ബസുകളാണ് യാത്രക്കാരുടെ പ്രധാന വാഹനം. ദിവസേന ഓരോ ജില്ലയിലും നൂറുകണക്കിന് ബസ് സർവീസുകളാണ് നടക്കുന്നത്. പതിനായിരങ്ങളാണ് ദിവസേന യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ആയാലും സ്വകാര്യ ബസുകളായാലും യാത്രക്കാർക്ക് സുരക്ഷിതരായി യാത്ര ചെയ്യാനുള്ള സാഹചര്യം അനിവാര്യമാണ്.
പൊതുജങ്ങളിൽ മഹാഭൂരിപക്ഷവും നിത്യയാത്രക്ക് പൊതുയാത്ര സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ്. സർക്കാർ ജോലിക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാർഥികൾ, കച്ചവടക്കാർ തുടങ്ങി ദിവസവും യാത്ര ആവശ്യമായി വരുന്നവർ ഗ്രാമങ്ങളിൽ പോലുമുണ്ട്. വീട്ടിൽ സ്വന്തമായി വാഹനങ്ങൾ ഉണ്ടെങ്കിൽ പോലും എല്ലാ ദിവസവും യാത്രക്കായി ആ വാഹനങ്ങളല്ല അധികപേരും ഉപയോഗിക്കുന്നത്. പൊതുഗതാഗത സംവിധാനം ആളുകളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായിരിക്കുന്നു.
ഈ യാത്രകൾ എത്രമാത്രം സുരക്ഷിതമാണ്?
ബസുകളാണ് യാത്രക്കാരുടെ പ്രധാന വാഹനം. ദിവസേന ഓരോ ജില്ലയിലും നൂറുകണക്കിന് ബസ് സർവീസുകളാണ് നടക്കുന്നത്. പതിനായിരങ്ങളാണ് ദിവസേന യാത്ര ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ആയാലും സ്വകാര്യ ബസുകളായാലും യാത്രക്കാർക്ക് സുരക്ഷിതരായി യാത്ര ചെയ്യാനുള്ള സാഹചര്യം അനിവാര്യമാണ്.
ബസ് ജീവനക്കാർ, പ്രത്യേകിച്ച് ഡ്രൈവർമാർ, അവർ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പലപ്പോഴും ഒളിച്ചോടുന്നവരാണെന്നാണ് അടുത്ത കാലത്ത് മലബാർ മേഖലയിൽ പോലീസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത്. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ബസ് ഡ്രൈവർമാർ വാഹനമോടിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്ത സമയങ്ങളിലായി നടന്ന പരിശോധനകളിൽ കണ്ടെത്തിയത്. ഡ്യൂട്ടി സമയത്ത് പോലും മദ്യപിക്കുന്ന ജീവനക്കാർ പല ബസുകളിലുമുണ്ട്.
പൊതുഗതാഗത സംവിധാനങ്ങളിൽ ഡ്രൈവർമാരുടെ ഉത്തരവാദിത്തം ഏറെ വലുതാണെന്ന് അവർക്ക് തന്നെ അറിയാം. നൂറുകണക്കിന് യാത്രക്കാരെയാണ് അവർ ദിവസേന ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നത്. അവരെ കുറിച്ചുള്ള വിശ്വാസമാണ് യാത്രക്കാരെ ബസുകളിൽ കയറാൻ പ്രേരിപ്പിക്കുന്നത് തന്നെ. എന്നാൽ ഈ വിശ്വാസം നഷ്ടപ്പെടുത്തുന്ന പെരുമാറ്റങ്ങളാണ് പല, പ്രത്യേകിച്ചും യുവാക്കളായ ഡ്രൈവർമാരിൽ നിന്നുണ്ടാകുന്നത്.
രാവിലെ ആദ്യത്തെ ട്രിപ്പ് മുതൽ തന്നെ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ഡ്രൈവർ സീറ്റിൽ കയറുന്ന നിരവധി ഡ്രൈവർമാരുണ്ട്. കണ്ടക്ടർമാർ ഇക്കാര്യത്തിൽ കുറച്ചൊക്കെ പിറകിലാണ്. കാരണം, അവർക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നുണ്ട്. ഡ്രൈവറാകട്ടെ, കാബിനിൽ ഒറ്റക്കാണുള്ളത്. അയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് യാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാനാകണമെന്നില്ല.
ബസ് ജീവനക്കാർക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിക്കുന്നതായി സംശയമുയർന്നതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പരിശോധന ശക്തമാക്കിയിരുന്നു.സർവീസ് നടത്തികൊണ്ടിരിക്കുന്ന ബസുകളിൽ മിന്നൽ പരിശോധന നടത്തിയും ബസുകൾക്ക് ട്രിപ്പുകൾക്കിടയിലുള്ള ഇടവേളകളിൽ പരിശോധിച്ചുമാണ് ഈ വിപത്തിനെ കണ്ടെത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചത്. പലപ്പോഴും രാവിലെ ട്രിപ്പ് തുടങ്ങുന്നതിന് മുമ്പും ഉച്ചക്കും മറ്റുമുള്ള ഇടവേളകളിലും ജീവനക്കാർ മദ്യം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഒരു ബസ് സ്റ്റാൻഡിൽ ഉച്ച സമയത്ത് നടത്തിയ പരിശോധനക്കിടെ ജീവനക്കാർ ഓടിരക്ഷപ്പെടുകയും ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഈ ബസുകളിലെ ജീവനക്കാർ ഉച്ചസയമങ്ങളിൽ സ്ഥിരമായി മദ്യപിക്കുന്നതായി കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള മയക്കുമരുന്നുകൾ ബസ് ജീവനക്കാർ ഉപയോഗിക്കുന്നുണ്ടെന്നും എക്സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു.
ജോലിയിലുള്ള സമ്മർദമാണ് മയക്കുമരുന്ന് ഉപയോഗത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യ ബസുകളുടെ സമയക്രമം ജീവനക്കാർക്ക് കടുത്ത സമ്മർദമുണ്ടാക്കുന്നുണ്ട്. കുറഞ്ഞ സമയ വ്യത്യാസത്തിലാണല്ലോ പല റൂട്ടുകളിലും സ്വകാര്യ ബസുകൾക്ക് പെർമിറ്റുള്ളത്. ദീർഘദൂര ബസുകളിൽ ചെറിയ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുന്നത് സമ്മർദമേറിയ ജോലിയാണ്. റോഡുകൾ തകർന്നു തുടങ്ങിയതോടെ പലയിടത്തും ഗതാഗതക്കുരുക്ക് രൂപപ്പെടുകയും യാത്ര വേഗം കുറയുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ മറികടക്കുന്നതിന് പലപ്പോഴും അമിത വേഗമെടുത്താണ് ഡ്രൈവർമാർ ബസുകൾ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. സമയം വൈകിയാൽ അടുത്ത ട്രിപ്പ് മുടങ്ങുമെന്നതോടൊപ്പം സർക്കാർ ജീവനക്കാർ അടക്കമുള്ളവർ ഓഫീസ് സമയത്തിന് മുമ്പ് എത്താൻ കഴിയാത്തതിന് ഡ്രൈവർമാരെ ശകാരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം സമ്മർദങ്ങൾക്കിടയിൽ മാനസിക സംഘർഷം കുറക്കുന്നതിനാണ് മയക്കുമരുന്നിന്റെ ഉപയോഗമെന്നാണ് ഡ്രൈവർമാർ രഹസ്യമായാണെങ്കിലും പറയുന്നത്.
ജോലി സമ്മർദത്തിന്റെ പേരിലുള്ള ഡ്രൈവർമാരുടെ ഈ ദുശ്ശീലം യാത്രക്കാരെ എങ്ങോട്ടാണ് എത്തിക്കുന്നതെന്നത് കൂടി ആശങ്കയോടെ ചിന്തിക്കേണ്ട കാര്യമാണ്. വലിയ അപകടങ്ങൾക്ക് ഇടവരുത്താവുന്ന മാനസിക വിഭ്രാന്തിയാണ് മയക്കുമരുന്നിന്റെ ഉപയോഗം ഡ്രൈവർമാരിലുണ്ടാക്കുന്നത്.
മദ്യവും മയക്കുമരുന്നും തലക്ക് പിടിക്കുമ്പോൾ ബസിന്റെ വേഗം അവർക്ക് പ്രശ്നമല്ല. അപകട വളവുകളിൽ പോലും അവർ അമിത വേഗമെടുക്കുന്നു. അപകടകരമായ നിലയിൽ ഓവർടേക്കുകൾ എടുക്കുന്നു. ബസിനുള്ളിൽ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു. യാത്രക്കാർ അറിയുന്നില്ല ലഹരിയുടെ സാഹസികതയാണ് അതെന്ന്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ ഡ്രൈവർമാർക്കുണ്ടാകുന്ന അമിത ആത്മവിശ്വാസം വാഹനത്തെ വലിയ വിപത്തിലേക്ക് നയിക്കാം.
ഡ്യൂട്ടി സമയങ്ങളിൽ ബസ് ജീവനക്കാർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട ്.ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ പന്താടിയുള്ള ലഹരി യാത്രകൾക്ക് തടയിടേണ്ടതുണ്ട്. ചെയ്യുന്ന ജോലിയുടെ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ച് ജീവനക്കാർ തന്നെയാണ് ആദ്യം ബോധവാൻമാരാകേണ്ടത്. യാത്രക്കാരുടെ ജീവൻ ഡ്രൈവർമാരുടെ കൈകളിൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. സർക്കാർ വകുപ്പുകളുടെ പരിശോധനകൾക്ക് പരിമിതികളുണ്ട്. ബസുകൾ എത്തുന്ന എല്ലായിടത്തും അവർക്ക് എത്താനാകില്ല. മാത്രമല്ല, സർവീസിനിടയിൽ ബസുകൾ തടഞ്ഞു നിർത്തിയുള്ള പരിശോധന യാത്രക്കാരിൽ നിന്നു തന്നെ എതിർപ്പുകൾക്കും ഇടയാക്കും.
ഇത്തരം സാഹചര്യത്തിൽ യാത്രക്കാരുടെ ജാഗ്രതക്ക് ഏറെ പ്രാധാന്യമുണ്ട്. യാത്ര ചെയ്യുന്ന ബസിലെ ജീവനക്കാർ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അത്തരം യാത്രകൾ തുടരാൻ അനുവദിക്കരുത്. അത് ഒരു പക്ഷേ, മരണത്തിലേക്കുള്ള യാത്രയാകാം. അത്തരം ജീവനക്കാരെ നിയമനത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികളും യാത്രക്കാരുടെ ഭാഗത്തു നിന്നുണ്ടാകണം. യാത്രകൾ സുരക്ഷിതമാകണമെന്നുറപ്പാക്കാൻ യാത്രക്കാരും ശ്രദ്ധിക്കണം.






