Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കളഞ്ഞു പോയ കപ്പ്, ഉരുകിത്തീർന്ന കപ്പ്

താനും പിക്ക്ൾസും എങ്ങനെയാണ് ലോകകപ്പ് കണ്ടെത്തിയതെന്ന് കോർബറ്റ് 2013 ൽ പുനരാവിഷ്‌കരിക്കുന്നു.
പിക്ക്ൾസിനെ സംസ്‌കരിച്ച സ്ഥലത്തിനു മുന്നിൽ കോർബറ്റ്.

ലോകമെങ്ങുമുള്ള ആയിരക്കണക്കിന് ഫുട്‌ബോൾ താരങ്ങൾ അവരുടെ ജീവിതം അർപ്പിക്കുന്നത് ഈ കപ്പിലൊന്ന് സ്പർശിക്കാനാണ്. ഈ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ലോകത്തെ ഏറ്റവും ജനപ്രിയമായ കായിക മാമാങ്കം. പക്ഷെ ചിലപ്പോഴെങ്കിലും ഫുട്‌ബോൾ അധികാരികൾ ഈ സ്വപ്നകിരീടം അലക്ഷ്യമായി കൈകാര്യം ചെയ്തിട്ടുണ്ട്. ലോകകപ്പ് ഒരിക്കലല്ല, രണ്ടു തവണ കളവ് പോയിട്ടുണ്ട്. ആദ്യ തവണ തിരിച്ചുകിട്ടി. രണ്ടാം തവണ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. രണ്ടാം ലോക യുദ്ധം കൊടുമ്പിരിക്കൊണ്ട കാലത്ത് ലോക കിരീടം സൂക്ഷിക്കുക വലിയ വെല്ലുവിളിയായിരുന്നു. ലോക യുദ്ധം കാരണം 12 വർഷത്തോളം ലോകകപ്പ് നടന്നില്ല. യുദ്ധത്തിനിടെ ലോകകപ്പ് എതിർ സൈന്യത്തിന്റെ കൈയിലെത്താതിരിക്കാൻ ഫിഫയുടെ ഇറ്റലിക്കാരനായ വൈസ് പ്രസിഡന്റ് ഡോ. ഒറ്റോറിനൊ ബരാസി തന്റെ കിടക്കക്കടിയിൽ ഷൂ ബോക്‌സിൽ അത് ഒളിച്ചുവെച്ചു.
കപ്പ് ആദ്യം മോഷണം പോയപ്പോൾ തിരിച്ചുകിട്ടിയതിന് ഒരു പട്ടിക്കുട്ടിയോട് നന്ദി പറയണം. ലോകകപ്പിന്റെ അവിസ്മരണീയമായ ഏടുകളിലേക്ക് ഒരു പട്ടിക്കുട്ടി കടന്നുകയറിയത് 1966 ലാണ്. ഇംഗ്ലണ്ടിൽ നടന്ന ഒരേയൊരു ലോകകപ്പിന് പന്തുരുളുന്നതിന് നാലു മാസം മുമ്പായിരുന്നു ആ സംഭവം. പിക്ക്ൾസ് എന്ന ആ പട്ടി ലോകകപ്പ് ചരിത്രത്തിലെ കൗതുകമുള്ള അധ്യായമാണ്. 
ലോകകപ്പിന് പന്തുരുളാൻ കാത്തുനിൽക്കുമ്പോഴാണ് അതു സംഭവിച്ചത്, കൃത്യം പറഞ്ഞാൽ 1966 മാർച്ച് 20 ഞായറാഴ്ച. കപ്പ് കളവ് പോയി. ഇംഗ്ലണ്ടിൽ മാത്രമല്ല, ലോകമെങ്ങും പരിഭ്രാന്തി പരന്നു. ഒരു കപ്പ് സൂക്ഷിക്കാൻ കഴിയാത്ത നിങ്ങളെ എന്തിന് കൊള്ളാമെന്ന് ബ്രസീൽ ഫെഡറേഷനിലെ അബ്രയ്ൻ ടെബെറ്റ് രൂക്ഷമായ ഭാഷയിൽ ഇംഗ്ലണ്ട് അസോസിയേഷനെ ശകാരിച്ചു. ബ്രസീലിലെ കള്ളന്മാർ പോലും ഫുട്‌ബോൾ പ്രേമികളാണെന്നും അവർ ലോകകപ്പ് മോഷ്ടിക്കുകയെന്ന ഹീനകൃത്യം ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ബ്രസീലുകാർക്ക് അതിന് അർഹതയുണ്ട്. അവരല്ലേ നിലവിലെ ലോക ചാമ്പ്യന്മാർ? കപ്പിന്റെ നേരവകാശികൾ.
ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ പ്രദേശത്ത് സ്റ്റാമ്പ് പ്രദർശനത്തിൽ ലോകകപ്പ് കാണിച്ച് ആളെ കൂട്ടാനുള്ള അഭ്യർഥന ഫിഫ പ്രസിഡന്റ് സ്റ്റാൻലി റൂസ് അംഗീകരിച്ചത് മൂന്ന് നിബന്ധനകളോടെയാണ്. കണ്ണാടിക്കൂട്ടിൽ ഭദ്രമായി സൂക്ഷിക്കണം, 24 മണിക്കൂറും കാവൽ വേണം, 30,000 പൗണ്ടിന് ഇൻഷുർ ചെയ്തിരിക്കണം. എല്ലാം അംഗീകരിച്ചു. 
പക്ഷെ ഞായറാഴ്ച രാവിലെ 11 നും 12 നുമിടയിൽ കവർച്ചക്കാർ പിൻവാതിലിലൂടെ കയറി ഒരു തെളിവും അവശേഷിപ്പിക്കാതെ ലോകകപ്പുമായി കടന്നു കളയുമ്പോൾ കാവൽക്കാരൻ ആ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന കുർബാനയിൽ പങ്കെടുക്കുകയായിരുന്നു. ലണ്ടൻ മെട്രോപോളിസ് പോലീസിന്റെ മൂക്കിനു മുമ്പിലായിരുന്നു ലോകത്തെ ഞെട്ടിച്ച മോഷണം.
ആശങ്കയുടെ അലകൾ ലോകമെങ്ങും പ്രസരിച്ചു. ലണ്ടൻ പോലീസ് പലരെയും ചോദ്യം ചെയ്തു. അവർ പുറത്തുവിട്ട തെളിവുമായി യോജിക്കുന്നവർ പലയിടത്തും കൈകാര്യം ചെയ്യപ്പെട്ടു. അവസാനം ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ മേധാവിക്ക് ഒരു ഫോൺ കോൾ കിട്ടി, 15,000 പൗണ്ടുമായി വന്നാൽ ട്രോഫി തരാം. അസോസിയേഷൻ പ്രതിനിധികളെന്ന വ്യാജേന ഡിറ്റക്ടീവുകൾ പറഞ്ഞ സ്ഥലത്തെത്തി. എഡ്വേഡ് ബെച്‌ലി എന്ന ആളെ അവർ കണ്ടു. പെട്ടിയിൽ കടലാസ് കെട്ടുകളായിരുന്നു. സൗത്ത് ലണ്ടനിലൂടെ ഡിറ്റക്ടിവുമൊത്ത് യാത്ര ചെയ്യവെ പിന്നിലൊരു പോലീസ് വാഹനം ബിചെലിയുടെ ശ്രദ്ധയിൽ പെട്ടു. ഉടനെ അയാൾ ഇറങ്ങിയോടി. പോലീസ് ഓടിച്ച് പിടിച്ചു. 


പക്ഷെ കളവിന്റെ ചുരുളഴിഞ്ഞില്ല. താനൊരു പാവം ഇടനിലക്കാരനാണെന്നായിരുന്നു ചോദ്യം ചെയ്യലിൽ ബെച്‌ലിയുടെ വാദം. അതിന് അയാൾക്ക് പിന്നീട് രണ്ടു വർഷം തടവും കിട്ടി. ശിക്ഷ എന്തായാലും, ഇംഗ്ലണ്ട് ജയിച്ചു കണ്ടാൽ മതിയെന്നാണ് ബെച്‌ലി കോടതിയിൽ പറഞ്ഞത്. യഥാർഥ മോഷ്ടാവ് തിരശ്ശീലക്കു പിന്നിൽ തന്നെ നിന്നു. ഇംഗ്ലണ്ട് മുൾമുനയിലും. 
ഒരാഴ്ച കഴിഞ്ഞിട്ടും കപ്പിനെക്കുറിച്ച് ഒരു വിവരവുമില്ല. ഡിറ്റ്ക്ടിവുകൾ പരാജയപ്പെട്ടിടത്ത് ഡേവിഡ് കോർബറ്റ് എന്നായാളും അയാളുടെ പട്ടി പിക്ക്ൾസും രംഗപ്രവേശം ചെയ്യുന്നത് അപ്പോഴാണ്. അനിയന്റെ ഭാര്യ പ്രസവിച്ചോ എന്ന് ഫോൺ വിളിച്ചറിയാൻ പട്ടിയുമായി പുറത്തിറങ്ങിയതായിരുന്നു കോർബറ്റ്. വഴിയരികിലെ കുറ്റിച്ചെടികൾക്കു സമീപത്തു നിന്ന് നീങ്ങാൻ പട്ടിക്ക് എന്തോ ഒരു മടി, അവൻ അവിടെ കുരച്ചു കുരച്ച് നിന്നു. കോർബറ്റ് തിരിച്ചുപോയി നോക്കിയപ്പോൾ ഒരു കടലാസ് പൊതിയിൽ എന്തോ ഭാരമുള്ള വസ്തു. ബോംബാണെന്ന് കരുതി എറിഞ്ഞു കളഞ്ഞപ്പോഴാണ് അടിവശത്ത് എന്തൊക്കെയോ എഴുത്തുകൾ ശ്രദ്ധയിൽ പെട്ടത്, ഉറുഗ്വായ്, ബ്രസീൽ എന്നൊക്കെ. പെട്ടെന്ന് മനസ്സിലൊരു ലഡു പൊട്ടി. ഇത് ലോകകപ്പ് തന്നെ. പക്ഷെ കണ്ടിട്ട് ലോകകപ്പിന്റെ ലുക്കില്ല. കോർബറ്റ് വീട്ടിൽ കൊണ്ടുപോയപ്പോൾ ഭാര്യയും പറഞ്ഞു, ഏയ് ഇങ്ങനെയോ ലോകകപ്പ്? ലോക്കൽ പോലീസുകാർക്കും വിശ്വാസം വന്നില്ല. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ മാറി. കോർബറ്റ് പ്രതിയായി. മണിക്കൂറുകൾ ചോദ്യം ചെയ്യപ്പെട്ട ശേഷമാണ് കോർബറ്റിന്റെ സത്യസന്ധത പോലീസിന് ബോധ്യപ്പെട്ടത്. ആഴ്ചകൾക്കു ശേഷമാണ് സംശയദൃഷ്ടിയിൽ നിന്ന് പൂർണമായും അയാളെ പോലീസ് ഒഴിവാക്കിയത്.
അതോടെ പിക്ക്ൾസായി ഹീറോ. കോർബറ്റിനും പിക്ക്ൾസിനും സമ്മാനപ്പെരുമയായി. ഇംഗ്ലണ്ടിന്റെ മാനം കാത്ത അവർക്ക് അവാർഡ് പ്രഖ്യാപിക്കാൻ മത്സരമായി. അത്തവണ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് കളിക്കാർക്ക് ലഭിച്ചതിനെക്കാൾ എത്രയോ ഇരട്ടി തുക കോർബറ്റിന് ലഭിച്ചുവെന്നാണ് കണക്ക്.
എങ്കിലും ഓരോ ലോകകപ്പ് വരുമ്പോഴും ഓർമിക്കപ്പെടുന്നത് കോർബറ്റല്ല, പിക്ക്ൾസ് എന്ന പട്ടിയാണ്. കോർബറ്റിന്റെ പേര് ക്രമേണ എല്ലാവരും മറന്നു. പിക്ക്ൾസ് സിനിമകളിൽ പോലും പ്രത്യക്ഷപ്പെട്ടു. ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയാഹ്ലാദ ചടങ്ങിൽ ക്ഷണിക്കപ്പെട്ടു (ചടങ്ങിലേക്കുള്ള വഴിയിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ മൂത്രമൊഴിക്കുകയും ചെയ്തു). 
കപ്പ് കണ്ടെത്തിയതിൽ ഏറ്റവും ആശ്വാസം ബ്രസീൽ ഫെഡറേഷനായിരുന്നു. നാലു വർഷത്തിനു ശേഷം ബ്രസീൽ ചാമ്പ്യന്മാരായതോടെ യൂൾറിമെ കപ്പ് എന്നറിയപ്പെട്ടിരുന്ന ആ ട്രോഫി ബ്രസീൽ എന്നെന്നേക്കുമായി സ്വന്തമാക്കി. പക്ഷെ ഇംഗ്ലണ്ടിനെ ശകാരിച്ച ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ മേധാവിയുടെ വാക്കുകൾ അറം പറ്റി. 
യൂൾറിമെ കപ്പ് ബ്രസീൽ ഫെഡറേഷന്റെ ആസ്ഥാനത്തുനിന്ന് 1983 ൽ കളവ് പോയി. പൊടി പോലും കിട്ടിയില്ല. ആരോ ഉരുക്കി വിറ്റുവെന്നാണ് സംശയം. വർഷങ്ങൾക്കു ശേഷം ട്രോഫിയുടെ അടിഭാഗം കണ്ടെടുത്തു. അത് ഫിഫ ആസ്ഥാനത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പിക്ക്ൾസിന്റെ മരണവും അത്ര ധീരമായിരുന്നില്ല, 1967 ൽ ഒരു കൊടിഞ്ഞിപ്പൂച്ചയുടെ പിറകെ പായവെ കഴുത്തിലെ ചെയിൻ മരത്തിൽ കുടുങ്ങിയതു കാരണം ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

 

Latest News