Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകം കുലുങ്ങിയ ഇടി

സിദാന്റെ ഇടിയേറ്റ് മാറ്റരാസി വീഴുന്നു.
കിരീടവുമായി ഇറ്റലി ടീം.

പന്തുരുണ്ട വഴികൾ
 

ജർമനി, 9 ജൂൺ-9 ജൂലൈ, 2006

ഫുട്‌ബോൾ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു ഇടിയിലാണ് 2006 ലെ ലോകകപ്പ് അവസാനിച്ചത്. സിനദിൻ സിദാന്റെ ഉജ്വലമായ കരിയർ ചുവപ്പ് കാർഡിന്റെ നാണക്കേടിൽ അവസാനിച്ചു. ഇറ്റലിക്കെതിരായ ഫൈനൽ എക്‌സ്ട്രാ ടൈമിലേക്കും കടന്ന് മുറുകവേയായിരുന്നു ഫ്രഞ്ച് താരം എതിർ ഡിഫന്റർ മാർക്കൊ മാറ്റെരാസിയെ തല കൊണ്ടിടിച്ചു വീഴ്ത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനാവും സിദാനെന്ന് ഉറപ്പായിരുന്നു. എന്നിട്ടും മാന്യമായ തന്റെ കരിയറിന് കറ കൊണ്ട് തിരശ്ശീലയിടാൻ എന്താണ് സിദാന് പ്രകോപനമായതെന്ന് ലോകം ദിവസങ്ങളോളം ചർച്ച ചെയ്തു. ലോകകപ്പിൽ രണ്ടു തവണ ചുവപ്പ് കാർഡ് കണ്ട രണ്ടേരണ്ടു കളിക്കാരിലൊരാളായി സിദാൻ. 


അറിയാമോ? ലോകകപ്പിലെ ഏറ്റവും വൈകി നേടിയ ഗോൾ 2006 ൽ ജർമനിക്കെതിരായ സെമിയിൽ ഇറ്റലിയുടെ അലസാന്ദ്രൊ ദെൽപിയറോയുടേതായിരുന്നു, 121 ാം മിനിറ്റിൽ.     



പ്രതിരോധ നിരയുടെയും ടീം വർക്കിന്റെയും കരുത്തിലാണ് ഇറ്റലി വിജയപീഠം കയറിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു ഗോളി ജിയാൻലൂജി ബുഫോണും ക്യാപ്റ്റൻ ഫാബിയൊ കനവാരോയും നേതൃത്വം നൽകിയ പ്രതിരോധം. രണ്ടു ഗോളാണ് അവർ വഴങ്ങിയത്. ഒന്ന് സെൽഫ് ഗോളും ഒന്ന് പെനാൽട്ടിയും. ആന്ദ്രെ പിർലോയും ജെന്നാരൊ ഗട്ടൂസോയും മധ്യനിരയിൽ വിശ്രമമില്ലാതെ കളിച്ചു. ഫുൾബാക്കുകളായ ജിയാൻലൂക്ക സംബ്രോട്ടയും ഫാബിയൊ ഗ്രോസോയും എതിർ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. ഇറ്റാലിയൻ ലീഗിലെ ഒത്തുകളി വിവാദത്തിന്റെ കരിനിഴലിലായിരുന്നു ടീം. പ്രതിസന്ധി ടീമിനെ ഒരുമിപ്പിക്കുകയാണ് ചെയ്തത്. ഇരുപത്തിമൂന്നംഗ ടീമിൽ 21 പേരും കളിച്ചു, പത്തു പേർ ഗോൾ നേടുകയും ചെയ്തു. 
രണ്ടാം റൗണ്ടിൽ ഗ്രോസൊ നേടിയെടുത്ത വിവാദ പെനാൽട്ടിയാണ് ഓസ്‌ട്രേലിയക്കെതിരെ പത്തു പേരായിച്ചുരുങ്ങിയ ഇറ്റലിയെ രക്ഷിച്ചത്. ജർമനിക്കെതിരായ ഹരം പിടിപ്പിച്ച സെമിയിൽ ഗ്രോസൊ വീണ്ടും കളി തിരിച്ചു. ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ അവസാന കിക്കിലൂടെ കിരീടം ഇറ്റലിക്കു സമ്മാനിച്ചതും ഗ്രോസൊ തന്നെ. യൂറോ 2000 ഫൈനലിൽ ഇറ്റലിക്കെതിരെ ഗോൾഡൻ ഗോളിലൂടെ ഫ്രാൻസിന കിരീടം സമ്മാനിച്ച ഹീറോ ഡേവിഡ് ട്രസഗ്വെയാണ് ഇത്തവണ ഷൂട്ടൗട്ടിൽ വില്ലനായത്. ട്രസഗ്വെയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് ഗോൾ ലൈനിനു മുമ്പിൽ പിച്ച് ചെയ്ത് പുറത്തേക്ക് പോയി. ആദ്യമായാണ് ലോകകപ്പിന്റെ ഷൂട്ടൗട്ടിൽ ഇറ്റലി ജയിക്കുന്നത്, 1994 ലെ ഫൈനലിലുൾപ്പെടെ മൂന്നു തവണ അവരെ ഷൂട്ടൗട്ട് ചതിച്ചിരുന്നു.


നിലവിലെ ചാമ്പ്യന്മാരും യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്ന ആദ്യ ലോകകപ്പാണ് ഇത്. സ്റ്റേഡിയങ്ങൾക്കു പുറത്തെ ആരാധക മേഖലകൾ വൻ പ്രചാരം നേടി. പതിവില്ലാത്ത വിധം ആക്രമണ ഫുട്‌ബോൾ കളിച്ച ജർമനിയുടെ യുവനിരയും ടൂർണമെന്റിന് ഹരം പകർന്നു. മിറോസ്ലാവ് ക്ലോസെ അഞ്ചു ഗോളോടെ ടോപ്‌സ്‌കോററായി. മൂന്നു ഗോളടിച്ച ലുക്കാസ് പൊഡോൾസ്‌കി മികച്ച യുവ താരമായി. സൗഹൃദത്തിന്റെ സമയം എന്ന മുദ്രാവാക്യത്തിലൂടെ ജർമൻകാരും ലോകമെങ്ങുമുള്ള ഫുട്‌ബോൾ പ്രേമികളുടെ സ്‌നേഹം പിടിച്ചുപറ്റി. റൊണാൾഡൊ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായതാണ് ബ്രസീലിന്റെ ആശ്വാസം.തന്റെ അവസാന ടൂർണമെന്റിൽ ഫോമിന്റെ ഔന്നത്യങ്ങളിലേക്കുയർന്ന സിദാനായിരുന്നു ഫൈനൽ വരെ താരം. സ്‌പെയിനിനെയും ബ്രസീലിനെയും ഫ്രാൻസ് തോൽപിച്ചു. ഫ്രാൻസ് ചാമ്പ്യന്മാരായ 1998 ലെ ഫൈനലിൽ രണ്ടു ഗോളടിച്ച സിദാൻ ഇറ്റലിക്കെതിരായ ഫൈനലിലും സ്‌കോർ ചെയ്തു. എന്നാൽ ഏറ്റവും ആകർഷകമായ കളി പോർചുഗലിന്റേതായിരുന്നു. 2002 ൽ ബ്രസീലിന് കിരീടം നേടിക്കൊടുത്ത കോച്ച് ലൂയിസ് ഫെലിപ്പെ സ്‌കൊളാരിയുടെയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെയും കരുത്തിൽ അവർ 1966 നു ശേഷം ആദ്യമായി സെമി കണ്ടു. ആദ്യ റൗണ്ട് അർജന്റീനയുടേതായിരുന്നു. 24 ചന്തമുള്ള പാസുകൾക്കു ശേഷം സെർബിയ മോണ്ടിനെഗ്രോക്കെതിരെ എസ്തബാൻ കാംബിയാസൊ നേടിയ ഗോൾ അവിസ്മരണീയമായി. 6-0 നാണ് അർജന്റീന ജയിച്ചത്. മെക്‌സിക്കോക്കെതിരെ മാക്‌സി റോഡ്രിഗസും അർജന്റീനക്ക് അമ്പരപ്പിക്കുന്ന ഗോൾ സമ്മാനിച്ചു.



ആതിഥേയർ: ജർമനി, ചാമ്പ്യന്മാർ: ഇറ്റലി
ടീമുകൾ: 32, മത്സരങ്ങൾ: 64
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 198

ടോപ്‌സ്‌കോറർ: മിറോസ്ലാവ് ക്ലോസെ (ജർമനി, 5)
പ്രധാന അസാന്നിധ്യം: കാമറൂൺ, നൈജീരിയ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: അംഗോള, ഐവറികോസ്റ്റ്, ഘാന, ടോഗൊ, ട്രിനിഡാഡ് ആന്റ് ടൊബേഗൊ

ആകെ ഗോൾ 147 (ശരാശരി 2.30), കൂടുതൽ ഗോളടിച്ച ടീം: ജർമനി (14)
മത്സരക്രമം: നാലു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിൽ.  



ഓഷ്യാന ഉൾപ്പെടെ ആറ് ഫിഫ മേഖലകളിൽ നിന്നും 2006 ൽ ടീമുകളുണ്ടായിരുന്നു ആഫ്രിക്കയിൽനിന്ന് ആദ്യമായി എത്തിയ മൂന്നു ടീമുകളും അരങ്ങേറ്റം ഉജ്വലമാക്കി. ഐവറികോസ്റ്റ് കരുത്തരായ അർജന്റീനക്കും നെതർലാന്റ്‌സിനും വെല്ലുവിളിയുയർത്തി. അംഗോള വമ്പന്മാരായ മെക്‌സിക്കോയെയും ഇറാനെയും പിടിച്ചുകെട്ടി. ചെക് റിപ്പബ്ലിക്കിനെയും അമേരിക്കയെയും അട്ടിമറിച്ച് ഘാന പ്രി ക്വാർട്ടറിലെത്തി. ബ്രസീലിനോട് തോറ്റാണ് അവർ പുറത്തായത്. ജപ്പാനെതിരെ അവസാന പത്തു മിനിറ്റിൽ മൂന്നു ഗോളടിച്ച് ഓസ്‌ട്രേലിയ ജയിച്ചതും ശ്രദ്ധേയമായി. രണ്ട് റൗണ്ടുകളിലും ഒരു ഗോൾ പോലും വഴങ്ങാതിരുന്നിട്ടും സ്വിറ്റ്‌സർലന്റ് പുറത്തായി. നാലു കളികളിൽ ഗോൾ വഴങ്ങാതിരുന്ന അവർ പ്രി ക്വാർട്ടറിൽ ഉക്രൈനോട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു.. 
നിരാശപ്പെടുത്തിയത് ബ്രസീലും ഇംഗ്ലണ്ടുമായിരുന്നു. പ്രി ക്വാർട്ടറിൽ ഇരു ടീമുകളും പുറത്തായി. 2002 ലെ മിന്നുന്ന വിജയങ്ങൾക്കു ശേഷം ഏഷ്യൻ ടീമുകളും മങ്ങി. ക്രൊയേഷ്യക്കെതിരായ കളിയിൽ ഓസ്‌ട്രേലിയയുടെ ജോസിപ് സിമുനിച്ചിന് റഫറി ഗ്രഹാം പോൾ മൂന്നു തവണ മഞ്ഞക്കാർഡ് കാണിച്ചത് വിവാദമായി. രണ്ടാം മഞ്ഞക്കാർഡോടെ സിമുനിച് പുറത്താവേണ്ടതായിരുന്നു. മൂന്നാമത്തേതും ലഭിച്ച ശേഷമാണ് സിമുനിച്ചിന് റഫറി മാർച്ചിംഗ് ഓർഡർ നൽകിയത്. 


യോഗ്യതാ ഘട്ടത്തിൽ ഏഷ്യയിലെ അവസാന റൗണ്ടിൽ ഉസ്‌ബെക്കിസ്ഥാൻ-ബഹ്‌റൈൻ മത്സരം വീണ്ടും നടത്താൻ ഫിഫ ഉത്തരവിട്ടു. ബഹ്‌റൈന് ലഭിച്ച പെനാൽട്ടി റഫറിയുടെ പിഴവാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. റെക്കോർഡായ 326 മഞ്ഞക്കാർഡുകളും 28 ചുവപ്പ് കാർഡുകളും റഫറിമാർ പുറത്തെടുത്തു. റഷ്യൻ റഫറി വാലന്റിൻ ഇവാനോവ് പോർചുഗൽ-നെതർലാന്റ്‌സ് മത്സരത്തിൽ 16 മഞ്ഞക്കാർഡും നാല് ചുവപ്പ് കാർഡും കാണിച്ചു. എങ്കിലും കോഴ ആരോപണത്തിന്റെ കരിനിഴലിൽ ലോകകപ്പ് വേദി ദക്ഷിണാഫ്രിക്കയിൽനിന്ന് തട്ടിയെടുത്ത ജർമനി ഒന്നാന്തരമായി ടൂർണമെന്റ് സംഘടിപ്പിച്ച് ലോകത്തെ കൈയിലെടുത്തു. 


 

Latest News