മോര്‍ബി- ഗുജറാത്തില്‍ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്ത സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോഡി സന്ദര്‍ശിച്ചു. മോര്‍ബി സിവില്‍ ആശുപത്രിയിലെത്തി ചികില്‍സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. അപകടം നടന്ന് മൂന്നാംദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ദുരന്തസ്ഥലത്ത് എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരുമായി പ്രധാനമന്ത്രി സംസാരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, അഭ്യന്തരമന്ത്രി ഹര്‍ഷ് സാങ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
അതിനിടെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ആശുപത്രി മോടിപിടിപ്പിച്ചതിനെ പ്രതിപക്ഷപാര്‍ട്ടികള്‍ നിശിതമായി വിമര്‍ശിച്ചു. ഒരുവശത്ത് മരണത്തിന്റെ നിലവിളി ഉയരുമ്പോള്‍, മറുവശത്ത് പ്രധാനമന്ത്രിക്ക് ഫോട്ടോഷൂട്ടിനുള്ള സൗകര്യമൊരുക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മരിച്ച 135 പേരില്‍ 47 പേര് കുട്ടികളാണ്. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതലവഹിച്ച ഒറിവ ഗ്രൂപ്പ് ആസ്ഥാനം അടച്ചിട്ട നിലയിലാണ്. ഇവരുടെ ജീവനക്കാരും കരാറുകാരും ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാല്പര്യ ഹരജി ഈ മാസം 14ന് സുപ്രീംകോടതി പരിഗണിക്കും.