ഇടുക്കി-ഇന്നലെ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ കട്ടപ്പന എഴുകുംവയലില്‍ വീട് കത്തിനശിച്ചു. പുത്തന്‍പാലം മുണ്ടിയാങ്കല്‍ എല്‍സമ്മയുടെ വീടാണ് കത്തി നശിച്ചത്. അലമാരയില്‍ സൂക്ഷിച്ച ഏകദേശം രണ്ടര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ലാപ്ടോപ്പ്, റേഷന്‍കാര്‍ഡ്, ആധാരം അടക്കമുള്ള വിലപ്പെട്ട രേഖകളും ചാമ്പലായി. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. വീടിന്റെ മൂന്ന് മുറികളിലെ ഉപകരണങ്ങളും അലമാരയും അതില്‍ സൂക്ഷിച്ച വിലപ്പെട്ട സാധനങ്ങളും കത്തി നശിച്ചു. വീടിന്റെ ഓട് പൊട്ടിത്തെറിച്ചു. നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്‌നിശമനസേന തീയണച്ചു. ഇടുക്കി ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
ആശുപത്രി ആവശ്യത്തിനായി പോയതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. വീട്ടില്‍നിന്ന് പോകുന്നതിന് മുമ്പ് വീട്ടുകാര്‍ മെയിന്‍ സ്വിച്ച് ഓഫാക്കിയിരുന്നു. തീപ്പിടിത്തത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന്റെ വിലയിരുത്തല്‍. 40 വര്‍ഷത്തിലധികം പഴക്കമുള്ള വീടാണ് കത്തിനശിച്ചത്. അടുക്കള ഭാഗത്തേക്ക് തീപടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. വീട്ടില്‍നിന്നു യാതൊന്നും കാണാതെ പോയിട്ടില്ല. കതകുകള്‍ അടഞ്ഞ നിലയിലുമാണ്. മറ്റ് വഴികളിലൂടെ ആരും അകത്ത് കടന്നതായി യാതൊരു ലക്ഷണവും ഇല്ല. തീപിടിക്കുവാന്‍ കാരണമായ യാതൊന്നും മുറിയില്‍നിന്നു കണ്ടെത്തുവാന്‍ പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ കഴിഞ്ഞിട്ടില്ലെന്ന് നെടുങ്കണ്ടം എസ്.എച്ച്.ഒ ബി.എസ് ബിനു പറഞ്ഞു.