്രതിക്ക് പങ്കുള്ളതായി ഉറപ്പുവരുത്തുകയായിരുന്നു. നിരവധി കേസുകളില്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പിടികിട്ടേണ്ട ഏറെ അപകടകാരിയായ പ്രതിയെ ഫ്ളാറ്റ് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്ത് പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ബാലികയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കുള്ള മുപ്പതുകാരനായ സിറിയന്‍ യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലികയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്ത് നടത്തിയ പരിശോധനയില്‍ തോക്കും ഹഷീഷും കണ്ടെത്തി. മുഖ്യപ്രതിയുടെ ഫ്ളാറ്റില്‍ മുപ്പതു വയസ് പ്രായമുള്ള എത്യോപ്യക്കാരിക്കൊപ്പമാണ് ബാലികയെ കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധന നടത്തി പീഡനങ്ങള്‍ക്ക് ഇരയായിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ബാലികയെ പിന്നീട് മാതാവിന് കൈമാറിയതായും കേണല്‍ ഫവാസ് അല്‍മൈമാന്‍ പറഞ്ഞു.






